ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി (DOGE) വകുപ്പിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിച്ച് ഇലോൺ മസ്കും വിവേക് രാമസ്വാമിയും. എക്സിലാണ് ടെസ്ല സിഇഒ റിക്രൂട്ട്മെന്റ് പരസ്യം നൽകിയത്. ആഴ്ചയിൽ 80 മണിക്കൂറിലധികം ജോലി ചെയ്യാൻ തയ്യാറുള്ള സൂപ്പർ ഹൈ-ഐക്യു ഉള്ളവരെയാണ് മസ്ക് തേടുന്നത്. പക്ഷെ ചെയ്യുന്ന ജോലിക്ക് ശമ്പളം ഇല്ലെന്ന് മാത്രം. തങ്ങളും ശമ്പളം വാങ്ങുന്നില്ലെന്ന് മസ്ക് വെളിപ്പെടുത്തിയിതിന് പിന്നാലെയാണ് ഇത്തരം ഒരു പരസ്യം.
DOGE ഔദ്യോഗിക എക്സ് അക്കൗണ്ട് ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ 14 ലക്ഷം ഫോളോവേഴ്‌സിനെയാണ് നേടിയത്.”ഡിപ്പാർട്ട്‌മെൻ്റിൽ ചേരാൻ താൽപ്പര്യം പ്രകടിപ്പിച്ച ആയിരക്കണക്കിന് അമേരിക്കക്കാർക്ക് നന്ദി. ഞങ്ങൾക്ക് പാർടൈം ജീവനക്കാരെ ആവശ്യമില്ല.
ചെലവ് ചുരുക്കൽ പദ്ധതികൾ ആഴ്ചയിൽ 80 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യാൻ താൽപര്യമുള്ള സൂപ്പർ ഹൈ-ഐക്യുയുള്ള ചെറുവിപ്ലവകാരികളെ ആവശ്യമുണ്ടെന്നാണ്, റിക്രൂട്ട്മെന്റ് സന്ദേശത്തിൽ പറയുന്നത്. ഷോട്ട്ലിസ്റ്റ് ചെയ്ത ഒരു ശതമാനം അപേക്ഷകരെ വിവേകും മസ്കും വിലയിരുത്തുമെന്നും എക്സിൽ പറയുന്നു. ശമ്പളമില്ലാ ജോലിയെ വിമർശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
ഫെഡറൽ ചെലവുകൾ കുറയ്‌ക്കുക, അമിതമായ നിയന്ത്രണങ്ങൾ ഒഴിവാക്കുക, ഫെഡറൽ ഏജൻസികളെ പുനഃക്രമീകരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ട്രംപ് ഡോഗ് പ്രഖ്യാപിച്ചത്.. 2026 ജൂലൈ 4-നകം ഡോജ് ദൗത്യം പൂർത്തിയാക്കണമെന്നാണ് ട്രംപിന്റെ നിർദ്ദേശം.