ന്യൂഡല്‍ഹി: അടുത്ത ഒക്ടോബറിലോ അതിനുമുമ്പോ നടക്കാനിരിക്കുന്ന കനേഡിയന്‍ ഫെഡറല്‍ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പതനം പ്രവചിച്ച് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ അദ്ദേഹം തോല്‍ക്കുമെന്നാണ് മസ്‌ക് എക്സില്‍ കുറിച്ചത്.
ട്രൂഡോയെ ഒഴിവാക്കാന്‍ കാനഡയെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് മസ്‌കിനെ ടാഗ്‌ചെയ്ത് എക്‌സില്‍ എത്തിയ ഒരു പോസ്റ്റിനുള്ള മറുപടിയായാണ് ശതകോടീശ്വരന്റെ മാസ് മറുപടി എത്തിയത്.
ഇത് ആദ്യമായല്ല ട്രൂഡോയ്‌ക്കെതിരായി മസ്‌ക് സംസാരിക്കുന്നത്. കാനഡയിലെ ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാരിനെ രാജ്യത്ത് ‘സംസാര സ്വാതന്ത്ര്യം തകര്‍ത്തെന്ന് ചൂണ്ടിക്കാട്ടി മസ്‌ക് നേരത്തെ വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം, കനേഡിയന്‍ സര്‍ക്കാര്‍ ഓണ്‍ലൈന്‍ സ്ട്രീമിംഗ് സേവനങ്ങള്‍ക്ക് ‘റെഗുലേറ്ററി കണ്‍ട്രോളുകള്‍’ക്കായി സര്‍ക്കാരില്‍ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാക്കിയിരുന്നു. മസ്‌ക് അതിനെ ‘ലജ്ജാകരം’ എന്ന് വിളിക്കുകയും ‘ട്രൂഡോ കാനഡയിലെ സംസാര സ്വാതന്ത്ര്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്’ എന്നും പ്രതികരിച്ചിരുന്നു.
2013 മുതല്‍ ലിബറല്‍ പാര്‍ട്ടിയെ നയിക്കുന്ന ജസ്റ്റിന്‍ ട്രൂഡോയെ സംബന്ധിച്ചിടത്തോളം അടുത്ത വര്‍ഷത്തെ തെരഞ്ഞെടുപ്പ് വളരെ നിര്‍ണായകമാണ്. 2025ല്‍ ട്രൂഡോയുടെ പാര്‍ട്ടി, പ്രതിപക്ഷ നേതാവ് പിയറി പൊയിലീവര്‍ നയിക്കുന്ന കണ്‍സര്‍വേറ്റീവ പാര്‍ട്ടിക്കും ജഗ്മീത് സിംഗിന്റെ നേതൃത്വത്തിലുള്ള ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിക്കും എതിരെയാണ് മത്സരിക്കുക.
അതേസമയം, ഇന്ത്യ ഭീകരന്‍ ആയി പ്രഖ്യാപിച്ച ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജര്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചിരുന്നു. ട്രൂഡോയുടെ ആരോപണത്തെ ഇന്ത്യ അപ്പാടെ തള്ളുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുകയും ചെയ്തു.