വാഷിങ്ടൺ: ലോകം കാത്തിരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് ആരെന്ന ചോദ്യത്തിന് ഉത്തരമറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ഇന്ത്യൻ സമയ പ്രകാരം ചൊവ്വാഴ്ച രാവിലെ 10.30 ന് തുടങ്ങിയ വോട്ടെടുപ്പ് ബുധനാഴ്ച ഉച്ചയോടെ അവസാനിക്കും. ന്യൂഹാംഷയറിലെ ചെറുപട്ടണമായ ഡിക്സ്വില്‍ നോച്ചിലെ ആറു രജിസ്റ്റേഡ് വോട്ടർമാർ ആ നേരം വോട്ടുചെയ്യുന്നതോടെ തിരഞ്ഞെടുപ്പ് പ്രക്രിയ ഔദ്യോഗമായി തുടങ്ങിയത്.
ഇന്ത്യൻസമയം ബുധനാഴ്ച ഉച്ചയോടെ അലാസ്കയിലാകും വോട്ടെടുപ്പിന്റെ അവസാനം. സംസ്ഥാനങ്ങള്‍ക്കനുസരിച്ച് പോളിങ് സമയം വ്യത്യാസപ്പെട്ടിരിക്കും. മിക്കയിടത്തും പ്രാദേശികസമയം രാവിലെ ആറിനും എട്ടിനുമിടയില്‍ (ഇന്ത്യൻ സമയം വൈകീട്ട് 4.30-6.30) ആരംഭിക്കുന്ന വോട്ടെടുപ്പ്, രാത്രി ഏഴിനും ഒമ്പതിനുമിടയില്‍ (ഇന്ത്യൻ സമയം ബുധനാഴ്ച രാവിലെ 5.30-7.30) അവസാനിക്കും.
ഇലക്ടറല്‍ കോളേജിലേക്കുള്ള ഇലക്ടർമാർക്ക് വോട്ടുചെയ്താണ് അടുത്ത പ്രസിഡന്റിനെ പരോക്ഷമായി തെരഞ്ഞെടുക്കുന്നത്. ഇലക്ടറല്‍കോളേജില്‍, പ്രസിഡന്റിനെ കണ്ടെത്താനുള്ള വോട്ടുരേഖപ്പെടുത്തുക ഈ ഇലക്ടർമാരാണ്. ഇത്തവണത്തെ 538 ഇലക്ടറല്‍ വോട്ടുകളില്‍ 270 ആണ് ജയിക്കാൻ വേണ്ട ഭൂരിപക്ഷം. 53.9 എന്ന ഉയർന്ന വോട്ടിങ് ശതമാനം.