അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കമല തന്നെ വിജയിക്കണമെന്ന പ്രാര്‍ത്ഥനയുമായി തമിഴ്നാട്ടിലെ ഒരു കൊച്ചുഗ്രാമം. കമലയുടെ കുടുംബത്തിലെ പൂര്‍വികരുമായി ഒരു നൂറ്റാണ്ട് പഴക്കമുള്ള ബന്ധം സൂക്ഷിക്കുന്ന തുളസെംതിരപുരം എന്ന കൊച്ചു ഗ്രാമമാണ് കമലയുടെ ജയത്തിനായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നത്. കമലാ ഹാരിസിന്റെ വിജയത്തിനായി കമലയുടെ കുടുംബ ക്ഷേത്രത്തില്‍ പ്രത്യേക ചടങ്ങും നടത്തി.
‘ഇതൊരു ശക്തനായ ദൈവമാണ്. കഴിഞ്ഞ തവണ ഞങ്ങള്‍ പ്രാര്‍ത്ഥിച്ചു, കമല വൈസ് പ്രസിഡന്റായി. ഇത്തവണ അവള്‍ യുഎസ്എയുടെ പ്രസിഡന്റാകുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. കമല സ്ത്രീശാക്തീകരണത്തിന്റെ അടയാളവും സ്ത്രീകള്‍ക്ക് കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാനുള്ള പ്രചോദനവുമാണ്, ക്ഷേത്രത്തില്‍ പൂജയ്ക്ക് മേല്‍നോട്ടം വഹിച്ച അരുള്‍മൊഴി എന്‍ഡിടിവിയോട് പറഞ്ഞു.
കമലയുടെ മുത്തച്ഛന്‍ പി.വി ഗോപാലന്‍ ജനിച്ച് വളര്‍ന്ന നാടാണ് തുളസെംതിരപുരം. വര്‍ഷങ്ങള്‍ക്ക് മുമ്പ്, ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനായി കമല 5,000 രൂപ സംഭാവന നല്‍കിയിരുന്നു. സംഭാവന നല്‍കിയലരുടെ പേരിനൊപ്പം ഇവിടെ കമലയുടെ പേരും എഴുതിവെച്ചിട്ടുണ്ട്.