Thursday, November 26, 2026
HomeAmericaയുഎസ് ഗ്രീൻ കാർഡ്, വിസ സ്പോൺസർഷിപ്പ് നിർത്തലാക്കി ഐബിഎം; ഇന്ത്യൻ ടെക്കികൾ വലയുന്നു

യുഎസ് ഗ്രീൻ കാർഡ്, വിസ സ്പോൺസർഷിപ്പ് നിർത്തലാക്കി ഐബിഎം; ഇന്ത്യൻ ടെക്കികൾ വലയുന്നു

1.5 ലക്ഷത്തിലധികം ജീവനക്കാരുള്ള ഏറ്റവും വലിയ വിഭാഗമായ ഐബിഎം കൺസൾട്ടിങിലെ ഭൂരിഭാഗം തസ്തികകൾക്കും യുഎസ് വിസ, ഗ്രീൻ കാർഡ് സ്പോൺസർഷിപ്പ് നിർത്തലാക്കാൻ ഐബിഎം തീരുമാനിച്ചു. ബാധിക്കപ്പെടുന്ന എച്ച്-1ബി വിസ ജീവനക്കാർക്ക് യുഎസിന് പുറത്തുള്ള ഐബിഎം തസ്തികകളിലേക്ക് മാറുകയോ അല്ലെങ്കിൽ 2026 ഡിസംബർ 31-നകം കമ്പനി വിടുകയോ ചെയ്യാം. വിദേശ സാങ്കേതിക നിയമനങ്ങൾക്കും എച്ച്-1ബി വിസകൾക്കുമെതിരെ യുഎസ് ഭരണകൂടം കർശന നടപടികൾ സ്വീകരിക്കുന്നതിനിടയിലാണ് ഈ നീക്കം.

മാനേജർമാർക്ക് പങ്കുവെച്ച രേഖയെ ഉദ്ധരിച്ച് ബ്ലൂംബെർഗ് ആണ് ഈ വിവരം ആദ്യം പുറത്തുവിട്ടത്. കമ്പനി ഈ തീരുമാനം സ്ഥിരീകരിച്ചിട്ടുണ്ട്. ജീവനക്കാർക്ക് മുന്നിലുള്ളത് എളുപ്പമുള്ള തിരഞ്ഞെടുപ്പല്ല. യുഎസിന് പുറത്തുള്ള ഐബിഎം തസ്തികകളിലേക്ക് മാറുകയാണോ അതോ കമ്പനി വിടലാണോ വേണ്ടതെന്ന് തീരുമാനിക്കാൻ ജീവനക്കാർക്ക് മൂന്നാഴ്ച സമയമാണ് നൽകിയിരിക്കുന്നത്. വിദേശത്തേക്ക് മാറാൻ താൽപ്പര്യമില്ലാത്തവർക്ക് മൂന്ന് മാസത്തെ സെവറൻസ് ആനുകൂല്യം ലഭിക്കും.

ഇന്ത്യയിലേക്ക് മാറുന്നത് ശമ്പളത്തിൽ ഏകദേശം 80 ശതമാനത്തോളം കുറവുണ്ടാക്കുമെന്നതും തൊഴിലാലികളെ ബാധിക്കുന്ന കാര്യമാണ്. ലഭ്യമായ ഒഴിവുകളിൽ ഭൂരിഭാഗവും ഒരു രാജ്യത്താണ് കേന്ദ്രീകരിച്ചിരിക്കുന്നത്. നവംബർ 19-ന് ഐബിഎമ്മിന്റെ കരിയർ പോർട്ടലിൽ യുഎസിന് പുറത്ത് 1,278 കൺസൾട്ടിങ് തസ്തികകളാണ് ഉണ്ടായിരുന്നത്. ഇതിൽ 1,125 എണ്ണവും ഇന്ത്യയിലാണ്. സിംഗപ്പൂരിൽ 23-ഉം യുകെയിൽ 18-ഉം ഒഴിവുകളാണുള്ളത്. യുഎസിൽ 89 ഒഴിവുകളാണുള്ളത്.

രാജ്യാടിസ്ഥാനത്തിലുള്ള ജീവനക്കാരുടെ എണ്ണം ഐബിഎം പുറത്തുവിടാത്തതിനാൽ എത്ര പേരെ ഇത് കൃത്യമായി ബാധിക്കുമെന്ന് വ്യക്തമല്ല. ഫെഡറൽ രേഖകൾ പ്രകാരം, 2026 സാമ്പത്തിക വർഷത്തിൽ ഐബിഎമ്മിന് 1,600-ലധികം എച്ച്-1ബി അപേക്ഷകൾക്കാണ് അനുമതി ലഭിച്ചത്. 2025 സാമ്പത്തിക വർഷത്തിൽ ഇത് 2,000-ത്തിലധികവും 2024-ൽ ഏകദേശം 3,000-വുമായിരുന്നു. നിലവിലുള്ള ജീവനക്കാരുടെ വിസ ദീർഘിപ്പിക്കലുകൾ ഉൾപ്പെടെ ഐബിഎമ്മിലെ എല്ലാ വിഭാഗങ്ങളിലെയും കണക്കാണിത്.

ഡൊണാൾഡ് ട്രംപ് ഭരണകൂടം വിദേശ സാങ്കേതിക നിയമനങ്ങളിൽ കർശന പരിശോധന നടത്തുന്നതിനിടയിലാണ് ഐബിഎമ്മിന്റെ നടപടി. മൈക്രോസോഫ്റ്റ്, അഡോബ് എന്നിവക്കും കോഗ്നിസന്റ്, ഇൻഫോസിസ്, ടാറ്റാ കൺസൾട്ടൻസി സർവീസസ് തുടങ്ങിയ പ്രമുഖ ഔട്ട്സോഴ്സിംഗ് കമ്പനികൾക്കും പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ പ്രക്രിയയിൽ കഴിഞ്ഞ മാസം വിലക്കേർപ്പെടുത്തിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. വിദേശ ജീവനക്കാർക്ക് ഗ്രീൻ കാർഡ് സ്പോൺസർ ചെയ്യുന്നതിനുള്ള പ്രധാന ഘട്ടമാണ് പി.ആർ.ഇ.എം.പുതിയ എച്ച്-1ബി അപേക്ഷകൾക്ക് 1,00,000 ഡോളർ ഒറ്റത്തവണ ഫീസ് ഏർപ്പെടുത്തുന്ന നടപടി 2025 സെപ്റ്റംബറിൽ വൈറ്റ് ഹൗസ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും നിലവിൽ ഇത് കോടതി വ്യവഹാരങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. ഉയർന്ന ശമ്പളം നൽകുന്ന തൊഴിലുടമകൾക്ക് മുൻഗണന നൽകുന്ന രീതിയിൽ വാർഷിക എച്ച്-1ബി ലോട്ടറി സമ്പ്രദായത്തിൽ മാറ്റങ്ങൾ വരുത്താനും ഭരണകൂടം നിർദ്ദേശിച്ചിട്ടുണ്ട്.ഇന്ത്യൻ പ്രൊഫഷണലുകളെയാകും ഇത് ഏറ്റവും കൂടുതൽ ബാധിക്കുക. എച്ച്-1ബി വിസകളിൽ ഏകദേശം മുക്കാൽ ഭാഗവും ലഭിക്കുന്നത് ഇന്ത്യക്കാർക്കാണ്. ഗ്രീൻ കാർഡിനായുള്ള ഇവരുടെ കാത്തിരിപ്പ് പതിറ്റാണ്ടുകൾ നീളാമെന്ന് നാഷണൽ ഫൗണ്ടേഷൻ ഫോർ അമേരിക്കൻ പോളിസി വ്യക്തമാക്കുന്നു.റെഡ് ഹാറ്റ്, ഹാഷികോർപ്പ്, കോൺഫ്ലുവന്റ് തുടങ്ങിയ വൻകിട ഏറ്റെടുക്കലുകളിലൂടെ കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഐബിഎം സ്വയം ഒരു സോഫ്റ്റ്‌വെയർ കമ്പനിയായി പുനർനിർമ്മിക്കുകയാണ്. എന്നാൽ ഏറ്റവും വലിയ വിഭാഗമായ കൺസൾട്ടിങിന് അതിനൊപ്പം മുന്നേറാൻ കഴിഞ്ഞിട്ടില്ല. ബ്ലൂംബെർഗ് റിപ്പോർട്ട് പ്രകാരം, 2024 മുതൽ ഈ വിഭാഗത്തിന്റെ വളർച്ച ഏറെക്കുറെ സ്തംഭനാവസ്ഥയിലാണ്. മൂന്നാം പാദത്തിൽ കൺസൾട്ടിംഗ് വരുമാനം 5.3 ബില്യൺ ഡോളറായി തുടർന്നു. ഐബിഎമ്മിന്റെയും പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനങ്ങളുടെയും ആകെ ജീവനക്കാരുടെ എണ്ണം 264,300 ആണെന്നാണ് ഐബിഎമ്മിന്റെ 2025-ലെ വാർഷിക റിപ്പോർട്ടിൽ പറയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments