തെഹ്റാൻ : ഹുർമുസ് കടലിടുക്കിൽ മൈനിൽ തട്ടിയുണ്ടായ സ്ഫോടനത്തിൽ എണ്ണക്കപ്പൽ മുങ്ങിയതായി ഇറാൻ റെവല്യൂഷണറി ഗാർഡ് (ഐ.ആർ.ജി.സി). 20 ലക്ഷം ബാരൽ എണ്ണയുമായി സഞ്ചരിച്ചിരുന്ന സൂപ്പർ ടാങ്കറാണ് തീപിടിച്ച് മുങ്ങിയത്.കപ്പലിന് തീപിടിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഹുർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നതിനിടെ ഞായറാഴ്ച രണ്ട് കപ്പലുകൾക്ക് കടൽ മൈനിൽ തട്ടി തീപിടിച്ചതായി ഐ.ആർ.ജി.സി പറയുന്നു. എന്നാൽ സംഭവങ്ങൾ സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല. ‘ഏതാനും മണിക്കൂറുകൾക്കിടെ ഹുർമുസ് കടലിടുക്കിന്റെ തെക്കൻ ഭാഗത്ത് അനധികൃതമായി നിശ്ചയിച്ച പാതയിലൂടെ സഞ്ചരിച്ചിരുന്ന രണ്ട് എണ്ണക്കപ്പലുകൾ നാവിക കുഴിബോംബുകളിൽ തട്ടി. തുടർന്ന് വൻ സ്ഫോടനങ്ങളും തീപിടിത്തവുമുണ്ടായി’ -ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ സംപ്രേഷണം ചെയ്ത പ്രസ്താവനയിൽ ഐ.ആർ.ജി.സി പറഞ്ഞു.
20 ലക്ഷം ബാരൽ അസംസ്കൃത എണ്ണയുമായി സഞ്ചരിച്ചിരുന്ന സൂപ്പർ ടാങ്കറുകളിലൊന്ന് ഗൾഫിന്റെ തെക്കൻ സമുദ്രഭാഗത്ത് മുങ്ങിയതായും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. എന്നാൽ കപ്പലുകളുടെ പേരോ, ഏത് രാജ്യത്തിന്‍റെ കപ്പലാണെന്നോ വ്യക്തമല്ല. ഏതാനും ആഴ്ചകളായി ഹുർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് തീപിടിച്ചതായി ഇറാൻ നിരവധി തവണ അവകാശപ്പെട്ടിരുന്നു. പല സംഭവങ്ങളിലും കപ്പലുകൾ മൈനിൽ തട്ടിയതാണെന്നാണ് ഇറാന്റെ അവകാശവാദം.
അതേസമയം, ഗൾഫ് മേഖലയിൽ ഒരു എണ്ണക്കപ്പലിന് നേരെ ആക്രമണമുണ്ടായതായി ഇന്ത്യൻ ഷിപ്പിങ് അധികൃതരിൽനിന്ന് വിവരം ലഭിച്ചതായി ബ്രിട്ടീഷ് സമുദ്ര നിരീക്ഷണ ഏജൻസി (UKMTO) അറിയിച്ചു. എന്നാൽ ഐ.ആർ.ജി.സി അവകാശപ്പെടുന്ന സംഭവം ഇതാണോ എന്നതിൽ വ്യക്തതയില്ല.കപ്പലിനുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചും പരിസ്ഥിതിക്ക് സംഭവിച്ച ആഘാതത്തെക്കുറിച്ചും വ്യക്തമായ വിവരങ്ങളില്ലെന്നും എന്നാൽ കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണെന്നും യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപറേഷൻസ് കേന്ദ്രം അറിയിച്ചു.
ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചതുമുതൽ തന്ത്രപ്രധാനമായ ഈ ജലപാതയിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഇറാൻ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇറാൻ അംഗീകരിച്ച പാതകളിലൂടെ മാത്രമേ കപ്പലുകൾ സഞ്ചരിക്കാവൂ എന്നാണ് തെഹ്റാന്‍റെ നിലപാട്.
അനുമതിയില്ലാതെ ഈ പാതയിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾ ആക്രമിക്കപ്പെട്ടിരുന്നു. ഇതിന് മറുപടിയായി അമേരിക്ക ഇറാൻ തുറമുഖങ്ങൾക്കെതിരെ നാവിക ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ഹുർമുസ് കടലിടുക്കിലൂടെയുള്ള പ്രധാന കപ്പൽ പാതകളിൽനിന്ന് എല്ലാ മൈനുകളും നീക്കം ചെയ്തതായി അമേരിക്കൻ സൈന്യം അടുത്തിടെ അവകാശപ്പെട്ടിരുന്നു.

