ഇംഫാല്‍: ആക്രമണം രൂക്ഷമായ മണിപ്പൂരിൽ ജാഗ്രത തുടരുന്നു. സംഘർഷ സാധ്യത കൂടിയ സ്ഥലങ്ങളിൽ കർഫ്യൂ തുടരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ടുദിവസം കൂടി അവധി പ്രഖ്യാപിച്ചു.
ഇംഫാല്‍ മേഖലയിലാണ് സംഘർഷം വ്യാപിക്കുന്നത്. വിദ്യാർഥി പ്രക്ഷോഭത്തിന് പിന്നാലെ നൂറുകണക്കിന് സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘമാണ് സുരക്ഷാസേനയെ ആക്രമിക്കുന്നത്. പ്രതിഷേധം വ്യാപിച്ച പശ്ചാത്തലത്തിൽ മേഖലയിൽ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ഡിജിപിയെ നീക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ അടുത്ത അഞ്ചു ദിവസത്തേക്ക് മണിപ്പൂരിൽ ഇന്‍റര്‍നെറ്റ് നിരോധനം ഏർപ്പെടുത്തി.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധി രണ്ട് ദിവസം കൂടി നീട്ടി. ഒരാഴ്ചയ്ക്കിടെ മണിപ്പൂരിൽ വിവിധയിടങ്ങൾ ഉണ്ടായ ആക്രമങ്ങളിൽ 15 പേരോളം കൊല്ലപ്പെട്ടിട്ടുണ്ട്. അക്രമ സംഭവങ്ങളിൽ മണിപ്പൂർ ഗവർണർ ആശങ്ക രേഖപ്പെടുത്തി. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ രാജ്ഭവന് സുരക്ഷ വർധിപ്പിച്ചു. ജിരിബാം,ബിഷ്ണുപൂർ, ഇൻഫാൽ വെസ്റ്റ് മേഖലകളിൽ ഏതുസമയവും അക്രമണങ്ങൾ ഉണ്ടാകാനുള്ള സാധ്യത നിലനിൽക്കുകയാണ്.