ലാൻഹാം, മേരിലാൻഡ്: 41 ദിവസത്തെ ശബരിമല അയ്യപ്പ മണ്ഡലകാല വ്രതാനുഷ്ഠാനങ്ങൾക്കും പൂജകൾക്കും ശിവ വിഷ്ണു ക്ഷേത്രത്തിൽ തുടക്കമായി. മണ്ഡലകാല പൂജാ ആഘോഷങ്ങൾ ഡിസംബർ 25 വരെ നീണ്ടുനിൽക്കും. പ്രത്യേക പൂജകൾ, ഭജന എന്നിവ ഈ ദിവസങ്ങളിൽ ഉണ്ടാവും.
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രങ്ങളിലൊന്നായ ശ്രീ ശിവ വിഷ്ണു ക്ഷേത്രം ഗ്രേറ്റർ വാഷിംഗ്ടൺ സമൂഹത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആത്മീയ കേന്ദ്രമാണ്. നിരവധി ഭക്തരാണ് ഓരോ ദിവസവും ക്ഷേത്രം സന്ദർശിക്കുന്നത്.വടക്കേ അമേരിക്കയിലെ ഹിന്ദു സമൂഹത്തിന് ആഴത്തിലുള്ള ആത്മീയ പ്രാധാന്യമുള്ള സ്ഥലമാണ് ശബരിമലയുടെ മാതൃകയിലുള്ള അയ്യപ്പക്ഷേത്രം.
പഞ്ചലോഹ കവചം കൊണ്ട് പൊതിഞ്ഞ 18 പടികൾ ഇവിടുത്തെ സവിശേഷതയാണ്. അയ്യപ്പക്ഷേത്രം ശബരിമല ക്ഷേത്രത്തിന് സമാനമായ രീതിയിലാണ് നിർമിച്ചിരിക്കുന്നത്.
അയ്യപ്പ കുംഭാഭിഷേകം 1995 ജൂലൈ 9 ന് നടന്നിരുന്നു. 2021 ജൂണിലായിരുന്നു പ്രതിഷ്ഠാ മഹോത്സവം. 2021 നവംബർ 4 മുതൽ 14 വരെ നടന്ന സമർപ്പണ ചടങ്ങുകളോടെയാണ് 18 വിശുദ്ധ പടികളിലേക്കുള്ള പഞ്ചലോഹ കവചം സ്ഥാപിക്കൽ പൂർത്തിയായത്.
എല്ലാ അയ്യപ്പഭക്തരും ആഘോഷങ്ങളിൽ പങ്കു ചേരണമെന്നും ക്ഷേത്രത്തിന് ആവശ്യമായ സഹായ സഹകരണങ്ങൾ നൽകണമെന്നും ക്ഷേത്രം ഭാരവാഹികൾ അഭ്യർത്ഥിച്ചു. നാസ ഗൊദാർഡ് സ്‌പേസ് ഫ്ലൈറ്റ് സെൻ്ററിന് സമീപം സ്ഥിതി ചെയ്യുന്ന എസ്എസ്‌വിടിയിൽ ശിവൻ, വിഷ്ണു, ദുർഗ, ഗണപതി എന്നിവരുൾപ്പെടെ വിവിധ ദേവതകളുണ്ട്.