ഇന്ത്യൻ തൊഴിലാളികൾക്കുള്ള വീസ ക്വാട്ട ഗണ്യമായി വർധിപ്പിക്കാന്‍ തീരുമാനിച്ച് ജർമനി. പ്രതിവർഷം അനുവദിക്കുന്ന വീസകളുടെ എണ്ണം 20,000 നിന്ന് 90,000മായി വർധിപ്പിക്കാനാണ് തീരുമാനം. ഇരു രാജ്യങ്ങൾക്കുമിടയിലെ സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാക്കാൻ ലക്ഷ്യമിട്ടാണ് നീക്കം. 18ാമത് ജർമ്മൻ ബിസിനസ്സ് കോൺഫറൻസ് ഓഫ് ഏഷ്യാ പസഫിക് സമ്മേളനത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്.
“വരാനിരിക്കുന്ന 25 വർഷത്തിനുള്ളിൽ വികസിത ഭാരതത്തിലേക്ക് എത്താനുള്ള റോഡ് മാപ്പ് തയ്യാറാക്കിയിട്ടുണ്ട്. അതിനിടെ, ജർമ്മൻ സർക്കാർ ‘ഫോക്കസ് ഓൺ ഇന്ത്യ’ രേഖ പുറത്തിറക്കിയതിൽ സന്തോഷമുണ്ട്. 20,000 മുതൽ 90,000 വരെ വിദഗ്ധ ഇന്ത്യൻ തൊഴിലാളികൾ ജർമ്മനിയുടെ വളർച്ചയ്ക്ക് വേഗം പകരും” മോദി പറഞ്ഞു.
ഇന്ത്യൻ പ്രൊഫഷണലുകൾക്ക് വലിയ അവസരമാണ് പുതിയ വിസ നയം. പ്രതിവർഷം 20,000 മുതൽ 90,000 വീസകൾ വരെ അനുവദിക്കുന്നതോടെ, വിവരസാങ്കേതിക വിദ്യ, എഞ്ചിനീയറിംഗ്, ഹെൽത്ത് കെയർ തുടങ്ങിയ മേഖലകളിൽ ഇന്ത്യൻ പ്രൊഫഷണലുകൾക്ക് ജർമനിയിൽ കൂടുതല്‍ തൊഴിലവസങ്ങള്‍ ഒരുങ്ങും.