ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ വോട്ടെടുപ്പിനുള്ള ക്രമീകരണങ്ങളെല്ലാം പൂർത്തിയായിക്കഴിഞ്ഞു. തെരഞ്ഞെടുപ്പിന് ഇത്തവണ അഞ്ച് ഭാഷകളിലുള്ള ബാലറ്റ് പേപ്പറുകളാണ് ലഭ്യമാക്കിയിരിക്കുന്നത്. ഇത് മറ്റൊന്നും കൊണ്ടല്ല. ഓരോ സ്റ്റേറ്റുകളിലും വിവിധ സംസ്‌കാരങ്ങൾ പിന്തുടരുന്ന, വ്യത്യസ്തമായ ഭാഷകൾ ഉപയോഗിക്കുന്ന ജനങ്ങളാണ് അധിവസിക്കുന്നത്.
ന്യൂയോർക്ക് നഗരത്തിൽ മാത്രം 100 ൽ അധികം ഭാഷകൾ സംസാരിക്കുന്നവരുണ്ടെന്നാണ് സിറ്റി പ്ലാനിംഗ് ഡിപ്പാർട്ട്മെന്റിന്റെ കണക്ക്. അതുകൊണ്ടുതന്നെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇത്തവണ ഇന്ത്യൻ ഭാഷയിലും ബാലറ്റ് പേപ്പർ ലഭ്യമാകും. അഞ്ചുഭാഷകളിൽ ഒന്നായി ‘ബംഗാളി’ ഉൾപ്പെടുത്താനുള്ള സുപ്രധാന തീരുമാനം അധികൃതർ കൈക്കൊണ്ടിരിക്കുകയാണ്. ചൈനീസ്, സ്പാനിഷ്,കൊറിയൻ, ഇംഗ്ലീഷ് ഭാഷകൾക്കൊപ്പമാണ് ബംഗാളി ഭാഷയ്‌ക്കും ഇടം ലഭിച്ചിരിക്കുന്നത്.
നഗരത്തിലെ ഭാഷാ വൈവിധ്യം കണക്കിലെടുത്താണ് തീരുമാനമെന്ന് ന്യൂയോർക്ക് സിറ്റി ബോർഡ് ഓഫ് ഇലക്ഷൻസ് എക്സിക്യൂട്ടിവ് ഡയറക്ടർ മൈക്കൽ ജെ റയാൻ. ഇന്ത്യയിൽ നിന്നും ബംഗ്ലാദേശിൽ നിന്നുള്ള ആളുകൾ സംസാരിക്കുന്ന ബംഗാളി ഭാഷ ഉൾപ്പെടുത്തുന്നത് ക്വീൻസിലുള്ള ദക്ഷിണേഷ്യൻ സമൂഹത്തിന് സഹായകമാണ്. ഇവരുടെ വോട്ടിങ് പങ്കാളിത്തം വർദ്ധിപ്പിക്കാനും ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നു. 1965 ലെ വോട്ടിംഗ് അവകാശ നിയമപ്രകാരം ദക്ഷിണേഷ്യൻ ന്യൂനപക്ഷ വോട്ടർമാരെ സഹായിക്കാനുള്ള ഫെഡറൽ ഉത്തരവിനെത്തുടർന്നാണ് ബംഗാളി ഭാഷയും ബാലറ്റ് പേപ്പറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.