Tuesday, November 17, 2026
HomeAmericaപഴഞ്ചൻ എയർ-ട്രാഫിക് കൺട്രോൾ സംവിധാനത്തിൽ അമേരിക്ക: വ്യോമഗതാഗതം താറുമാറായ നിലയിൽ

പഴഞ്ചൻ എയർ-ട്രാഫിക് കൺട്രോൾ സംവിധാനത്തിൽ അമേരിക്ക: വ്യോമഗതാഗതം താറുമാറായ നിലയിൽ

വാഷിംഗ്ടൺ : അമേരിക്കയിലെ എയർ-ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്ന് രാജ്യവ്യാപകമായി വിമാനങ്ങൾ നിലത്തിറക്കി രണ്ട് ദിവസം പിന്നിട്ടിട്ടും വ്യോമഗതാഗതം സാധാരണ നിലയിലായില്ല. ഞായറാഴ്ചയും രാജ്യത്തുടനീളം 5,000-ത്തിലധികം വിമാനങ്ങൾ വൈകുകയും 2,000 വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു.

വിമാനങ്ങളും ജീവനക്കാരും വിവിധ ഇടങ്ങളിലായി ചിതറിക്കിടക്കുന്നതിനാൽ സർവീസുകൾ പൂർണ്ണമായും സാധാരണ നിലയിലാകാൻ തിങ്കളാഴ്ച വരെ സമയമെടുക്കുമെന്ന് ഗതാഗത സെക്രട്ടറി ഷോൺ ഡഫി വ്യക്തമാക്കി.വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് എയർ ട്രാഫിക് കൺട്രോളർമാരും പൈലറ്റുമാരും തമ്മിലുള്ള ആശയവിനിമയ സംവിധാനം തകരാറിലായതിനെ തുടർന്ന് എഫ്.എ.എ അടിയന്തരമായി വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്.

ചെമ്പ് കമ്പികളിൽ നിന്ന് ഫൈബർ നെറ്റ്‌വർക്കിലേക്ക് മാറുന്നതിന്റെ ഭാഗമായി അർക്കൻസാസിലെ എൽ ഡൊറാഡോയിൽ സ്ഥാപിച്ച ഒരു കമ്പ്യൂട്ടർ റൂട്ടർ തെറ്റായ സിഗ്നലുകൾ അയച്ചതാണ് നെറ്റ്‌വർക്ക് പൂർണ്ണമായും സ്തംഭിക്കാൻ കാരണമായതെന്ന് ഗതാഗത സെക്രട്ടറി അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.

വെള്ളിയാഴ്ച വിലക്ക് പ്രഖ്യാപിക്കുമ്പോൾ 3,500-ലധികം വിമാനങ്ങൾ ആകാശത്തായിരുന്നു. നാലര മണിക്കൂറിന് ശേഷം വിലക്ക് നീക്കിയെങ്കിലും തുടർന്നുള്ള ദിവസങ്ങളിലും ഇത് വലിയ പ്രതിസന്ധി സൃഷ്ടിച്ചു. വെള്ളിയാഴ്ച 8,500 വിമാനങ്ങൾ വൈകുകയും 8,000 വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു. ശനിയാഴ്ച 7,000-ത്തിലധികം വിമാനങ്ങൾ വൈകുകയും 5,900-ലധികം വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തിരുന്നു.

മണിക്കൂറുകളോളം വിമാനത്തിനുള്ളിലും വിമാനത്താവളങ്ങൾക്കുപുറത്തുമായി ആയിരക്കണക്കിന് യാത്രക്കാർ കാത്തിരിപ്പ് തുടരുകയാണ്. യുകെ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള വിമാന സർവീസുകളെയും ഈ പ്രതിസന്ധി സാരമായി ബാധിച്ചു.കാലഹരണപ്പെട്ട എയർ കൺട്രോൾ സംവിധാനം പൂർണ്ണമായും ഉടച്ചുവാർക്കാൻ കൂടുതൽ ഫണ്ട് അനുവദിക്കണമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കോൺഗ്രസിനോട് അഭ്യർത്ഥിച്ചു. “നമ്മുടെ നിലവിലുള്ള സംവിധാനത്തിന്റെ ഭൂരിഭാഗവും 50 വർഷം പഴക്കമുള്ളതാണ്. നവീകരണ പ്രവർത്തനങ്ങൾ ഘട്ടം ഘട്ടമായല്ല, ഒറ്റയടിക്ക് പൂർത്തിയാക്കണം,” ട്രംപ് തന്റെ ‘ട്രൂത്ത് സോഷ്യൽ’ പ്ലാറ്റ്‌ഫോമിൽ കുറിച്ചു.

പതിറ്റാണ്ടുകളായി അവഗണിക്കപ്പെട്ട സംവിധാനം പൂർണ്ണമായും മാറ്റണമെന്ന് ഷോൺ ഡഫിയും പ്രതികരിച്ചു. അമേരിക്കയുടെ എയർ കൺട്രോൾ സംവിധാനം “പൊളിച്ചുമാറ്റാൻ സമയമായ ഒരു വീട് പോലെയാണ്” എന്നാണ് വ്യോമയാന വിദഗ്ധൻ മൈൽസ് ഒബ്രിയൻ ഇതിനെ വിശേഷിപ്പിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments