ന്യൂയോര്‍ക്ക് : ആരോഗ്യമേഖലയിലേക്ക് പുതിയ നേതൃനിരയെ പ്രഖ്യാപിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ട്രംപ്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍ജന്‍ മാര്‍ട്ടി മക്കാരിയാണ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ കമ്മീഷണര്‍. ഫ്‌ളോറിഡയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ നേതാവ് ഡേവ് വെല്‍ഡന്‍ സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവിഷന്‍ ഡയറക്ടറും ഡോ. ജാനറ്റ് നെഷെയ്വാട്ട് സര്‍ജന്‍ ജനറലുമാവും.
ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയിലെ ഓങ്കോളജിസ്റ്റായ മക്കാരിയുടെ കടന്നു വരവ് നേരത്തെ തന്നെ എല്ലാവരും പ്രതീക്ഷിച്ചിരുന്നു. ആദ്യ ട്രംപ് ഭരണകൂടവുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്ന വ്യക്തികൂടിയാണ് മക്കാരി. ഈ വര്‍ഷമാദ്യം ആരോഗ്യം, പോഷകാഹാരം എന്നിവയെക്കുറിച്ചുള്ള കോണ്‍ഫറന്‍സില്‍ കെന്നഡിക്കൊപ്പം സജീവ സാന്നിധ്യമായി മക്കാരിയും പങ്കെടുത്തിരുന്നു. ഫോക്‌സ് ന്യൂസിലെ സ്ഥിരം സാന്നിധ്യമായ മക്കാരി ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് ശ്രദ്ധേയമായ നിരവധി ലേഖനങ്ങളും പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. നാഷണല്‍ അക്കാദമി ഓഫ് മെഡിസിന്‍ അംഗവും ഹാര്‍വാര്‍ഡില്‍ നിന്ന് പൊതുജനാരോഗ്യത്തില്‍ ബാരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. കോവിഡ് കാലത്ത് അദ്ദേഹം നടത്തി വന്ന പ്രവര്‍ത്തനങ്ങളും വാദങ്ങളുമൊക്കെ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യുകയുണ്ടായി.
1995 മുതല്‍ 2009 വരെ ജനപ്രതിനിധി സഭയിലെ അംഗവും ഫിസിഷ്യനും ആര്‍മി വെറ്ററനും റിപ്പബ്ലിക്കനുമാണ് വെല്‍ഡണ്‍. ബിയോണ്ട് ദ സ്‌റ്റെതസ്‌കോപ്പ് : മിറക്കിള്‍ ഇന്‍ മെഡിസിന്‍ എന്ന ഗ്രന്ഥത്തിന്റെ രചയിതാവാണ് നെഷെയ്‌വാട്ട്. ന്യൂയോര്‍ക്കിലെയും ന്യൂജേഴ്‌സിയിലേയും അടിയന്തര പരിചരണ കേന്ദ്രങ്ങളുടെ ശ്യംഖലയായ സിടിഎംഡിയിലെ മെഡിക്കല്‍ ഡയറക്ടറുമാണ്.