ഡൊണാൾഡ് ട്രംപിൻ്റെ ക്യാബിനറ്റ് നോമിനികൾക്ക് വരെ ബോംബ് ഭീഷണി. അദ്ദേഹത്തിൻ്റെ ക്യാബിനറ്റ് ടീമിലെ പലർക്കും വൈറ്റ് ഹൗസ് ടീമിനായി തിരഞ്ഞെടുക്കപ്പെട്ടവർക്കും ഭീഷണി സന്ദേശങ്ങൾ ലഭിച്ചതായി എഫ്ബിഐ സ്ഥിരീകരിച്ചു.നിയുക്ത പ്രതിരോധം, കൃഷി, തൊഴിൽ വകുപ്പ് സെക്രട്ടറിമാർക്കും ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസഡർ നോമിനിക്കും നേരെ ഭീഷണി ഉയർന്നിട്ടുണ്ട്. കൊമേഴ്സ് സെക്രട്ടറി നോമിനി ഹവാർഡ് ലട്നിക് , അറ്റോർണി ജനറൽ സ്ഥാനത്തുനിന്ന് പിന്മാറിയ മാറ്റ് ഗെയ്റ്റ്സ് എന്നിവർക്കും ഭീഷണി ലഭിച്ചിട്ടുണ്ട്. പകരം വന്ന പാം ബോണ്ടിക്കും സൂസി വൈൽസ്, ജോൺ റാറ്റ്ക്ലിഫ് എന്നിവർക്കും ഭീഷണി സന്ദേശം ലഭിച്ചു.ഇവർക്കാർക്കും രഹസ്യാന്വേഷണ സേനയുടെ സുരക്ഷ ഇപ്പോൾ ഇല്ല.ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പുലർച്ചെയുമാണ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്. പൊലീസ് അന്വേഷണം ഊർജിതമാക്കി. എന്നാൽ ആർക്കൊക്കെ ഭീഷണി സന്ദേശം വന്നിട്ടുണ്ട് എന്ന് എഫ്ബിഐ വ്യക്തമാക്കിയിട്ടില്ല.ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസഡറായി ട്രംപ് പ്രഖ്യാപിച്ച ന്യൂയോർക്ക് റിപ്പബ്ലിക്കൻ എലീസ് സ്റ്റെഫാനിക്കാണ് തൻ്റെ വീടിനു നേരെ ബോംബ് ഭീഷണി ലഭിച്ചെന്ന വിവരം ആദ്യം പുറത്തു പറഞ്ഞത്.താങ്ക്സ് ഗിവിങ് ഡേ പ്രമാണിച്ച്, വാഷിംഗ്ടൺ ഡിസിയിൽ നിന്ന് ന്യൂയോർക്കിലേക്ക് ഭർത്താവിനും മൂന്ന് വയസ്സുള്ള മകനുമൊത്ത് കാറിൽ പോകുമ്പോഴായിരുന്നു സ്റ്റെഫാനിക്കിന് വിവരം ലഭിച്ചത്.തൻ്റെ വീടിമെയും ലക്ഷ്യമിട്ടതായി നിയുക്ത പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും എക്സിൽ വ്യക്തമാക്കി .