തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി സാഹിത്യ പുരസ്കാരങ്ങൾക്കൊപ്പം നൽകേണ്ട തുക കടത്തിലായി. പുരസ്കാരജേതാക്കൾക്ക് നൽകേണ്ട 5.55 ലക്ഷം ഇനിയും നൽകാനായിട്ടില്ല. കടുത്ത സാമ്പത്തികപ്രതിസന്ധിയാണ് കാരണം. ഇത്തവണ അക്കാദമി ജീവനക്കാരുടെ ശമ്പളവും നാലുദിവസം വൈകി.
കേരളപ്പിറവിക്കുംമുൻപേ രൂപവത്കൃതമായ കേരള സാഹിത്യ അക്കാദമിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്ര സാമ്പത്തിക പ്രതിസന്ധി നേരിടുന്നത്. അക്കാദമിയുടെ പുരസ്കാരവിതരണച്ചടങ്ങിനോടൊപ്പം നൽകിയിരുന്ന പുരസ്കാരത്തുക കഴിഞ്ഞ വർഷവും വൈകിയിരുന്നു. എന്നാൽ പത്തുദിവസത്തിനുള്ളിൽ തുക നൽകാനായി. ഇപ്പോൾ 15 ദിവസം പിന്നിട്ടിട്ടും തുക കൊടുക്കാൻ സാധിച്ചില്ല.
സാമ്പത്തിക പ്രതിസന്ധിയാണ് സമ്മാനത്തുക വൈകാനിടയാക്കുന്നതെന്ന് സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ പ്രതികരിച്ചു. അധികം വൈകാതെ പണം നൽകാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
സ്വയംഭരണസ്ഥാപനമായ സാഹിത്യ അക്കാദമിയുടെ പ്രവർത്തനത്തിനുള്ള പണം സർക്കാരാണ് അനുവദിക്കുന്നത്. പ്രതിവർഷം മൂന്നുകോടിയാണ് സർക്കാർ അനുവദിക്കാറുള്ളത്. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് സാഹിത്യ അക്കാദമിയെയും ബാധിച്ചത്.