കാനഡയിലെ ടൊറന്‍റോയ്ക്ക് സമീപമുണ്ടായ കാറപകടത്തില്‍ നാല് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. ഗുജറാത്തിലെ ഗോധ്രയിൽ നിന്നുള്ള സഹോദരങ്ങളായ കേത ഗോഹില്‍ (30) നീൽ ഗോഹില്‍ (26) എന്നിവരും ഒപ്പമുണ്ടായിരുന്ന രണ്ടുപേരുമാണ് മരിച്ചത്. സഞ്ചരിച്ചിരുന്ന ടെസ്‌ലയുടെ കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് ഗാർഡ് റെയിലിലും കോൺക്രീറ്റ് തൂണിലും ഇടിക്കുകയായിരുന്നു. പിന്നാലെ കാറിന്‍റെ ബാറ്ററി പൊട്ടിത്തെറിച്ചു. കാര്‍ സെൽഫ് ഡ്രൈവിംഗ് മോഡലായിരുന്നോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, കാറില്‍ നിന്ന് ഒരാളെ വഴിയാത്രക്കാർ രക്ഷപെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്. വ്യാഴാഴ്ച അർധരാത്രിയായിരുന്നു അപകടം. മരിച്ചവരില്‍ ഒരാള്‍ കനേഡിയന്‍ പൗരത്വം സ്വീകരിച്ച ഇന്ത്യക്കാരനാണ്.
സംഭവത്തെ കുറിച്ച് വഴിയാത്രക്കാനായ റിക്ക് ഹാർപ്പർ പറയുന്നതിങ്ങനെ… ‘റോഡരികില്‍ കാറില്‍ നിന്നും തീയാളുന്നതായാണ് കണ്ടത്. കാറിലുള്ളവര്‍ വിന്‍ഡോ ഗ്ലാസ് തകര്‍ത്ത് പുറത്തുവരാൻ ശ്രമിക്കുകയും അലറിക്കരയുകയുമായിരുന്നു. കൈകള്‍കൊണ്ട് വിന്‍ഡോയില്‍ ശക്തമായി അടിച്ച് പുറത്തുവരാനാണവര്‍ നോക്കിയത്’. തനിക്ക് കഴിയുന്നതെല്ലാം ചെയ്തെന്നും ട്രക്കിൽ നിന്ന് ഇറങ്ങി കാറിന്‍റെ വിന്‍ഡോ തകര്‍ക്കാന്‍ നോക്കി, നടക്കാതെ വന്നപ്പോള്‍ ട്രക്കിലുണ്ടായിരുന്ന ഇരുമ്പ് ബാര്‍ എടുത്താണ് വിന്‍ഡോയുടെ ചില്ല് തകര്‍ത്തതെന്നും ഹാർപ്പർ പ്രാദേശിക മാധ്യമത്തോട് വെളിപ്പെടുത്തി.
റിക്ക് ഹാർപ്പറും മറ്റൊരു വഴിയാത്രക്കാരനും ചേര്‍ന്നാണ് കാറിന്‍റെ പിറകിലെ വിന്‍ഡോ തകര്‍ത്ത് ഒരാളെ രക്ഷപ്പെടുന്നത്. കാറിലുള്ളിലകപ്പെട്ട മറ്റുള്ളവര്‍ക്ക് തീയണയ്ക്കാന്‍ കയ്യിലുണ്ടായിരുന്ന ഫയര്‍ എക്സ്റ്റിന്‍ഗ്യുഷര്‍ നല്‍കിയതായും അദ്ദേഹം പറഞ്ഞു.