ശതകോടീശ്വരന്മാർ തമ്മിലുള്ള മത്സരം ഇനി മുതൽ ബഹിരാകാശത്തേക്കും കൂടി നടക്കാൻ പോകുന്നു . ഇലോൺ മസ്‌കിന്റെ ബഹിരാകാശ ദൗത്യമായ ഫാൽക്കൺ 9 ന് മറുപടിയുമായി ജെഫ് ബസോസിന്റെ ന്യൂ ഗ്ലെൻ റോക്കറ്റ്. 322 അടി ഉയരത്തിലാണ് പുതിയ റോക്കറ്റ് ഒരുങ്ങുന്നത്. 25 ദൗത്യങ്ങൾ വരെ പുനരുപയോഗിക്കാവുന്ന തരത്തിലാണ് ന്യൂഗ്ലെൻ ഒരുങ്ങുന്നത്.ജെഫ് ബെസോസിന്റെ നേതൃത്വത്തിലുള്ള ബ്ലൂ ഒറിജിനാണ് പുതിയ ബഹിരാകാശ റോക്കറ്റ് നിർമിച്ചിരിക്കുന്നത്. റോക്കറ്റിന്റെ കന്നി പരീക്ഷണം ഉടൻ നടന്നേക്കും. ഭൂമിയെ പരിക്രമണം ചെയ്യുന്ന ആദ്യത്തെ അമേരിക്കക്കാരനായ ജോൺ ഗ്ലെന്റെ പേരിലാണ് ന്യൂ ഗ്ലെൻ ഒരുങ്ങുന്നത്.രണ്ട് ഘട്ടങ്ങളുള്ള ഹെവി-ലിഫ്റ്റ് ഓർബിറ്റൽ ലോഞ്ച് വെഹിക്കിളാണ് ന്യൂ ഗ്ലെൻ. ക്രൂഡ്, അൺ ക്രൂഡ് പേലോഡുകൾ ഭൗമ ഭ്രമണപഥത്തിലേക്കും അതിന് പുറത്തേക്കും കൊണ്ടുപോകാൻ പുതിയ റോക്കറ്റിന് സാധിക്കും. ഒന്നിലധികം ഉപഗ്രഹങ്ങൾ ഒരേസമയം വഹിക്കാൻ പുതിയ റോക്കറ്റിന് സാധിക്കും. ദ്രവീകൃത പ്രകൃതിവാതകവും (LNG), ദ്രവീകൃത ഓക്‌സിജനും (LOX) പ്രൊപ്പല്ലന്റുകളായി ഉപയോഗിക്കുന്ന ഏഴ് BE-4 എഞ്ചിനുകളാണ് ന്യൂ ഗ്ലെനിന്റെ ആദ്യഘട്ടത്തിൽ ഉപയോഗിക്കുന്നത്.രണ്ടാം ഘട്ടത്തിൽ ദ്രാവക ഹൈഡ്രജനും LOX ഉം നൽകുന്ന രണ്ട് BE-3U എഞ്ചിനുകൾ ഉപയോഗിക്കും. ഇവ ബഹിരാകാശത്തെ പ്രവർത്തനങ്ങൾക്കായിട്ടാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.ഇലോൺ മസ്‌കിന്റെ നേതൃത്വത്തിലുള്ള സ്പേസ് എക്സിന്റെ ഫാൽക്കൺ ക്ലാസ് റോക്കറ്റുകൾക്കുള്ള മറുപടിയായിട്ടാണ് ന്യൂഗ്ലെൻ കണക്കാക്കുന്നത്. ഫാൽക്കൺ ക്ലാസ് റോക്കറ്റുകളും പുനരുപയോഗിക്കാൻ സാധിക്കുന്നവയാണ്