ടെല്‍ അവീവ്: ഇറാന്‍ പരമോന്നതനേതാവ് ആയത്തൊള്ള അലി ഖമേനിയും സര്‍ക്കാറും ഇസ്രയേലിനേക്കാള്‍ ഭയപ്പെടുന്നത് സ്വന്തം ജനതയെ ആണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാനിലെ ഭരണകൂട ഭീകരതയില്‍ ജനങ്ങള്‍ അസ്വസ്ഥരാണെന്നും അവരുടെ പ്രതിഷേധങ്ങളില്‍ സര്‍ക്കാര്‍ പേടിച്ചിരിക്കുകയാണെന്നും നെതന്യാഹു പറയുന്നു.
‘നിങ്ങളുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളും തകര്‍ക്കാന്‍ ഇറാന്‍ ധാരാളം പണം ചെലവാക്കുന്നു. നിങ്ങളുടെ സ്വപ്‌നങ്ങള്‍ അണഞ്ഞുപോകാന്‍ അനുവദിക്കരുത്. നിങ്ങള്‍ മന്ത്രിക്കുന്നത് ഞാന്‍ കേള്‍ക്കുന്നു, ”സ്ത്രീകള്‍, ജീവിതം, സ്വാതന്ത്ര്യം” എന്ന്. ഇസ്രയേലും ഈ ലോകവും നിങ്ങള്‍ക്കൊപ്പമുണ്ട്. ഖമേനി സര്‍ക്കാര്‍ ഇസ്രയേലിനേക്കാള്‍ ഭയക്കുന്നത് ജനങ്ങളെയാണ്- നെതന്യാഹു പറഞ്ഞു.
വസ്ത്രസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് ഇറാനിലെ യുവജനങ്ങളും ഭരണകൂടവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ലോകമാകെ ശ്രദ്ധനേടിയിരുന്നു. മതപോലീസിന്റെ കസ്റ്റഡിയില്‍ മഹ്‌സ അമിനി എന്ന 22 കാരി കൊല്ലപ്പെട്ട സംഭവത്തിന് ശേഷമാണ് പ്രക്ഷോഭങ്ങള്‍ ശക്തമായത്. 2022 സെപ്തംബര്‍ മാസത്തിലാണ് ശിരോവസ്ത്രം ധരിക്കാത്ത കുറ്റത്തിന് മഹ്‌സ അമിനിയെ മത പോലീസ് പിടികൂടിയത്. കസ്റ്റഡിയിലിരിക്കെ തലയ്ക്കടിയേറ്റാണ് അമിനി കൊല്ലപ്പെട്ടതെന്നാണ് കുടുംബം ആരോപിച്ചത്.
അമിനിയുടെ മരണത്തെത്തുടര്‍ന്ന് ഇറാനില്‍ ആഭ്യന്തര പ്രക്ഷോഭങ്ങള്‍ അരങ്ങേറി. തെരുവിലിറങ്ങിയ സ്ത്രീകള്‍ ശിരോവസ്ത്രങ്ങള്‍ കീറിയെറിഞ്ഞ് രോഷം പ്രകടിപ്പിച്ചു. മാസങ്ങള്‍നീണ്ട പ്രക്ഷോഭത്തില്‍ സുരക്ഷാസേനയുടെ വെടിയേറ്റ് 551 ലേറെ കൊല്ലപ്പെട്ടത്. 2000 പേരെ അറസ്റ്റുചെയ്തിരുന്നു.