ലഖ്‌നൗ: ഗൂഗിള്‍ മാപ്പ് നോക്കി കാറോടിച്ച മൂവര്‍ സംഘം നിര്‍മാണം പൂര്‍ത്തിയാകാത്ത പാലത്തില്‍നിന്ന് വീണ് മരിച്ചു. പുഴയിലേക്ക് വീണ വാഹനം വെള്ളത്തിലേക്ക് മുങ്ങുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്. അപകടത്തില്‍ മരിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്..
ഒരു വിവാഹത്തില്‍ പങ്കെടുക്കാനായി ഗുരുഗ്രാമില്‍നിന്ന് ബറേലിയിലേക്ക് വരികയായിരുന്നു ഇവര്‍. ഗൂഗിള്‍ മാപ്പിനെ ആശ്രയിച്ചായിരുന്നു യാത്ര. അങ്ങനെയാണ് പണിതീരാത്ത ഫ്‌ളൈഓവറിലേക്ക് വാഹനമോടിച്ചെത്തിയത്. കാര്‍ മറിഞ്ഞ് രാംഗംഗ നദിയിലേക്ക് വീഴുകയായിരുന്നു.
പിറ്റേദിവസം പ്രദേശവാസികളാണ് അപകടത്തില്‍പെട്ട കാര്‍ കണ്ടത്. ഉടനെ തന്നെ വിവരം പോലീസിനെ അറിയിക്കുകയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോവുകയും ചെയ്തു. അമിത്, വിവേക് എന്നിവരാണ് മരിച്ചവരില്‍ രണ്ടുപേര്‍. മൂന്നാമത്തെ ആളെ തിരിച്ചറിയാനുള്ള പരിശോധന പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു