Sunday, November 15, 2026
HomeEuropeബ്രിട്ടനിലെ അമേരിക്കൻ വ്യോമ താവളത്തിനു മുകളിൽ അനധികൃത ഡ്രോണുകൾ: ജാഗ്രത ശക്തമാക്കി സൈന്യം

ബ്രിട്ടനിലെ അമേരിക്കൻ വ്യോമ താവളത്തിനു മുകളിൽ അനധികൃത ഡ്രോണുകൾ: ജാഗ്രത ശക്തമാക്കി സൈന്യം

ഇംഗ്ലണ്ടിലെ റോയൽ എയർഫോഴ്‌സിന്റെ ലേക്കൻഹീത്ത് വ്യോമതാവളത്തിന് മുകളിൽ അനധികൃത ഡ്രോണുകൾ കണ്ടതായി സംശയം ഉയർന്നതിനെ തുടർന്ന് ബ്രിട്ടനിലെ യുഎസ് സൈനിക താവളങ്ങളിൽ ജാഗ്രത ശക്തമാക്കി. വെള്ളിയാഴ്ച വൈകിട്ടാണ് ഡ്രോണുകൾ കണ്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നത്. ഇംഗ്ലണ്ടിലെ ഈസ്റ്റ് ആംഗ്ലിയയിൽ സ്ഥിതി ചെയ്യുന്ന ലേക്കൻഹീത്ത് താവളത്തിൽ പ്രധാനമായും യുഎസ് വ്യോമസേനയുടെ 48-ാമത് ഫൈറ്റർ വിങ്ങിലെ സൈനികരാണ് പ്രവർത്തിക്കുന്നത്. സംഭവത്തിൽ അന്വേഷണം നടത്തിയെങ്കിലും ബ്രിട്ടീഷ്, യുഎസ് വ്യോമസേനകളുടെ അടിസ്ഥാന സൗകര്യങ്ങൾക്ക് നാശനഷ്ടമുണ്ടായിട്ടില്ലെന്ന് താവളത്തിന്റെ വക്താവ് റോയിട്ടേഴ്സിനോട് പറഞ്ഞു.

യുഎസ് സൈനികരുടെയും അവരുടെ കുടുംബങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ ബ്രിട്ടീഷ് അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് യുഎസ് വ്യോമസേനാ വക്താവും വ്യക്തമാക്കി. സംഭവം പരിഹരിച്ചതായും കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ യുഎസ് അധികൃതരുമായി സഹകരിച്ച് അന്വേഷണം നടത്തുകയാണെന്നും ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം ബിബിസിയോട് പറഞ്ഞു. സഫോക്ക് കൗണ്ടിയിലെ ലേക്കൻഹീത്ത് താവളത്തിലും സമീപത്തെ മിൽഡൻഹാൾ, ഫെൽറ്റ്‌വെൽ വ്യോമതാവളങ്ങളിലും അപായ സൈറണുകൾ മുഴങ്ങിയതായി പ്രദേശവാസികൾ അറിയിച്ചതായും ബിബിസി റിപ്പോർട്ട് ചെയ്തു.

യുഎസ് സായുധസേനയുടെ സുരക്ഷാ മുന്നറിയിപ്പ് സംവിധാനം ‘ഡെൽറ്റ’ തലത്തിലേക്ക് ഉയർത്തിയതായി സമൂഹമാധ്യമങ്ങളിൽ ചില അക്കൗണ്ടുകൾ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇത് സ്ഥിരീകരിക്കുന്ന ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. അതേസമയം, ബ്രിട്ടനിലെ യുഎസ് വ്യോമതാവളങ്ങളിലെ സുരക്ഷാ മുന്നറിയിപ്പ് രണ്ടാം ഉയർന്ന തലമായ ‘ചാർലി’യിലേക്ക് ഉയർത്തിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. സെപ്റ്റംബർ 29ന് ഇംഗ്ലണ്ടിലെ മറ്റൊരു സംയുക്ത യുഎസ്-ബ്രിട്ടീഷ് വ്യോമതാവളമായ ആർഎഎഫ് ഫെയർഫോർഡിലുണ്ടായ സുരക്ഷാ സംഭവത്തിന് പിന്നാലെയാണ് പുതിയ ഡ്രോൺ റിപ്പോർട്ടുകൾ.

സംശയാസ്പദമായ വാഹനങ്ങൾ താവളത്തിന് സമീപത്തേക്ക് നീങ്ങുന്നത് കണ്ടതിനെ തുടർന്ന് വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തിയിരുന്നു. ബ്രിട്ടീഷ് സൈന്യത്തിന്റെ ബോംബ് നിർവീര്യമാക്കൽ സംഘവും പൊലീസും ചേർന്ന് പരിശോധന നടത്തി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി 85 വീടുകളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുകയും പ്രദേശത്ത് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. സംഭവത്തിന് പിന്നാലെ യുഎസ് വ്യോമസേനയുടെ ബി-1 ലാൻസർ ബോംബർ വിമാനം ഫെയർഫോർഡ് താവളത്തിൽനിന്ന് മാറ്റുകയും ചെയ്തു.ഇറാനുമായി ബന്ധമുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു സംഭവമെന്നാണ് ബ്രിട്ടീഷ് അധികൃതരുടെ വിലയിരുത്തൽ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments