അത്യാധുനിക വിഷ്വൽ ഇഫക്ട്സുകളോടെയും വൻ ബജറ്റിലുമുള്ള ബിഗ് സ്ക്രീൻ ആവിഷ്കാരങ്ങൾക്കപ്പുറം, ഇന്ത്യൻ നിശ്ശബ്ദ സിനിമയുടെ കാലത്തുതന്നെ രാമായണകഥ വെള്ളിത്തിരയിലെത്തിയിരുന്നു. 1917ൽ ഇന്ത്യൻ സിനിമയുടെ പിതാവ് ദാദാസാഹേബ് ഫാൽക്കെ സംവിധാനം ചെയ്ത ‘ലങ്കാ ദഹൻ’ എന്ന നിശ്ശബ്ദ ചിത്രത്തിലൂടെയാണ് രാമായണത്തിലെ ശ്രദ്ധേയമായ ഒരു അധ്യായം ആദ്യമായി പ്രേക്ഷകരിലേക്ക് എത്തിയത്.
സംഭാഷണമോ സങ്കീർണ്ണമായ ശബ്ദമിശ്രണമോ ആധുനിക സാങ്കേതികവിദ്യയോ ഇല്ലാതിരുന്ന ആ കാലത്ത്, അഭിനയമികവും മുഖഭാവങ്ങളും ഇന്റർടൈറ്റിലുകളുമാണ് കഥ പറഞ്ഞത്. 109 വർഷങ്ങൾക്കിപ്പുറം, രാമായണ പ്രമേയം നിതേഷ് തിവാരിയുടെ ‘രാമായണ: റൈസ് ഓഫ് എ ലെജൻഡ്’ എന്ന ചിത്രത്തിലൂടെ ബോക്സ് ഓഫീസിൽ വൻ കുതിപ്പ് നടത്തുമ്പോൾ, ആ ചരിത്രപരമായ പരിണാമം വീണ്ടും ശ്രദ്ധ നേടുകയാണ്.
ഹനുമാൻ ലങ്കക്ക് തീവെക്കുന്നതിലൂന്നിയാണ് 1917ൽ പുറത്തിറങ്ങിയ ‘ലങ്കാ ദഹൻ’ ഒരുക്കിയത്. മുഴുവൻ ഇതിഹാസത്തെയും ഒറ്റയടിക്ക് സിനിമയാക്കുന്നതിന് പകരം, ദൃശ്യഭാഷയിലൂടെ ശക്തമായി അവതരിപ്പിക്കാൻ കഴിയുന്ന ഒരു പ്രത്യേക ഭാഗമാണ് ഫാൽക്കെ തിരഞ്ഞെടുത്തത്.കഥാപാത്രങ്ങളുടെ ചലനങ്ങളും ഭാവപ്രകടനങ്ങളും പ്രേക്ഷകരിലേക്ക് വികാരങ്ങൾ എത്തിച്ചു. സ്ക്രീനിൽ നടക്കുന്ന സംഭവങ്ങൾ മനസ്സിലാക്കാൻ ഇന്റർടൈറ്റിലുകൾ ഉപയോഗിച്ചു. ഏകദേശം 5 മിനിറ്റും 15 സെക്കൻഡും ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് നിലവിൽ അവശേഷിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. അന്നത്തെ കാലത്ത് വലിയൊരു തുകയായ ഏകദേശം 15,000 രൂപ ബജറ്റിലാണ് ചിത്രം നിർമിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സംഭാഷണങ്ങളില്ലാതിരുന്നിട്ടും തിയറ്ററുകളിലേക്ക് പ്രേക്ഷകരെ ആകർഷിക്കാൻ ‘ലങ്കാ ദഹൻ’ എന്ന ചിത്രത്തിന് സാധിച്ചു. അന്ന് വെസ്റ്റ് എൻഡ് സിനിമ എന്നറിയപ്പെട്ടിരുന്ന മുംബൈയിലെ നാസ് ടാക്കീസിൽ ചിത്രം മികച്ച പ്രദർശനം നടത്തി. ആദ്യ ആഴ്ചയിൽ മാത്രം തിയറ്ററിൽ നിന്ന് ഏകദേശം 30,000 രൂപ കലക്ഷൻ ലഭിച്ചതായി 2017ലെ ഐ.എ.എൻ.എസ് റിപ്പോർട്ടിൽ പറയുന്നു. അതേ തിയറ്ററിൽ ആദ്യ 10 ദിവസത്തിനുള്ളിൽ 32,000 രൂപ വരുമാനം ലഭിച്ചതായി ദാദാസാഹേബ് ഫാൽക്കെയുടെ രേഖകളിലും പരാമർശമുണ്ട്.
ഇന്ത്യൻ സിനിമയുടെ തുടക്കകാലത്തുതന്നെ പുരാണ-ഇതിഹാസ കഥകളോടുള്ള പ്രേക്ഷകരുടെ താല്പര്യവും വാണിജ്യവിജയ സാധ്യതയും തെളിയിച്ച ചിത്രമായിരുന്നു ഇത്. നിശ്ശബ്ദ സിനിമയുടെ പരിമിതികൾക്കിടയിലും പരിചിതമായ ഇതിഹാസകഥകളെ എങ്ങനെ ദൃശ്യമാധ്യമത്തിലേക്ക് പകർത്താമെന്ന് ‘ലങ്കാ ദഹൻ’ കാട്ടിക്കൊടുത്തു.
ദാദാസാഹേബ് ഫാൽക്കെയുടെ കാലത്ത് നിന്ന് ഇന്ത്യൻ സിനിമയുടെ സാങ്കേതികതയും ആവിഷ്കാര രീതികളും ഏറെ മുന്നോട്ട് പോയി. വമ്പൻ സെറ്റുകളും വിശദമായ വസ്ത്രാലങ്കാരങ്ങളും അത്യാധുനിക വിഷ്വൽ ഇഫക്ട്സുകളും ഉപയോഗിച്ച് കഥാപാത്രങ്ങളെയും ലോകങ്ങളെയും പുനഃസൃഷ്ടിക്കാൻ ഇന്ന് കഴിയുന്നുണ്ടെങ്കിലും, തലമുറകളിലൂടെ ചലച്ചിത്രപ്രവർത്തകരെ പ്രചോദിപ്പിക്കാൻ രാമായണത്തിന് ഇന്നും സാധിക്കുന്നുണ്ട്.
ഏറ്റവും പുതിയ രാമായണ ചിത്രമായ നിതേഷ് തിവാരിയുടെ ‘രാമായണ: റൈസ് ഓഫ് എ ലെജൻഡ്’ ബോക്സ് ഓഫീസിൽ മികച്ച മുന്നേറ്റമാണ് നടത്തുന്നത്. രൺബീർ കപൂർ ശ്രീരാമനായും യാഷ് രാവണനായും എത്തുന്ന ചിത്രം, ഇതിനോടകം തന്നെ 1700 കോടി ക്ലബിൽ എത്തിയിട്ടുണ്ട്. പുതിയ രാമനെയും രാവണനെയും സീതയേയും പ്രേക്ഷകർ അംഗീകരിച്ച രീതിയിലുള്ള പ്രതികരണമാണ് ഇപ്പോൾ സിനിമക്ക് ലഭിക്കുന്നത്.

