വാഷിങ്ടൻ: വെർമോണ്ട് സംസ്ഥാനത്ത് പോളിങ് ആരംഭിച്ചതോടെ യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. പ്രാദേശിക സമയം പുലർച്ചെ അഞ്ചു മണിയോടെയാണ് വെർമോണ്ടിലെ പോളിങ് ബൂത്തുകൾ ഉണർന്നത്. വൈകാതെ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽക്കൂടി പോളിങ് ആരംഭിച്ചു. സ്വിങ് സ്റ്റേറ്റുകളായ നോർത്ത് കാരോലൈന, ജോർജിയ, മിഷിഗൻ, പെനിസിൽവേനിയ എന്നിവയ്ക്കു പുറമെ, ഫ്ലോറിഡ, ഇല്ലിനോയിസ്, ലൂസിയാന, മേരിലാൻഡ്, മസാച്യുസിറ്റ്സ്, മിസോറി, റോഡ് ഐലൻഡ്, സൗത്ത് കാരോലൈന, വാഷിങ്ടൻ ഡിസി എന്നിവിടങ്ങളിലാണ് പ്രാദേശിക സമയം 7 മണിയോടെ വോട്ടെടുപ്പ് ആരംഭിച്ചത്. ഇതോടെ വോട്ടെടുപ്പ് ആരംഭിച്ച സംസ്ഥാനങ്ങളുടെ എണ്ണം 20 ആയി. ആകെ 50 സംസ്ഥാനങ്ങളാണ് യുഎസിൽ ഉള്ളത്.
മാസങ്ങൾ നീണ്ട വാശിയേറിയ പ്രചാരണത്തിനൊടുവിലാണ് യുഎസ് ജനത വിധിയെഴുതുന്നത്. റിപ്പബ്ലിക്കൻ സ്ഥാനാർഥി മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ കമലാ ഹാരിസും തമ്മിലാണ് മത്സരം. പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ പെൻസിൽവേനിയ കേന്ദ്രീകരിച്ചാണ് ഇരു സ്ഥാനാർഥികളുടെയും പ്രചാരണം നടന്നത്. തിരഞ്ഞെടുപ്പിലെ വിദേശ ഇടപെടലുകൾക്കെതിരെ യുഎസ് ഇന്റലിജൻസ് ഏജൻസികളും ജാഗ്രതയിലാണ്. തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാനും സ്വാധീനിക്കാനുമുള്ള റഷ്യൻ, ഇറാൻ ഇടപെടലുകളെ ജാഗ്രതയോടെ കാണണമെന്ന് ഇന്റലിജൻസ് ഏജൻസികളുടെ നിർദേശമുണ്ട്..