ചെന്നൈ: തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനത്തില്‍ സദസിനെ കയ്യിലെടുത്ത് നടന്‍ വിജയ്. രാഷ്ട്രീയമെന്ന പാമ്പിനെ പേടിക്കാതെ മുന്നോട്ട് പോകുന്ന കുട്ടിയാണ് താനെന്ന് വിജയ് പറഞ്ഞു. ഇനി ഞാനും നീയുമില്ല, നമ്മള്‍ മാത്രമേയുള്ളുവെന്നും വിജയ് പറഞ്ഞു. എല്ലാവരും സമമാണെന്നും രാഷ്ട്രീയത്തില്‍ ഭയമില്ലെന്നും രാഷ്ട്രീയം മാറണമെന്നും വിജയ് പറഞ്ഞു.
‘ഇതുവരെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളെ പറ്റി പറഞ്ഞ് സമയം കളയാനില്ല. പ്രശ്‌നത്തിന് പരിഹാരം വേണം. അതാണ് ലക്ഷ്യം. രാഷ്ട്രീയമെന്ന പാമ്പിനെ ഞാന്‍ കയ്യിലെടുക്കാന്‍ പോകുന്നു. സിരിപ്പും സീരിയസ്‌നസും ചേര്‍ത്ത് മുന്നോട്ട് പോകും. രാഷ്ട്രീയം മാറിയില്ലെങ്കില്‍ പുതിയ ലോകം അതിനെ മാറ്റും’, വിജയ് പറഞ്ഞു.
തമിഴ്‌നാടിന് വേണ്ടി പൊരുതിയവരാണ് തന്റെ വഴികാട്ടിയെന്നും അദ്ദേഹം പറഞ്ഞു. പെരിയോര്‍ ദൈവത്തെ പോലെ വഴികാട്ടുമെന്നും വിജയ് പറഞ്ഞു. തലൈവര്‍ കാമരാജും ബി ആര്‍ അംബേദിക്കറും വഴികാട്ടിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. പെരിയോറിന്റെ നയങ്ങള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പ്രസംഗത്തില്‍ സൂചിപ്പിച്ചു. പ്രസംഗത്തില്‍ വികാരാധീതനായാണ് വിജയ് സംസാരിച്ചത്.
തമിഴക വെട്രി കഴകത്തിന്റെ നയവും വേദിയില്‍ പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ നയം പ്രഖ്യാപിക്കുന്ന ഗാനം വിജയ്‌യുടെ പ്രസംഗത്തിന് മുമ്പേ പുറത്ത് വിട്ടു. തിരുവള്ളുര്‍, പെരിയോര്‍, കാമരാജ്, സ്വാതന്ത്ര്യ സമര സേനാനി വേലു നച്ചിയാര്‍, അജ്ഞലൈ അമ്മാള്‍ എന്നിവരുടെ വഴിയിലൂടെയാണ് പാര്‍ട്ടി പ്രവര്‍ത്തിക്കേണ്ടതെന്നാണ് നയത്തിലൂടെ വ്യക്തമാക്കുന്നത്. മതേതര സാമൂഹിക നീതിയിലൂന്നിയായിരിക്കും ടിവികെയുടെ പ്രവര്‍ത്തനങ്ങള്‍. സംസ്ഥാന സ്വയംഭരണാവകാശം പുനഃസ്ഥാപിക്കുമെന്നും ആനുപാതിക സംവരണത്തിനായി പോരാടുമെന്നും നയത്തില്‍ പറയുന്നു.
മധുരയില്‍ ഒരു ചീഫ് സെക്രട്ടേറിയറ്റ് ബ്രാഞ്ച് സ്ഥാപിക്കും, ഔദ്യോഗിക ഭാഷയായി തമിഴ്- വ്യവഹാര ഭാഷ ഉപയോഗിക്കും, തമിഴ് ഭാഷയില്‍ ഗവേഷണ വിദ്യാഭ്യാസം, തമിഴ് മീഡിയം വഴി പഠിച്ചവര്‍ക്ക് ജോലിയില്‍ മുന്‍ഗണന, ഭൂഗര്‍ഭ ഖനനത്തിന് മുന്‍ഗണന, സംസ്ഥാന സ്വയംഭരണാവകാശം വീണ്ടെടുക്കല്‍, വിദ്യാഭ്യാസം സംസ്ഥാന പട്ടികയില്‍ കൊണ്ടുവരാനുള്ള നീക്കം, യാഥാസ്ഥിതിക ആചാരങ്ങള്‍ ഇല്ലാതാക്കും തുടങ്ങിയവയാണ് നയത്തില്‍ വ്യക്തമാക്കുന്നത്. ഗവര്‍ണര്‍ പദവി നിര്‍ത്തലാക്കണമെന്നും ആവശ്യവും ടിവികെ മുന്നോട്ട് വെക്കുന്നു.
വിഴുപ്പുറത്തെ വിക്രവാണ്ടിയിലെ സമ്മേളനത്തില്‍ ആയിരങ്ങളാണ് അണിനിരന്നത്. വേദിയില്‍ നിന്ന് 500 മീറ്റര്‍ നീളമുള്ള റാംപിലൂടെ നടന്ന് സമ്മേളനത്തിനെത്തി ചേര്‍ന്ന അണികളെ വിജയ് അഭിസംബോധന ചെയ്തു. ടിവികെയുടെ ഷാള്‍ അണിഞ്ഞാണ് വിജയ് ജനങ്ങളെ അഭിസംബോധന ചെയ്തത്. തുടര്‍ന്ന് മഹാത്മാഗാന്ധി, ബി ആര്‍ അംബേദ്ക്കര്‍ തുടങ്ങിയ മഹാന്മാരുടെ ഫോട്ടോയ്ക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി. കൂറ്റന്‍ കൊടിമരത്തില്‍ ടിവികെയുടെ പതാക ഉയര്‍ത്തി.