വാഷിംഗ്‌ടൺ : ഇസ്രയേല്‍ – ലബനന്‍ വെടിനിര്‍ത്തല്‍ ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ലബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിനെ ആക്രമിച്ച് ഇസ്രയേല്‍. 24 പേര്‍ കൊല്ലപ്പെട്ടു.
പ്രദേശിക സമയം പുലര്‍ച്ചെ നാലു മുതലാണ് വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തിലാകുക. അതിനു മുമ്പായി ഹിസ്ബുള്ളയെ കൂടുതല്‍ പ്രതിരോധത്തിലാക്കാന്‍ ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് സൂചന.
വെടിനിര്‍ത്തല്‍ തീരുമാനം പ്രഖ്യാപിച്ച് വൈറ്റ് ഹൗസില്‍നിന്ന് ലോകത്തെ അഭിസംബോധന ചെയ്ത് ബൈഡന്‍ സംസാരിച്ചിരുന്നു. പിന്നാലെയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ബെയ്റൂട്ടിന്റെ തെക്കന്‍ മേഖലയിലുള്ള ആളുകളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ ആവശ്യപ്പെട്ടു.
വെടിനിര്‍ത്തല്‍ തീരുമാനം സന്തോഷകരമായ വാര്‍ത്തയാണെന്ന് ബൈഡന്‍ പറഞ്ഞു. ഗാസയിലെ സംഘര്‍ഷം അവസാനിപ്പിക്കാനും ഈ തീരുമാനം പ്രേരണയാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. മേഖലയിലെ സംഘര്‍ഷത്തിന് ശാശ്വത വിരാമം എന്ന നിലയിലാണ് വെടിനിര്‍ത്തലെന്നും കരാര്‍ ലംഘിച്ചാല്‍ സ്വയരക്ഷയെ കരുതി ശക്തമായി തിരിച്ചടിക്കാന്‍ ഇസ്രയേലിന് അവകാശമുണ്ടെന്നും ബൈഡന്‍ വ്യക്തമാക്കിയിരുന്നു. ഇസ്രയേല്‍ ലബനന്‍ വെടിനിര്‍ത്തല്‍ യാഥാര്‍ഥ്യമാകുന്നതോടെ ഗാസയിലും വെടിനിര്‍ത്തലിന് തന്റെ സര്‍ക്കാര്‍ ശ്രമമാരംഭിക്കുമെന്നും ബൈഡന്‍ അറിയിച്ചു.