16 വയസിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് വിലക്കുന്ന ഓസ്‌ട്രേലിയൻ സർക്കാരിന്റെ പുതിയ നിയമത്തിനെതിരെ വിമർശനവുമായി എക്‌സ് പ്ലാറ്റ്‌ഫോം ഉടമ ഇലോൺ മസ്‌ക്. ഓസ്‌ട്രേലിയയുടെ പുതിയ നീക്കം കുട്ടികളുടെ സംരക്ഷണത്തിന് വേണ്ടിയല്ലെന്നും പകരം പൗരന്മാരുടെ ഇന്റർനെറ്റ് സ്വാതന്ത്ര്യം നിയന്ത്രിക്കുന്നതിനുള്ള പിൻവാതിൽ മാർഗമാണെന്നും ഇലോൺ മസ്‌ക് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസ് ബില്ല് കൊണ്ടുവരുന്നതായി പ്രഖ്യാപിച്ചത്. 16 വയസിൽ താഴെയുള്ളവർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നത് തടയണമെന്നും നിയമം ലംഘിക്കുന്ന കമ്പനികൾക്ക് 49.5 ദശലക്ഷം ഓസ്ട്രേലിയൻ ഡോളർ (ഏകദേശം $32 മില്യൺ ഡോളർ) വരെ പിഴ ചുമത്താമെന്നുമാണ് ബില്ലിലെ വ്യവസ്ഥകൾ.
ഓൺലൈൻ അപകടസാധ്യതകളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ടാണ് ഓസ്ട്രേലിയൻ സർക്കാർ പാർലമെന്റിൽ പുതിയ ബിൽ അവതരിപ്പിച്ചത്. 16 വയസ്സിന് താഴെയുള്ള വ്യക്തികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ആക്സസ് ചെയ്യാൻ കഴിയില്ലെന്ന് ഉറപ്പാക്കണമെന്നും ഉപഭോക്താക്കളുടെ പ്രായപരിധി പരിശോധിക്കുന്ന സംവിധാനം നടപ്പിലാക്കണമെന്നുമാണ് നിയമം അനുശാസിക്കുന്നത്.