റിയാദ്: റിയാദ് ഉൾപ്പെടെ സൗദി അറേബ്യയിലെ പ്രമുഖ പ്രവിശ്യകളെ ലക്ഷ്യമിട്ട് ഹൂതി ഭീകരർ തൊടുത്തുവിട്ട നിരവധി ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകൾ വ്യോമപ്രതിരോധ സേന വിജയകരമായി പ്രതിരോധിച്ച് തകർത്തതായി യെമനിലെ നിയമസാധുതയുള്ള ഭരണകൂടത്തെ പിന്തുണയ്ക്കുന്ന അറബ് സഖ്യസേന അറിയിച്ചു.തലസ്ഥാനമായ റിയാദ്, കിഴക്കൻ പ്രവിശ്യ, രാജ്യത്തിന്റെ തെക്കൻ മേഖല എന്നിവ ലക്ഷ്യമാക്കിയാണ് ആക്രമണ ശ്രമങ്ങൾ നടന്നതെന്ന് സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി വ്യക്തമാക്കി.
വ്യോമപ്രതിരോധ സേനയുടെ സമയോചിതമായ ഇടപെടലിലൂടെ വൻ ദുരന്തമാണ് ഒഴിവായത്. കിഴക്കൻ പ്രവിശ്യ ലക്ഷ്യമാക്കി എത്തിയ ഒരു ബാലിസ്റ്റിക് മിസൈലും റിയാദിലേക്ക് തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകളും ആകാശത്തുവെച്ചുതന്നെ വ്യോമസേന തകർത്തു. ഇതിനുപുറമെ, റിയാദ്, തെക്കൻ മേഖലകൾ ലക്ഷ്യമിട്ട് വിക്ഷേപിച്ച രണ്ട് ക്രൂയിസ് മിസൈലുകളും വിജയകരമായി നിഷ്പ്രഭമാക്കിയതായി മേജർ ജനറൽ തുർക്കി അൽ മാലിക്കി കൂട്ടിച്ചേർത്തു.

