ഡൊണാൾഡ് ട്രംപ് ജയിച്ചാൽ അത് ആഗോള സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച മന്ദഗതിയിലാകുമെന്ന് ടെമാസെക് നടത്തിയ വെളിപ്പെടുത്തലിൽ പറയുന്നു. എന്നാൽ ട്രംപിന് പകരം കമല ഹാരിസാണ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് എത്തുന്നതെങ്കിൽ അത് സമ്പദ് വ്യവസ്ഥക്ക് ഗുണം ചെയ്യുമെന്നും ടെമാസെക് പറയുന്നു.
ട്രംപ് ഭരണകൂടം ആഗോള വളർച്ചയെ മന്ദഗതിയിലാക്കുന്നതിനെ പറ്റി കൂടുതൽ വിവരങ്ങൾ ടെമാസെക് ഇൻ്റർനാഷണലിൻ്റെ ചീഫ് ഇൻവെസ്റ്റ്‌മെൻ്റ് ഓഫീസർ രോഹിത് സിപാഹിമലാനിയാണ് വിവരിച്ചത്. നിലവിൽ ട്രംപ് പ്രസിഡൻസിയാണ് വിപണികൾക്ക് നല്ലതെങ്കിലും 2025 -ലെ ചിത്രം അത്ര വ്യക്തമല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അടുത്തയാഴ്ച നടക്കാനിരിക്കുന്ന യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ലോകമെമ്പാടുമുള്ള നിക്ഷേപകർ ആവേശത്തിലാണെന്നും, ഏറ്റവും പുതിയ ബ്ലൂംബെർഗ് മാർക്കറ്റ്സ് ലൈവ് പൾസ് സർവേ അനുസരിച്ച്, ട്രംപിൻ്റെ വിജയം എതിരാളിയായ ഡെമോക്രാറ്റിക് സ്ഥാനാർഥി കമലാ ഹാരിസുമായി താരതമ്യപ്പെടുത്തുമ്പോൾ ഓഹരികളും ബിറ്റ്കോയിനും കൈവശമുള്ള നിക്ഷേപകർക്ക് ഈ അവസരം കൂടുതൽ പ്രയോജനകരമായേക്കുമെന്നും അദ്ദേഹം പറയുന്നു.
കമല വിജയിച്ചാൽ വളർന്നു വരുന്ന വിപണികൾക്ക് അത് ഗുണകരമാകുമെന്നും എന്നാൽ ട്രംപ് ആണെങ്കിൽ ഫലം വിപരീതം ആയിരിക്കുമെന്നും രോഹിത് സിപാഹിമലാനി പറയുന്നു. ട്രംപിന്റെ വിജയത്തിന് പിന്നാലെ താരിഫുകൾ അനിശ്ചിതത്വം സൃഷ്ടിക്കുമെന്നും അത് നിക്ഷേപത്തിന് ഒരിക്കലും നല്ലതല്ല എന്നും അദ്ദേഹം കൂടി ചേർത്തു. ഇത് വളർന്നു വരുന്ന വിപണിയെ മാത്രമല്ല ആഗോള സമ്പദ് വ്യവസ്ഥയുടെ വളർച്ചയെ തന്നെ ബാധിച്ചേക്കും.