Monday, December 23, 2024
HomeAmericaഖലിസ്ഥാൻ ഭീകരന് കനേഡിയൻ കോടതി ജാമ്യം അനുവദിച്ചു: പ്രതി ഇന്ത്യ ശിക്ഷിക്കാൻ ആവശ്യപ്പെട്ടയാൾ

ഖലിസ്ഥാൻ ഭീകരന് കനേഡിയൻ കോടതി ജാമ്യം അനുവദിച്ചു: പ്രതി ഇന്ത്യ ശിക്ഷിക്കാൻ ആവശ്യപ്പെട്ടയാൾ

ഒട്ടാവ : നിരോധിത സംഘടനയായ ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സിന്‍റെ തലവൻ അർഷ് ദല്ല എന്ന അർഷ്ദീപ് സിങ് ഗില്ലിന് കനേഡിയൻ കോടതി ജാമ്യം അനുവദിച്ചു. 30,000 ഡോളർ കെട്ടിവയ്ക്കണമെന്ന ഖലിസ്ഥാൻ വിഘടനവാദിയായ പ്രതിക്ക് ജാമ്യം ലഭിച്ചത്. കേസിൽ 2025 ഫെബ്രുവരി 24ന്  അടുത്ത വാദം കേൾക്കും.

ഒക്ടോബറിൽ കാനഡയിലെ ഹാൾട്ടണിൽ വച്ചാണ് ദല്ല പിടിയിലായത്. കാനഡയിലുണ്ടായ വെടിവയ്പുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. അന്നുമുതൽ ഇയാളെ കാനഡയിൽ നിന്ന് തിരികെ എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു ഇന്ത്യ. ഈ നീക്കം അവഗണിച്ചാണ് ദല്ലയ്ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.  ജാമ്യം ലഭിച്ചെങ്കിലും കനേഡിയൻ അധികൃതരുമായി ഇന്ത്യ ഈ വിഷയത്തിൽ തുടർനടപടികൾക്ക് ശ്രമിക്കുമെന്നാണ് വിവരം.

കഴിഞ്ഞ മാസം, കാനഡയിലെ ഒന്‍റാറിയോയിലെ‌ കോടതിയിൽ കൈമാറൽ അഭ്യർഥന ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും കഴിഞ്ഞ വർഷം നൽകിയ സാമ്പത്തിക വിശദാംശങ്ങൾ പരിശോധിക്കാൻ പ്രത്യേക അപേക്ഷകൾ അയച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കൊലപാതകം, കൊലപാതകശ്രമം, കൊള്ളയടിക്കൽ, ഭീകരവാദത്തിന് ധനസഹായം നൽകൽ ഉൾപ്പെടെയുള്ള 50-ലധികം കേസുകളിൽ ദല്ലയെ ‘പ്രഖ്യാപിത കുറ്റവാളി’ യിട്ടാണ് ഇന്ത്യ മുദ്രകുത്തിയിരുന്നത്. 

കഴിഞ്ഞ വർഷം ജനുവരിയിൽ ഇയാളെ തീവ്രവാദിയായി പ്രഖ്യാപിച്ചു. നാഷനൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി സമർപ്പിച്ച ഒന്നിലധികം കേസുകളിൽ പ്രതിയാണ് ദല്ല. ഇയാൾക്ക് പാകിസ്ഥാന്‍റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുമായി നേരിട്ട് ബന്ധമുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. 2023 ജൂണിൽ ഹർദീപ് നിജ്ജാർ വെടിയേറ്റ് മരിച്ചതിന് ശേഷം ദല്ല ഖലിസ്ഥാനി വിഘടനവാദി സംഘടനയുടെ നിയന്ത്രണം ഏറ്റെടുത്തതായിട്ടാണ് ഇന്ത്യയുടെ നിഗമനം.

പഞ്ചാബിലെ മോഗയിലെ ദാല ഗ്രാമത്തിൽ നിന്നുള്ള  പ്രാദേശിക ഗുണ്ടാസംഘത്തിലെ അംഗമായിരുന്ന ദല്ല, കഴിഞ്ഞ വർഷം നിജ്ജാറിന്‍റെ കൊലപാതകത്തെത്തുടർന്ന് കെടിഎഫിന്‍റെ നിയന്ത്രണം ഏറ്റെടുത്തു. ഇതോടെ ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലും ഇടംപിടിച്ചു . പഠന വീസയിൽ 2020-ൽ കാനഡയിലേക്ക് മാറുന്നതിന് മുൻപ് പ്രാദേശിക ഗുണ്ടാസംഘത്തിലെ അംഗമായി ക്രിമിനൽ ജീവിതം ആരംഭിച്ചു. ഗുണ്ടാസംഘത്തിലെ സുഖ ലുമ്മയുമായുള്ള തർക്കത്തെ തുടർന്നാണ് ഇയാൾ പഞ്ചാബിലേക്ക് മടങ്ങിയത്. പിന്നീട് കൂട്ടാളികളോടൊപ്പം ലുമ്മയെ കൊലപ്പെടുത്തി വീണ്ടും കാനഡയിലേക്ക് പലായനം ചെയ്തു. നാഷനൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻഐഎ) പറയുന്നതനുസരിച്ച്, ദല്ല ഇപ്പോൾ കുടുംബത്തോടൊപ്പം ബ്രിട്ടിഷ് കൊളംബിയയിലെ സറേയിലാണ് താമസിക്കുന്നത്.

ദല്ല തന്‍റെ തീവ്രവാദ ശൃംഖല വിപുലീകരിക്കുന്നതിനായി പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള യുവാക്കളെ സോഷ്യൽ മീഡിയ വഴി റിക്രൂട്ട് ചെയ്തതായിട്ടും റിപ്പോർട്ടുകളുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments