മോസ്കോ: തലസ്ഥാനമായ മോസ്കോയുടെ വടക്കുപടിഞ്ഞാറുള്ള ടെവർ മേഖലയിൽ ബുധനാഴ്ച ആണവായുധവാഹകശേഷിയുള്ള മിസൈലുപയോഗിച്ച് സൈനികാഭ്യാസം ആരംഭിച്ച് റഷ്യ. രണ്ടാഴ്ചയ്ക്കിടെ റഷ്യയുടെ രണ്ടാം സൈനികാഭ്യാസമാണിത്. യു.എസിന്റെ ഏതുകോണിലും എത്താൻകഴിയുന്ന യാർസ് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലും അഭ്യാസത്തിനുപയോഗിക്കുന്നുണ്ട്.
യുക്രൈൻ യുദ്ധം നിർണായകഘട്ടത്തിലെത്തിനിൽക്കുന്ന അവസരത്തിലാണ് റഷ്യയുടെ ആണവാഭ്യാസം. പ്രസിഡന്റ് വ്ലാദിമിർ പുതിൻ ഇത് ഉദ്ഘാടനംചെയ്തു. ഒഴിച്ചുകൂടാനാകാത്ത സാഹചര്യത്തിലെ ആണവായുധം ഉപയോഗിക്കൂവെന്ന് പുതിൻ പറഞ്ഞു. എങ്കിലും അവ ഉപയോഗത്തിനു സജ്ജമാക്കിവെക്കേണ്ടത് ആവശ്യമാണെന്നും പുതിയ ആയുധപ്പന്തയത്തിൽ റഷ്യ ഏർപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവുംവലിയ ആണവശക്തിയാണ് റഷ്യ. ലോകത്തെ ആണവായുധങ്ങളുടെ 88 ശതമാനവും റഷ്യയുടെയും യു.എസിന്റെയും കൈയിലാണ്.