ഡൽഹി: രാജ്യത്തെങ്ങും ഡിജിറ്റൽ അറസ്റ്റുകൾ മൂലമുള്ള ചതിക്കുഴികൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ബോധവത്കരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ രംഗത്ത്. ‘വെയ്റ്റ്, തിങ്ക് ആൻഡ് ആക്ഷൻ’ എന്ന രീതി പരിചയപ്പെടുത്തി, സ്വയം ചതിക്കുഴികൾ മനസിലാക്കി പ്രവർത്തിക്കാൻ പ്രധാനമന്ത്രി മൻ കി ബാത്തിലൂടെ ആവശ്യപ്പെട്ടു.
ഡിജിറ്റൽ അറസ്റ്റുകൾ ഗുരുതരമായ ഒരു വിഷയമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ‘ഇങ്ങനെയൊരു പദമോ സിസ്റ്റമോ നിയമത്തിലും മറ്റൊന്നിലുമില്ല. ഇത്തരം കാര്യങ്ങൾ ചെയ്യുന്നവർ തീർച്ചയായും നമ്മുടെ സമൂഹത്തിന്റെ ശത്രുക്കൾ തന്നെയാണ്. വിവിധ അന്വേഷണ ഏജൻസികൾ, സംസ്ഥാനങ്ങളുമായി ഒരുമിച്ച് ഇത്തരം പ്രവർത്തനങ്ങൾക്ക് തടയിടാനുളള ശ്രമത്തിലാണ്’; പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഇവയ്ക്ക് പുറമെ എങ്ങനെയാണ് ജനങ്ങൾ പറ്റിക്കപ്പെടുന്നത് എന്ന് മനസിലാക്കാനായി ഒരു ഡെമോ വീഡിയോയും പ്രധാനമന്ത്രി കാണിച്ചു. ശേഷം ഒരു അന്വേഷണ ഏജൻസിയും ഫോണിലൂടെയോ, വീഡിയോ കോളിലൂടെയോ നിങ്ങളെ ബന്ധപ്പെടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഡിജിറ്റൽ അറസ്റ്റുകളെ എളുപ്പം പ്രതിരോധിക്കാൻ ‘വെയ്റ്റ്, തിങ്ക് ആൻഡ് ആക്ഷൻ’ എന്ന ഒരു പ്രതിരോധ രീതിയും മോഡി ജനങ്ങൾക്ക് പറഞ്ഞുനൽകി. വെയ്റ്റ് എന്നാൽ പരിഭ്രാന്തരാകാതിരിക്കുക, എടുത്തുചാടി തീരുമാനങ്ങൾ എടുക്കാതിരിക്കുക എന്നതാണ്. വ്യക്തിപരമായ കാര്യങ്ങൾ ഒരാളുമായും പങ്കുവെക്കരുതെന്നും പറ്റിയാൽ സ്ക്രീൻ ഷോട്ടുകൾ എടുക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
തിങ്ക് എന്ന അടുത്ത ഘട്ടത്തിൽ രാജ്യത്തെ ഒരു അന്വേഷണ ഏജൻസിയും ഒരാളെയും ഫോണിലൂടെയോ വീഡിയോ കോളിലൂടെയോ വിളിക്കില്ല എന്ന അവബോധമാണ് വേണ്ടത്. ആക്ഷൻ എന്ന അടുത്ത ഘട്ടത്തിൽ 1930 എന്ന ഹെൽപ്ലൈൻ നമ്പറിൽ വിളിക്കുകയാണ് വേണ്ടത്. കൂടെ കുടുംബാംഗങ്ങളെ അറിയിക്കുകയോ, പൊലീസിനെ അറിയിക്കുകയോ വേണം.