Monday, November 9, 2026
HomeNewsനഷ്ടം സഹിച്ചും വൈദ്യുതി സറണ്ടർ ചെയ്ത് കെഎസ്ഇബി: കോടികളുടെ നഷ്ടം

നഷ്ടം സഹിച്ചും വൈദ്യുതി സറണ്ടർ ചെയ്ത് കെഎസ്ഇബി: കോടികളുടെ നഷ്ടം

തിരുവനന്തപുരം : വിലകൂടിയ വൈദ്യുതി വാങ്ങുന്നതിനെച്ചൊല്ലിയുള്ള തർക്കം കൊടുമ്പിരിക്കൊള്ളുമ്പോഴും വാങ്ങിയ വൈദ്യുതി കെ.എസ്.ഇ.ബി. വേണ്ടെന്നുവെക്കുന്നു. 80 ലക്ഷം മുതൽ ഒരുകോടി യൂണിറ്റുവരെയുള്ള വൈദ്യുതി മിച്ചമാണ് ദിവസേന സറണ്ടർചെയ്യുന്നത്. ഇതിൽ 80 ശതമാനവും സറണ്ടർ ചെയ്യുന്നത് പകലാണ്.

ഉപയോഗിച്ചാലും ഇല്ലെങ്കിലും വിലയുടെ ഒരുഭാഗമായ ‘വേരിയബിൾ കോസ്റ്റ് ‘ നൽകേണ്ടിവരുന്നതിനാൽ കോടികളാണ് കെ.എസ്.ഇ.ബിക്ക് ഇതുവഴി നഷ്ടം. ദിവസം മുഴുവൻ കിട്ടുന്ന വൈദ്യുതി വാങ്ങിയാൽ ഈ നഷ്ടം കൂടുകയേയുള്ളൂ. ഇത് കെ.എസ്.ഇ.ബിക്കും ഉപഭോക്താക്കൾക്കും വലിയ ബാധ്യതയുണ്ടാക്കും.

നവംബർ ഒന്നുമുതൽ ഹിമാചലിൽനിന്നോ ജി.എൻ.എയിൽ നിന്നോ വൈദ്യുതി വാങ്ങുന്നില്ല. എന്നിട്ടും സോളാർ ഉൾെപ്പടെ ലഭ്യമായതുകൊണ്ട് പകൽ വൈദ്യുതി വൻതോതിൽ മിച്ചമാണ്. സതേൺ റീജണൽ ലോഡ് ഡെസ്പാച്ച് സെന്ററിന്റെ കണക്കുപ്രകാരം നവംബർ ഒന്നിനുമാത്രം സറണ്ടർ ചെയ്തത് 1.13 കോടി യൂണിറ്റ്. ഇത് മൊത്തം പ്രതിദിന ഉപഭോഗത്തിന്റെ പത്തുശതമാനത്തോളം വരും. ഒൻപതുകോടി യൂണിറ്റാണ് ഇപ്പോൾ ശരാശരി ദിവസേന വേണ്ടിവരുന്നത്. കേന്ദ്രനിലയങ്ങളിൽനിന്നുള്ള വൈദ്യുതിക്കാണ് വേരിയബിൾ കോസ്റ്റ് ഏറ്റവും കുറവ്. ഏകദേശം രണ്ടുരൂപ. അതനുസരിച്ച് ഒരു കോടി യൂണിറ്റ് സറണ്ടർ ചെയ്താൽ ബോർഡിന് ദിനനഷ്ടം രണ്ടുകോടി രൂപ.

ഫെബ്രുവരിവരെ കെ.എസ്.ഇ.ബിക്ക് അധിക വൈദ്യുതി വാങ്ങേണ്ടിവരില്ലെന്നാണ് റെഗുലേറ്ററി കമ്മിഷൻ വിലയിരുത്തൽ. എൻ.ടി.പി.സി.യുടെ സിന്നാർ താപനിലയത്തിൽനിന്ന് കിട്ടുമെന്നു കരുതുന്ന 540 മെഗാവാട്ട് വൈദ്യുതി കൂടി കണക്കിലെടുത്താണിത്. പീക്ക് സമയത്ത് ബോർഡ് പ്രതീക്ഷിച്ചതിനെക്കാൾ 500 മുതൽ ആയിരം മെഗാവാട്ടുവരെ കുറച്ചേ ഇപ്പോൾ വൈദ്യുതി ആവശ്യമുള്ളൂ.

സിന്നാറിൽനിന്ന് ജനുവരിയിൽ 270 മെഗാവാട്ടും മാർച്ചിൽ 270 മെഗാവാട്ടും ലഭിക്കാനാണ് മുൻ ചെയർമാൻ ഡോ. എം.ജി. രാജമാണിക്യം ചർച്ച നടത്തിയത്. വൈദ്യുതി വാങ്ങൽ എഗ്രിമെന്റ് എൻ.ടി.പി.സിക്ക് കെ.എസ്.ഇ.ബി. അയച്ചിട്ടുണ്ട്. എന്നാൽ എൻ.ടി.പി.സി. ഇനിയും ഒപ്പിട്ടിട്ടില്ല. സിന്നാറിൽനിന്ന് വൈദ്യുതി കിട്ടിയില്ലെങ്കിൽ സാഹചര്യം മാറും.

ദസറയ്ക്കുശേഷം വടക്കേയിന്ത്യയിൽ വൈദ്യുതി ഉപഭോഗം കുറഞ്ഞതോടെ പവർ എക്സ്ചേഞ്ചിൽ വൈദ്യുതി നിരക്ക് കുറഞ്ഞു. വടക്കേയിന്ത്യയിൽ ഇപ്പോൾ വൈകുന്നേരം അഞ്ചുമുതൽ രാത്രി എട്ടുവരെയാണ് ഏറ്റവും കൂടുതൽ വൈദ്യുതി ആവശ്യമായി വരുന്നത്.

രാവിലെ എട്ടുമുതൽ വൈകുന്നേരം അഞ്ചുവരെ എക്സ്ചേഞ്ചിലെ വില 30 പൈസമുതൽ 2.10 രൂപവരെ മാത്രം. വൈകുന്നേരം അഞ്ചുമുതൽ രാത്രി എട്ടുവരെ 8 മുതൽ 10 രൂപവരെ.രാത്രി 12 മുതൽ പുലർച്ചെ അഞ്ചുമണിവരെ 3.50 രൂപ മുതൽ 4.38 രൂപവരെ നിരക്കിലും വൈദ്യുതി കിട്ടും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments