തിരുവനന്തപുരം : വിവാദങ്ങൾക്കിടെ അവധി അപേക്ഷ പിൻവലിച്ച് എഡിജിപി എം.ആർ. അജിത് കുമാർ. അവധി വേണ്ടെന്ന് അജിത് കുമാർ സർക്കാരിനു കത്ത് നൽകി. ശനിയാഴ്ച മുതൽ 4 ദിവസത്തേക്കായിരുന്നു അവധി അപേക്ഷിച്ചിരുന്നത്. അവധി കഴിഞ്ഞാൽ അജിത് കുമാറിനെ സ്ഥാനത്ത് നിന്നു മാറ്റുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.
നിർണായക എൽഡിഎഫ് യോഗം ഇന്ന് വൈകുന്നേരം നടക്കാനിരിക്കെയാണ് അജിത് കുമാർ അവധി പിൻവലിച്ച് കത്ത് നൽകിയിരിക്കുന്നത്. ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച അടക്കം എഡിജിപി എം.ആര്‍. അജിത്കുമാറിനെതിരെ ഉയർന്ന ആരോപണങ്ങളിൽ ഘടകക്ഷികൾക്ക് കടുത്ത അതൃപ്തിയുണ്ട്.
അജിത് കുമാറിനെ മാറ്റണമെന്ന നിലപാടിലാണ് സിപിഐയും ആര്‍ജെഡിയും. മലപ്പുറത്ത് അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ കണക്കിലെടുത്ത് ജില്ലയിലെ എസ്പിയേയും ഡിവൈഎസ്പിമാരെയും സ്ഥലം മാറ്റിയിരുന്നു. ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളില്‍ പരിശോധനക്ക് ശേഷം സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി യോഗത്തെ അറിയിച്ചേക്കും.
അജിത് കുമാറിനോട് മുഖ്യമന്ത്രി മൃദുസമീപനം തുടരുന്നതില്‍ സിപിഎം നേതൃത്വത്തില്‍ തന്നെ വിയോജിപ്പുകളുണ്ട്. ഇ.പി. ജയരാജനെ കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റുകയും ടി.പി. രാമകൃഷ്ണനെ ഇടതുമുന്നണി കൺവീനറാക്കുകയും ചെയ്ത ശേഷമുള്ള അദ്യ യോഗമെന്ന പ്രത്യേകതയും ഇന്നത്തെ മുന്നണി യോഗത്തിനുണ്ട്.