തിരുവനന്തപുരം : റോഡ് സുരക്ഷാ ബോധവൽക്കരണ പദ്ധതിയായ ‘ജീവ-സുയാത്ര’യുടെ ബ്രാൻഡ് അംബാസഡറായി ചുമതലയേറ്റതിന് പിന്നാലെ റോഡ് സുരക്ഷയെക്കുറിച്ചും തന്റെ ഡ്രൈവിങ് ശീലങ്ങളെക്കുറിച്ചും മനസ് തുറന്ന് നടൻ മമ്മൂട്ടി. തന്റെ ഡ്രൈവിങ്ങിന് അത്ര നല്ല പേരായിരുന്നില്ലെന്നും വേഗത ഇഷ്ടമാണെന്നും മമ്മൂട്ടി പറഞ്ഞു. എന്നാൽ ജാഗ്രതയും ഏകാഗ്രതയും ഉത്തരവാദിത്തബോധവും ഉണ്ടെങ്കിൽ വലിയ അപകടങ്ങൾ ഒഴിവാക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ കുറച്ചുകാലമായി താൻ വാഹനം ഓടിക്കാറില്ലെന്നും മമ്മൂട്ടി പറഞ്ഞു.
റോഡപകടങ്ങളിൽ 99 ശതമാനവും മനുഷ്യന്റെ അശ്രദ്ധ മൂലമാണെന്ന് മമ്മൂട്ടി ചൂണ്ടിക്കാട്ടി. വാഹനങ്ങളുടെ തകരാർ കാരണം സംഭവിക്കുന്ന അപകടങ്ങൾ ഒരു ശതമാനം മാത്രമാണ്. റോഡിലൂടെ നടക്കുമ്പോൾ പോലും പലരും ഫോണിൽ സംസാരിക്കുന്നത് വീട്ടിലെ സ്വീകരണമുറിയിലൂടെയോ ഡൈനിങ് റൂമിലൂടെയോ നടക്കുന്നതുപോലെയാണെന്നും ഇത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റോഡ് റേസിങ്ങിനുള്ളതല്ലെന്നും മോട്ടോർസൈക്കിൾ അഭ്യാസങ്ങളും കാറിന്റെ വേഗപരീക്ഷണങ്ങളും പൊതുനിരത്തുകളിൽ നടത്തരുതെന്നും മമ്മൂട്ടി ഓർമിപ്പിച്ചു. ഇത്തരം പ്രകടനങ്ങൾക്കായി റേസ് ട്രാക്കുകളുണ്ട്. മറ്റുള്ളവരുടെ ജീവൻ കൂടി കണക്കിലെടുത്ത് ഉത്തരവാദിത്തത്തോടെ വാഹനമോടിക്കണം. ബസുകളുടെ സമയക്രമത്തിലെ പ്രശ്നങ്ങളും മത്സരയോട്ടവും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ബസുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചെറുപ്പം മുതലേ കുട്ടികൾക്ക് റോഡ് നിയമങ്ങളും ട്രാഫിക് മര്യാദകളും പഠിപ്പിച്ചുകൊടുക്കണമെന്നും മമ്മൂട്ടി പറഞ്ഞു. അപകടങ്ങളിൽപ്പെട്ട് ജീവൻ നഷ്ടമായവർക്ക് ഒരിക്കലും തിരിച്ചുവരാനാകില്ല. അതിനാൽ ജീവിതം അപകടത്തിലാക്കുന്ന രീതിയിൽ വാഹനമോടിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. അപകടങ്ങൾ തീരെയില്ലാത്ത സംസ്ഥാനമായി കേരളം മാറട്ടെയെന്നും മമ്മൂട്ടി ആശംസിച്ചു.
“നിയമലംഘകരെ രക്ഷിക്കാനായി എംപിമാരും എംഎൽഎമാരും ഉൾപ്പെടെ ഒരു ജനപ്രതിനിധിയും ഇടപെടാൻ പാടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമനടപടികൾ കർക്കശമായി നടപ്പാക്കുന്നതിന്റെ പേരിൽ ജനങ്ങൾ സർക്കാരിന് എതിരായാൽ അതിന്റെ പൂർണ ഉത്തരവാദിത്വം മുഖ്യമന്ത്രി എന്ന നിലയിൽ തനിക്കാണ്. ആറ് മാസം കർശനമായി നിയമനടപടികൾ സ്വീകരിച്ചാൽ ഒരുവർഷത്തിനകം കേരളത്തിൽ മാതൃകാപരമായ പുതിയ ഗതാഗത സംസ്കാരം രൂപപ്പെടുമെന്ന പ്രതീക്ഷയും മുഖ്യമന്ത്രി പങ്കുവെച്ചു.”

