Thursday, November 26, 2026
HomeNewsതീർഥാടകരുടെ എണ്ണത്തിൽ വൻ കുറവ്; ശബരിമലയിൽ ദേവസ്വം ബോർഡിന്‍റെ നടപടികൾ തിരിച്ചടിയായോ?

തീർഥാടകരുടെ എണ്ണത്തിൽ വൻ കുറവ്; ശബരിമലയിൽ ദേവസ്വം ബോർഡിന്‍റെ നടപടികൾ തിരിച്ചടിയായോ?

തിരുവനന്തപുരം: ശബരിമലയിലെത്തുന്ന തീർഥാടകരുടെ എണ്ണക്കുറവിലും വരുമാനത്തിലും കുറവ് വന്നതിൽ ആശങ്ക. ദേവസ്വം ബോർഡിന്‍റെ ചില നടപടികളാണ് കാരണമെന്ന് ഭരണാനുകൂല ജീവനക്കാരുടെ സംഘടന തന്നെ ആരോപിക്കുന്നു. വെർച്വൽ ക്യൂ ബുക്കിങ്ങിൽ ദേവസ്വംമന്ത്രി ഉന്നയിച്ച അതേ ആശങ്കയാണ് ജീവനക്കാരും പ്രകടിപ്പിക്കുന്നത്. ഭക്തരെ അകറ്റുന്ന നിയന്ത്രണങ്ങൾ അവസാനിപ്പിക്കണമെന്നും ശബരിമലയിൽ സുഗമമായ ദർശനവും തീർഥാടകർക്ക് പരമാവധി സൗകര്യങ്ങളും ഉറപ്പാക്കണമെന്നുമുള്ള ആവശ്യമാണ് ട്രാവൻകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് മുന്നോട്ടുവെക്കുന്നത്. ശബരിമലയിലെ വരുമാനക്കുറവ് നിസ്സാരമായി കാണരുതെന്നും 1,200ഓളം ക്ഷേത്രങ്ങളുടെയും ആയിരക്കണക്കിന് ജീവനക്കാരുടെയും നിലനിൽപ്പും ഇതുമായി ബന്ധപ്പെട്ടതാണെന്നും അവർ ഓർമിപ്പിക്കുന്നു.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ആദ്യവാരത്തിൽ 44 ശതമാനം തീർഥാടകർ കുറഞ്ഞു. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവരിൽ ഇരുപതിനായിരത്തിലേറെ പേർ പ്രതിദിനം ദർശനത്തിനെത്തുന്നില്ല. സ്പോട്ട് ബുക്കിങ് ലഭിക്കില്ലെന്ന പ്രചാരണം, വീണ്ടും ബുക്കിങ് നടത്താനാകില്ലെന്ന ആശങ്ക, അനാവശ്യ നിയന്ത്രണങ്ങൾ എന്നിവ ബാധിച്ചതായി വിലയിരുത്തലുമുണ്ട്.

വെർച്വൽ ക്യൂവിൽ പ്രതിദിനം അനുവദിക്കുന്ന സ്ലോട്ടുകൾ മനഃപൂർവം കുറച്ചിട്ടുണ്ടോയെന്നും ബുക്കിങ് പൂർത്തിയായെന്ന പ്രതീതി സൃഷ്ടിച്ചിട്ടുണ്ടോയെന്നും കണ്ടെത്തണമെന്ന ആവശ്യവും ശക്തമാണ്. ഭക്തരുടെ കുറവിൽ അരവണയുടെ കരുതൽശേഖരം വർധിപ്പിക്കാനായതാണ് ഏക ആശ്വാസം. തീർഥാടകർ കൂട്ടത്തോടെ എത്തിയിരുന്നെങ്കിൽ അരവണ ദൗർലഭ്യവും ഗുരുതര പ്രതിസന്ധിയാകുമായിരുന്നു. വെബ്സൈറ്റ് ഉൾപ്പെടെ സംവിധാനം പൂർണമായി ബോർഡ് ഏറ്റെടുക്കണമെന്ന ആവശ്യവും ജീവനക്കാർ ഉന്നയിക്കുന്നു. ഒരു താൽക്കാലിക ജീവനക്കാരനാണ് ബോർഡിൽ ഈ സംവിധാനം കൈകാര്യം ചെയ്യുന്നതെന്നും ജീവനക്കാർ പറയുന്നു.

ശർക്കര ലേലം വൈകിപ്പിച്ചതും സന്നിധാനത്തേക്കുള്ള സാധനങ്ങൾ പമ്പയിൽ എത്തിച്ചാൽ മതിയെന്ന തീരുമാനവും ഇരുപതോളം ലേലങ്ങൾ ഒഴിവാക്കിയതും കോടികളുടെ വരുമാനനഷ്ടത്തിന് കാരണമായതായി ചൂണ്ടിക്കാട്ടുന്നു. സാധാരണ പ്രതിവർഷം 10 -15 ശതമാനം വരുമാനവർധനവുണ്ടാകുന്ന ശബരിമലയിൽ ഇത്തവണ കഴിഞ്ഞ വർഷത്തെ വരുമാനത്തിന്റെ പകുതിയെങ്കിലും ലഭിക്കുമോ എന്നാണ് ആശങ്ക.

പമ്പയിലും മുൻവർഷങ്ങളിൽ സ്പോട്ട് ബുക്കിങ് ഉണ്ടായിരുന്ന ശ്രീകണ്ഠേശ്വരം, കൊട്ടാരക്കര, പന്തളം, ഏറ്റുമാനൂർ, കീഴില്ലം എന്നീ കേന്ദ്രങ്ങളിലും സ്പോട്ട് ബുക്കിങ് പുനഃസ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്. തിരക്ക് ശാസ്ത്രീയമായി നിയന്ത്രിച്ച് പരമാവധി ഭക്തർക്ക് സുഗമമായ ദർശനം ഉറപ്പാക്കുകയാണ് വേണ്ടതെന്നും പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്ന ഭക്തരിൽനിന്ന് പിഴ ഈടാക്കുമെന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്ന ആവശ്യവും ഉയരുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments