പുതുമയുള്ള കാര്യങ്ങളുമായി വന്ന് ആരാധകരെ ഞെട്ടിക്കുന്നതില്‍ ഒരു പുലിതന്നെയാണ് ഇലോണ്‍ മസ്‌ക്. ഏറ്റവും പുതുതായി അയണ്‍ മാന്റെ സ്യൂട്ടിലെത്തിയാണ് മസ്‌ക് സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചിരിക്കുന്നത്. ‘വില്ലന്മാരെ വിരോധാഭാസത്തിലൂടെ നിലംപരിശാക്കും’ എന്നാണ് അയണ്‍മാന്റെ സ്യൂട്ടിലുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് മസ്‌ക് എക്സില്‍ കുറിച്ചിരിക്കുന്നത്. പക്ഷേ, ചിത്രത്തില്‍ അയണ്‍മാന്‍ എന്നല്ല, പകരം ഐറണിമാന്‍ എന്നാണ് കുറിച്ചിരിക്കുന്നത്.
ഹോളിവുഡ് ചിത്രങ്ങളിലൂടെ പ്രശസ്തമായ ദി ജോക്കര്‍ എന്ന കഥാപാത്രത്തെ മുന്‍നിര്‍ത്തി ഐറണി എന്ന സംഗതിയുടെ ശക്തിയെ താന്‍ എങ്ങനെയാണ് ഉപയോഗിക്കാന്‍ പോകുന്നത് എന്നാണ് മസ്‌ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ”ഐറണിയുടെ ശക്തിയിലൂടെ ഞാന്‍ എന്റെ വില്ലന്മാരെയെല്ലാം നിലംപരിശാക്കും. നിങ്ങള്‍ നിങ്ങളെത്തന്നെ ദി ജോക്കര്‍ ആയിട്ടാണോ കണക്കാക്കുന്നത്, ശരി, പിന്നെന്തുകൊണ്ടാണ് നിങ്ങള്‍ക്ക് ഒരു തമാശപോലും പറയാന്‍ കഴിയാത്തത്. എന്തൊരു വിരോധാഭാസമാണ് അല്ലേ..” എന്നാണ് മസ്‌ക് തന്റെ പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.
ഇതിനുപിന്നാലെ മറ്റൊരു പോസ്റ്റും മസ്‌ക് എക്സില്‍ പങ്കുവെച്ചു, ”ജോക്കര്‍, അയണ്‍മാന്‍.. പക്ഷേ, ഈ രണ്ട് കഥാപാത്രങ്ങളില്‍ ഒന്ന് മാര്‍വെലിന്റേതും മറ്റൊന്ന് ഡി.സി.യുടേതുമാണ്. ശ്ശോ, വല്ലാത്തൊരു ഐറണിതന്നെ,” എന്നാണ് മസ്‌ക് എക്സില്‍ കുറിച്ചത്. നവംബര്‍ 24-ന് പുലര്‍ച്ചെയാണ് മസ്‌ക് ഈ രണ്ട് പോസ്റ്റുകളും എക്സില്‍ പങ്കുവെച്ചിരിക്കുന്നത്. യു.എസ്. മീഡിയ ഹൗസായ കോംകാസ്റ്റ് വാങ്ങാന്‍ മസ്‌കിന് പദ്ധതിയുണ്ട് എന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. അതുമായി ബന്ധപ്പെട്ടതാണോ ഈ പുതിയ പോസ്റ്റ് എന്നാണ് സോഷ്യല്‍മീഡിയിയിലെ ചര്‍ച്ചകള്‍.