ജിദ്ദ: സൗദിയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നത് വീണ്ടും നീട്ടി ഇന്ത്യൻ വിമാനക്കമ്പനികൾ. ആകാശ എയർ ജിദ്ദയിലേക്ക് നവംബർ 18 വരെയാണ് നീട്ടിയത്. നേരത്തെ ഇൻഡിഗോയും എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും സർവീസുകൾ നവംബർ 14 വരെ നീട്ടിയിരുന്നു.
ഹൂതി ആക്രമണങ്ങൾക്ക് കുറവ് വരാത്ത സാഹചര്യത്തിലാണ് വിമാനക്കമ്പനികൾ സർവീസ് റദ്ദാക്കുന്നത്. കഴിഞ്ഞ ദിവസം എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും റദ്ദാക്കൽ നീട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ആകാശ എയർ നവംബർ 18 വരെ ജിദ്ദയിലേക്ക് സർവീസ് ക്യാൻസൽ ചെയ്തത്. നേരത്തെ നവംബർ 10 വരെയാണ് ക്യാൻസൽ ചെയ്തിരുന്നത്. റിയാദിലേക്ക് നവംബർ 30 വരെ സർവീസുകൾ നേരത്തെ റദ്ദാക്കിയിരുന്നു.
ഫ്ലൈനാസ് ഇന്ത്യയിലേക്ക് ദമ്മാം, റിയാദ് അധിക സർവീസുകൾ ഷെഡ്യൂൾ ചെയ്തതും പുതുതായി ജിദ്ദ–കോഴിക്കോട് സർവീസ് ആരംഭിക്കുന്നതും യാത്രക്കാർക്ക് ആശ്വാസമാണ്. ഖത്തർ എയർവേയ്‌സ്, സലാം എയർ, ഒമാൻ എയർ, ഫ്ലൈ ദുബായ് തുടങ്ങിയ വിദേശ വിമാനക്കമ്പനികളെയാണ് തീർഥാടകർ ഉൾപ്പെടെയുള്ളവർ ആശ്രയിക്കുന്നത്.

