Sunday, November 15, 2026
HomeIndiaഎണ്ണവിപണിയിൽ ഗൾഫ് രാജ്യങ്ങളോട് അടുത്ത് ഇന്ത്യ: റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്

എണ്ണവിപണിയിൽ ഗൾഫ് രാജ്യങ്ങളോട് അടുത്ത് ഇന്ത്യ: റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്

ന്യൂഡൽഹി: ഇന്ത്യയുടെ എണ്ണ വിപണിയിൽ റഷ്യക്കുണ്ടായിരുന്ന ആധിപത്യത്തിന് മങ്ങലേൽക്കുന്നു. റഷ്യൻ എണ്ണക്ക് ലഭിച്ചിരുന്ന വിലക്കുറവ് കുറഞ്ഞതും കപ്പൽ ഗതാഗതച്ചെലവ് ഉയർന്നതും ഇന്ത്യൻ എണ്ണക്കമ്പനികളെ വീണ്ടും ഗൾഫ് രാജ്യങ്ങളിലേക്ക് അടുപ്പിക്കുകയാണ്. നവംബറിലെ കണക്കുകൾ പ്രകാരം ഗൾഫ് രാജ്യങ്ങളിൽ നിന്ന് പ്രതിദിനം 21 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഇന്ത്യ ഇറക്കുമതി ചെയ്തപ്പോൾ, റഷ്യയിൽ നിന്നുള്ള ഇറക്കുമതി 18 ലക്ഷം ബാരലായി കുറഞ്ഞെന്ന് ആഗോള വ്യാപാര വിവര ശേഖരണ ഏജൻസിയായ കെപ്ലറിന്റെ കണക്കുകൾ ഉദ്ധരിച്ച് ‘ഓയിൽ പ്രൈസ്’ റിപ്പോർട്ട് ചെയ്തു.

യുക്രെയ്ൻ യുദ്ധത്തെത്തുടർന്ന് പാശ്ചാത്യ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയതോടെ വൻ വിലക്കുറവിൽ ലഭിച്ച റഷ്യൻ എണ്ണ ഇന്ത്യ വലിയതോതിൽ വാങ്ങിയിരുന്നു. എന്നാൽ നിലവിൽ റഷ്യൻ എണ്ണയുടെ വിലയിലെ ആനുകൂല്യം കുറയുകയും കപ്പൽ ഗതാഗതച്ചെലവ് വർധിക്കുകയും ചെയ്തത് ഇന്ത്യൻ കമ്പനികളെ പുനർചിന്തനത്തിന് പ്രേരിപ്പിച്ചു. വിപണിയിൽ ലഭ്യത മെച്ചപ്പെട്ടതോടെ ഗൾഫ് എണ്ണ വാങ്ങുന്നത് കൂടുതൽ ലാഭകരമായി മാറുകയും, ചില ഇന്ത്യൻ കമ്പനികൾ റഷ്യയിൽ നിന്നുള്ള ഇറക്കുമതി കുറക്കാൻ നടപടികൾ തുടങ്ങുകയും ചെയ്തു.

ഇറാൻ യുദ്ധത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെട്ടതും നേരത്തെ ഗൾഫിൽ നിന്നുള്ള എണ്ണ വരവിനെ സാരമായി ബാധിച്ചിരുന്നു. യുദ്ധത്തിന് മുമ്പ് പ്രതിദിനം ശരാശരി 28 ലക്ഷം ബാരൽ എണ്ണ ഇറക്കുമതി ചെയ്തിരുന്ന സ്ഥാനത്ത്, ഏപ്രിലിൽ ഇത് 2.47 ലക്ഷം ബാരലായി കൂപ്പുകുത്തി. എന്നാൽ ഈ സമുദ്രപാതയിലൂടെയുള്ള ചരക്കുനീക്കം വീണ്ടും സജീവമായതോടെ വിതരണം ശക്തമായി. എന്നിരുന്നാലും റഷ്യയിൽ നിന്നുള്ള ഇറക്കുമതി ഇന്ത്യ പൂർണമായി നിർത്തിയിട്ടില്ലെന്നും, അന്താരാഷ്ട്ര വിപണിയിലെ വിലയും ലഭ്യതയും ഗതാഗതച്ചെലവും വിലയിരുത്തി ഏറ്റവും ലാഭകരമായ വിപണി തിരഞ്ഞെടുക്കുന്ന തന്ത്രമാണ് ഇന്ത്യൻ എണ്ണക്കമ്പനികൾ പിന്തുടരുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments