Sunday, November 15, 2026
HomeNewsറെയിൽവേ ആർ.എ.സി സംവിധാനം നിർത്തലാക്കുന്നതിനെക്കുറിച്ച്‌ ചർച്ചകൾ

റെയിൽവേ ആർ.എ.സി സംവിധാനം നിർത്തലാക്കുന്നതിനെക്കുറിച്ച്‌ ചർച്ചകൾ

ഇന്ത്യൻ റെയില്‍വേ റിസർവേഷൻ എഗെയ്ൻസ്റ്റ് കാൻസലേഷൻ (ആർ.എ.സി) സംവിധാനം നിർത്തലാക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കുന്നുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. പൂർണ്ണമായ സ്ലീപ്പിംഗ് ബർത്ത് ലഭിക്കാതെ മുഴുവൻ ടിക്കറ്റ് നിരക്കും ഈടാക്കുന്നത് യാത്രക്കാരോട് കാണിക്കുന്ന അനീതിയാണെന്ന ആശങ്കകളുടെ അടിസ്ഥാനത്തിലാണ് ഈ നീക്കം. മുഴുവൻ യാത്രാ സൗകര്യവും നല്‍കാതെ മുഴുവൻ തുക ഈടാക്കുന്നത് എന്തിനാണെന്ന് ഒരു പാർലമെന്ററി സമിതിയും ചോദ്യം ചെയ്തിരുന്നു.

എന്തുകൊണ്ടാണ് ആർ.എ.സി സംവിധാനം നിർത്തലാക്കാൻ ആലോചിക്കുന്നത്?പ്രത്യേക ബർത്ത് ലഭിക്കാത്ത യാത്രക്കാരില്‍ നിന്നും മുഴുവൻ നിരക്ക് ഈടാക്കുന്നു എന്നതാണ് ആർ.എ.സി ടിക്കറ്റുകളുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നം. നിലവിലുള്ള സംവിധാനമനുസരിച്ച്‌ രണ്ട് ആർ.എ.സി യാത്രക്കാർക്ക് ഒരേ സൈഡ്-ലോവർ ബർത്ത് ആണ് അനുവദിക്കുന്നത്. പകല്‍ സമയത്ത് ഇരിക്കാനും രാത്രിയില്‍ കിടന്നുറങ്ങാനും ഇവർ ഈ ബർത്ത് പങ്കിടേണ്ടി വരുന്നു.

സ്ത്രീകളും പുരുഷന്മാരും ഒരേ ബർത്ത് പങ്കിടേണ്ടി വരുമ്പോള്‍ അത് പലപ്പോഴും അസൗകര്യങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഒഴിവുള്ള ബെർത്തുകള്‍ ഇല്ലാത്ത പക്ഷം ഇത്തരം സന്ദർഭങ്ങളില്‍ യാത്രക്കാരുടെ സൗകര്യാർത്ഥം മറ്റ് ക്രമീകരണങ്ങള്‍ കണ്ടെത്താൻ ട്രെയിൻ ടിക്കറ്റ് എക്സാമിനർമാർ (ടി.ടി.ഇ) ബുദ്ധിമുട്ടാറുണ്ട്. യാത്രക്കാരുടെ സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഈ നിലവിലുള്ള വ്യവസ്ഥ പരിശോധിച്ചുവരികയാണെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു.

ആർ.എ.സി ടിക്കറ്റുകളെക്കുറിച്ച്‌ പാർലമെന്ററി സമിതി പറഞ്ഞത് എന്ത് ?പൂർണ്ണമായ ബർത്ത് ലഭിക്കാത്ത യാത്രക്കാരില്‍ നിന്ന് മുഴുവൻ ടിക്കറ്റ് നിരക്കും ഈടാക്കുന്നതിനെതിരെ പാർലമെന്ററി സമിതിയും രംഗത്തെത്തിയിട്ടുണ്ട്. വ്യക്തിഗത ബർത്തിന്റെ ആനുകൂല്യം ലഭിക്കാത്ത അവസ്ഥയില്‍ യാത്രക്കാരില്‍ നിന്ന് മുഴുവൻ തുകയും ഈടാക്കണോ എന്ന് പരിശോധിക്കണമെന്നും നിലവിലുള്ള ആർ.എ.സി സമ്പ്രദായം പുനഃപരിശോധിക്കണമെന്നും സമിതി റെയില്‍വേയോട് ശുപാർശ ചെയ്തിട്ടുണ്ട്. ആധുനിക റെയില്‍വേ റിസർവേഷൻ സംവിധാനത്തിന് ഈ പഴയകാല രീതി ഇപ്പോഴും അനുയോജ്യമാണോ എന്ന ചർച്ചയ്ക്ക് ഈ ശുപാർശ ആക്കം കൂട്ടിയിട്ടുണ്ട്.

എന്താണ് ആർ.എ.സി, അത് എങ്ങനെ പ്രവർത്തിക്കുന്നു? ഉറപ്പായ ബർത്ത് ലഭിക്കാത്തപ്പോഴും റിസർവ് ചെയ്ത കോച്ചുകളില്‍ യാത്ര ചെയ്യാൻ അനുവദിക്കുന്ന ഒരു ടിക്കറ്റ് അവസ്ഥയാണ് റിസർവേഷൻ എഗെയ്ൻസ്റ്റ് കാൻസലേഷൻ (ആർ.എ.സി). സ്ഥിരീകരിച്ച ടിക്കറ്റുകള്‍ക്കും വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ക്കും ഇടയിലുള്ള ഒന്നാണിത്. വെയിറ്റിംഗ് ലിസ്റ്റ് യാത്രക്കാർക്ക് റിസർവ് ചെയ്ത കോച്ചുകളില്‍ പ്രവേശിക്കാൻ സാധാരണയായി അനുവാദമില്ലെങ്കിലും, ആർ.എ.സി ടിക്കറ്റ് ഉടമകള്‍ക്ക് യാത്ര ചെയ്യാൻ അനുവാദമുണ്ട്.

ഈ സംവിധാനത്തിന് കീഴില്‍, സാധാരണയായി രണ്ട് യാത്രക്കാർക്ക് ഒരു സൈഡ്-ലോവർ ബർത്ത് അനുവദിക്കുന്നു. അവസാന നിമിഷം ആരെങ്കിലും ടിക്കറ്റ് റദ്ദാക്കുകയാണെങ്കില്‍, ആ ഒഴിവുള്ള ബർത്ത് ആർ.എ.സി യാത്രക്കാർക്ക് അനുവദിച്ചേക്കാം. കാൻസലേഷനുകളുടെയും ലഭ്യതയുടെയും അടിസ്ഥാനത്തില്‍ ആർ.എ.സി ടിക്കറ്റ് ഉടമകള്‍ക്ക് മുഴുവൻ ബർത്തായി അപ്ഗ്രേഡ് ചെയ്യാൻ ഇതിലൂടെ സാധിക്കും.

എന്തിനാണ് ആർ.എ.സി സൗകര്യം കൊണ്ടുവന്നത്? റെയില്‍വേ റിസർവേഷൻ വലിയൊരു പങ്കും മാനുവലായി കൈകാര്യം ചെയ്തിരുന്ന കാലത്താണ് ആർ.എ.സി കൊണ്ടുവന്നത്. അവസാന നിമിഷത്തെ റദ്ദാക്കലുകള്‍ക്ക് ശേഷം വെറുതെ കിടക്കുന്ന ബെർത്തുകള്‍ ഉപയോഗപ്പെടുത്താനും, ട്രെയിനില്‍ കൂടുതല്‍ യാത്രക്കാർക്ക് യാത്ര സൗകര്യം ഒരുക്കാനും ഇത് സഹായിച്ചിരുന്നു. കമ്പ്യൂട്ടറൈസ്ഡ് റിസർവേഷൻ സംവിധാനങ്ങള്‍ നിലവില്‍ വന്നതോടെ ബെർത്ത് അലോട്ട്മെന്റും അപ്ഗ്രഡേഷനുകളും കൈകാര്യം ചെയ്യാൻ എളുപ്പമായി. എങ്കിലും ആർ.എ.സി സംവിധാനം റെയില്‍വേ റിസർവേഷൻ സമ്പ്രദായത്തിന്റെ ഭാഗമായി തുടരുകയായിരുന്നു.

ഇന്ത്യൻ റെയില്‍വേ ഈ സംവിധാനം അന്തിമമായി നിർത്തലാക്കുമോ എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു. നിലവില്‍ ആർ.എ.സി ഒഴിവാക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിച്ചുവരികയാണെങ്കിലും ഇതുവരെ അന്തിമ തീരുമാനമൊന്നും പ്രഖ്യാപിച്ചിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments