ന്യൂയോർക്ക്: ഇത്തവണത്തെ അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ശ്രദ്ധയാകർഷിച്ച് സവിശേഷമായ ഒരു പോളിങ്ങ് സ്റ്റേഷൻ. ഇത്തവണ അന്താരാഷ്ട്ര ബഹിരാകാശ നിലയിൽ അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൻ്റെ പോളിങ്ങ് സ്റ്റേഷൻ ഒരുങ്ങിയിരിക്കുകയാണ്. ഭൂമിയിൽ നിന്ന് നൂറുകണക്കിന് മൈലുകൾ ഉയരത്തിൽ നിലയുറപ്പിച്ചിരിക്കുന്ന ബഹിരാകാശ സഞ്ചാരികൾ യുഎസ് തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നു എന്നത് ഏറെ സവിശേഷമായാണ് കണക്കാക്കുന്നത്.
നിലവിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ സ്റ്റാർലൈനർ ബഹിരാകാശയാത്രികരായ ബുച്ച് വിൽമോറും സുനിത വില്യംസും ഉണ്ട്. ഇവർക്കായാണ് ഈ പോളിങ്ങ് സ്റ്റേഷൻ ഒരുങ്ങിയത്. സുരക്ഷ പ്രശ്നങ്ങളെ തുടർന്ന് മടക്കയാത്ര വൈകിയതോടെയാണ് ഇരുവർക്കും ആകസ്മികമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തുടരേണ്ടി വന്നത്. 2025 ഫെബ്രുവരി മാത്രമെ ഇവർക്ക് ഭൂമിയിലേയ്ക്ക് മടങ്ങാൻ കഴിയൂകയുള്ളു എന്നാണ് ഏറ്റവും ഒടുവിലെ വിവരം. ഈ സാഹചര്യത്തിലാണ് ബഹിരാകാശത്ത് നിന്ന് യുഎസ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള ആഗ്രഹം അവർ പ്രകടിപ്പിച്ചത്. 2025 ഫെബ്രുവരി വരെയെങ്കിലും അവർ ബഹിരാകാശത്ത് കുടുങ്ങിക്കിടക്കും.
സെപ്തംബറിൽ നടത്തിയ പത്രസമ്മേളനത്തിൽ ബഹിരാകാശത്ത് നിന്ന് വോട്ടുചെയ്യാനുള്ള തൻ്റെ ആവേശം സുനിത വില്യംസ് പ്രകടിപ്പിച്ചിരുന്നു. ‘പൗരന്മാർ എന്ന നിലയിൽ വോട്ടു ചെയ്യുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു കടമയാണ്. കൂടാതെ ബഹിരാകാശത്ത് നിന്ന് വോട്ടുചെയ്യാൻ ഞാൻ കാത്തിരിക്കുകയാണ്. അത് വളരെ രസകരമാണ്’ എന്നായിരുന്നു സുനിത വില്യംസിൻ്റെ പ്രതികരണം.