ചന്ദ്രനിൽ ലൈറ്റ്ഹൗസ് സ്ഥാപിക്കാനുള്ള പദ്ധതിയുമായി നാസ. ചന്ദ്രനിലെത്തുന്ന സഞ്ചാരികളെയും റോബട്ടിക് ദൗത്യങ്ങളെയും ഒരുപോലെ സഹായിക്കുന്ന ഒന്നാകും ഈ ലൈറ്റ്ഹൗസ്. ഹണിബീ റോബട്ടിക്‌സാണ് ഈ ലൈറ്റ്ഹൗസ് നിർമിക്കാൻ സാങ്കേതിക സഹായം നൽകുന്നത്.
ലൂണാർ നോഡ് 1 എന്ന നാവിഗേഷൻ സംവിധാനം ശാസ്ത്രജ്ഞർ പരീക്ഷിച്ചുകഴിഞ്ഞു. ചന്ദ്രനിൽ ഫെബ്രുവരി 22ന് ലാൻഡ് ചെയ്ത ഒഡീസിയൂസ് എന്ന ലാൻഡറിലാണ് ഈ സംവിധാനം എത്തിച്ചത്. ചന്ദ്രനിലെ മാലപെർട് എന്ന ഗർത്തത്തിനു സമീപമായിരുന്നു ഒഡീസിയൂസ് എത്തിയത്. ചന്ദ്രനിൽ സുരക്ഷിതമായി സോഫ്റ്റ് ലാൻഡ് ചെയ്ത ആദ്യ സ്വകാര്യ ഉടമസ്ഥതയിലുള്ള ലാൻഡറായിരുന്നു ഒഡീസിയൂസ്.
ഒഡീസിയൂസിലെത്തിച്ച ഈ സംവിധാനം വഴി വിവിധ ഓർബിറ്ററുകൾ, ലാൻഡറുകൾ, സഞ്ചാരികൾ എന്നിവരുടെ പൊസിഷൻ കൃത്യമായി അറിയാൻ സാധിക്കും. മറ്റ് ഗ്രൗണ്ട് സ്റ്റേഷനുകൾ, സ്‌പേസ്‌ക്രാഫ്റ്റുകൾ, റോവറുകൾ എന്നിവയുമായി അടിസ്ഥാനപ്പെടുത്തിയാണ് ഇതു നിർണയിക്കുക.സഞ്ചാരികൾക്ക് ചന്ദ്രനിൽ സുരക്ഷിതമായി സന്ദർശനം നടത്താനും അവിടെ ലൂണാർ ബേസുകൾ സ്ഥാപിക്കാനും ഈ ലൈറ്റ്ഹൗസ് അവസരമൊരുക്കും.
ഒഡീസിയൂസിലെത്തിച്ച എൽഎൻ1 സംവിധാനം നാസ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിച്ചിരുന്നു. അതിൽ നിന്നുള്ള വിവരങ്ങൾ ഡീപ് സ്‌പേസ് നെറ്റ്വർക്ക് വഴി ശേഖരിച്ചു. എൽ എൻ1 സംവിധാനം ഒരു തുടക്കമാണ്. ഇനി ഇതിനെ വിപുലപ്പെടുത്താനുള്ള നിരവധി ശ്രമങ്ങൾ നാസ നടത്തുമെന്നാണ് അഭ്യൂഹം.