ബര്‍ലിന്‍ : ജര്‍മനിയില്‍ ‘ജെൻ സി’ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ പ്രതിഷേധങ്ങള്‍ വലിയ തോതിലുള്ള അക്രമങ്ങളിലും സംഘര്‍ഷങ്ങളിലും കലാശിച്ചു. രാജ്യത്തുടനീളമുള്ള 34 നഗരങ്ങളിലായി ഒരുലക്ഷത്തിയിരുപതിനായിരം യുവജനങ്ങള്‍ തെരുവിലിറങ്ങി.
പ്രതിഷേധത്തിന്റെ അവസാനത്തോടുകൂടി അക്രമികൾ രംഗം കയ്യേറുകയായിരുന്നു. പങ്കെടുക്കുമെന്നറിയിച്ച് ഓണ്‍ലൈന്‍വഴി ആകെ റജിസ്റ്റര്‍ ചെയ്തത് 1,60,000 ആയിരുന്നു. വിദ്യാഭ്യാസ രംഗത്തെ തകര്‍ച്ച, ജീവിതച്ചെലവിലുണ്ടായ വര്‍ധനവ്, കാലാവസ്ഥാ വ്യതിയാനം, സാമൂഹിക സുരക്ഷാ വെട്ടിക്കുറയ്ക്കലുകള്‍, നിര്‍ബന്ധിത സൈനിക സേവനത്തിലേക്കുള്ള മടക്കം എന്നിവയ്ക്കെതിരെയാണ് യുവജനങ്ങള്‍ സമരമുഖത്തിറങ്ങിയത്.
നഗരങ്ങളിലെ കടുത്ത അക്രമങ്ങളും പൊലീസുമായുള്ള ഏറ്റുമുട്ടലുകളുംജര്മനിയുടെ തലസ്ഥാന നഗരമായ ബർലിനിൽ കല്ലേറും പടക്ക ചാവേറുകളും അരങ്ങേറി. പൊലീസിനു നേരെ നടത്തിയ കല്ലേറിനെത്തുടര്‍ന്ന് ഡെമോ മുന്‍കൂട്ടി അവസാനിപ്പിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായി. തെരുവോരങ്ങളില്‍ റോഡപകടങ്ങള്‍ സൃഷ്ടിച്ചും ട്രാഫിക് തടസ്സപ്പെടുത്തിയും വലിയ തോതിലുള്ള അസ്വസ്ഥതകളാണുണ്ടായത്. ഔദ്യോഗിക പ്രതിഷേധ റാലികള്‍ക്ക് പുറമേ, സ്വതന്ത്രമായി ഒത്തുകൂടിയ ഏകദേശം 3,000ത്തോളം വരുന്ന സംഘം പൊലീസിനു നേരെ മുട്ടകളും ബോട്ടിലുകളും എറിയുകയും പടക്കം പൊട്ടിക്കുകയും ചെയ്തു.
സംഭവത്തിൽ 30 പൊലീസുകാര്‍ക്ക് പരുക്കേറ്റു.കൊളോണിൽ കത്തീഡ്രല്‍ പരിസരത്തും സമീപത്തെ തെരുവുകളിലും അക്രമികള്‍ ഇ സ്കൂട്ടറുകളും സൈക്കിളുകളും ഉപയോഗിച്ച് ബാരിക്കേഡുകള്‍ തീര്‍ത്തു. പൊലീസിനു നേരെ ശക്തമായ പടക്കമേറും കുപ്പിയേറിയലുമുണ്ടായതിനെ തുടര്‍ന്ന് 200ഓളം പേരെ തടഞ്ഞുവയ്ക്കുകയും നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.ഹാംബുര്‍ഗിൽ കറുത്ത വസ്ത്രം ധരിച്ചെത്തിയ മുഖംമൂടി സംഘങ്ങള്‍ നിര്‍മാണ സ്ഥലങ്ങള്‍ തകര്‍ത്ത് തീയിടുകയും, പൊലീസിന് നേരെ പടക്കങ്ങള്‍ എറിയുകയും ചെയ്തു.
ഷൂ കടകള്‍ തല്ലിപ്പൊളിച്ച് കവര്‍ച്ച നടത്തിയതിനെ തുടർന്ന് ഫ്രാങ്ക്ഫര്‍ട്ടില്‍ ഡസന്‍ കണക്കിന് ആളുകളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റുട്ട്ഗാര്‍ട്ടിലും കാര്ല്ലോസിലുമായി കല്ലേറില്‍ നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. ചിലയിടങ്ങളില്‍ ജനക്കൂട്ടത്തെ നേരിടാന്‍ പൊലീസ് ജലപീരങ്കികളും പെപ്പര്‍ സ്പ്രേയും ഉപയോഗിച്ചു. രണ്ടു പൊലീസുകാര്‍ക്ക് പരുക്കേറ്റു.സുരക്ഷാ സംവിധാനങ്ങളിലെ പാളിച്ചകളും ആശങ്കകളും പ്രക്ഷോഭങ്ങള്‍ ഉണ്ടാകുമെന്ന് മുന്‍കൂട്ടി അറിയാമായിരുന്നിട്ടും ജര്‍മനിയിലെ പല സംസ്ഥാനങ്ങളിലും പൊലീസിന്റെ വാട്ടര്‍ കാനുകള്‍ യന്ത്രത്തകരാര്‍ മൂലം വര്‍ക്ക്ഷോപ്പിലായിരുന്നു എന്നത് വലിയ ചര്‍ച്ചയായിട്ടുണ്ട്.
സ്പെയര്‍ പാര്‍ട്സുകളുടെ ലഭ്യതക്കുറവും സാങ്കേതിക പ്രശ്നങ്ങളും സുരക്ഷാ സംവിധാനങ്ങളെ ബാധിച്ചെങ്കിലും, പൊലീസിന്റെ സജീകരണങ്ങള്‍ വലിയ രീതിയിലുള്ള കൊള്ളകളും അക്രമങ്ങളും തടയാന്‍ സഹായകരമായി. ‘ജെൻ സി റെഗെല്റ്റ്’ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടന്ന യുവജന പ്രക്ഷോഭങ്ങള്‍ രാജ്യത്തുടനീളം വലിയ ചര്‍ച്ചയായിരിക്കുകയാണ്.ജര്‍മനിയിലെ 34 നഗരങ്ങളിലാണ് യുവജനങ്ങള്‍ തെരുവിലിറങ്ങിയത്. ബര്‍ലിനിലെ ബ്രാന്‍ഡന്‍ബുര്‍ഗ് ഗേറ്റിന് മുന്നില്‍ മാത്രം ഔദ്യോഗിക കണക്കുപ്രകാരം 5,000ത്തോളം ആളുകള്‍ ഒത്തുകൂടി. എന്നാല്‍ സംഘാടകരുടെ അവകാശവാദപ്രകാരം ഇത് 10,000 വരെ വരുമായിരുന്നു.
വൈകുന്നേരം ആയപ്പോഴേയ്ക്കും ഹാലോവിന് ആഘോഷക്കാര്‍ മുഖംമൂടിധരിച്ച് പ്രകടനക്കാരുടെ ഇടയിലേയ്ക്ക് മിക്ക സ്ഥലങ്ങളിലും കടന്നു കയറിയതും അക്രമത്തിന് കാരണമായി.∙ ഫ്രീഡ്രിഷ് മെർസിനെതിരെ പ്രതിഷേധംജര്മനിയുടെ നിലവിലെ ചാന്‍സലര്‍ ഫ്രീഡ്രിഷ് മെര്സിനെതിരെയും മുതിര്‍ന്ന രാഷ്ട്രീയ നേതൃത്വത്തിനെതിരെയും പ്രക്ഷോഭകര്‍ രംഗത്തുവന്നു. രാജ്യത്തിന്റെ ഫണ്ടുകള്‍ വിദ്യാര്‍ഥികള്‍ക്കോ സാമൂഹിക സുരക്ഷയ്ക്കോ നല്‍കാതെ സൈനിക ആവശ്യങ്ങള്‍ക്കും പുനരുപയോഗങ്ങള്ക്കുമായി ധൂര്‍ത്തടിക്കുന്നുവെന്ന് യുവജനങ്ങള്‍ കുറ്റപ്പെടുത്തി.
ഹാംബുര്‍ഗ് നഗരത്തില്‍ ഏകദേശം 6,700ഓളം പേര് പ്രതിഷേധത്തില്‍ പങ്കെടുത്തു. കറുത്ത വസ്ത്രം ധരിച്ച് മുഖംമൂടി അണിഞ്ഞ ചില ഗ്രൂപ്പുകള്‍ റോഡിലെ നിര്‍മാണ സൈറ്റ് ബാരിക്കേഡുകള്‍ വലിച്ചൂരി തീയിട്ടു. പൊലീസ് ജലപീരങ്കികളും പെപ്പര്‍ സ്പ്രേയും ഉപയോഗിച്ചാണ് ഇവരെ നിയന്ത്രിച്ചത്.
തീവ്ര ഇടതുപക്ഷ ആശയങ്ങളില്‍ ആകൃഷ്ടരായ നൂറോളം പേര് അടങ്ങുന്ന സംഘം ഫ്രാങ്ക്ഫര്‍ട്ടിൽ പൊലീസിനു നേരെ കല്ലുകളും പടക്കങ്ങളും ബോറുകളും എറിഞ്ഞ് വലിയ ആക്രമണം അഴിച്ചുവിട്ടു. ഹെസ്സെ ആഭ്യന്തര മന്ത്രി റോമന്‍ പോസെക് വ്യക്തമാക്കിയത് പ്രകാരം നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അതില്‍ ഒരു ഉദ്യോഗസ്ഥന്റെ പരുക്ക് ഗുരുതരമാണെന്ന് സംശയിക്കുന്നു.
പൊലീസിന്റെയും യൂണിയനുകളുടെയും വിലയിരുത്തല്‍ പ്രകാരം, പ്രക്ഷോഭങ്ങള്‍ ഭൂരിഭാഗവും സമാധാനപരമായിരുന്നു. എങ്കിലും മാസ്ക് ധരിച്ച ചില സ്വതന്ത്ര വ്യക്തികളാണ് അക്രമങ്ങള്‍ക്ക് തുടക്കമിട്ടതെന്നും, അത്തരം സന്ദര്‍ഭങ്ങളില്‍ സുരക്ഷാ സേന അതിവേഗം ഇടപെട്ടതായും അദ്ദേഹം വ്യക്തമാക്കി.
‘ജെൻ സി’ പ്രക്ഷോഭത്തിന്റെ സംഘാടകര്‍ നവംബര്‍ 20ന് വീണ്ടും യൂറോപ്പൊട്ടാകെ പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനം ചെയ്തിട്ടുണ്ടെങ്കിലും, സമാധാനപരമായ സമരങ്ങളെ ചില കുറ്റവാളി സംഘങ്ങളും തീവ്രവാദികളും ഹൈജാക്ക് ചെയ്യുന്ന സ്ഥിതിയാണ് നിലവിലുള്ളത്.∙
ജര്‍മനിക്കു പുറമേ പാരിസിലും സമാനമായ രീതിയില്‍ വലിയ പ്രക്ഷോഭങ്ങള്‍ അരങ്ങേറി. പാരിസില്‍ പ്രക്ഷോഭകാരികള്‍ നടത്തിയ മോലോട്ടോ കോക്ടെയ്ല്‍ ആക്രമണത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ശരീരം തീഗോളമായി മാറിയത് നടുക്കമുണ്ടാക്കി. സ്പെഷല്‍ സുരക്ഷാ ഗിയറുകള്‍ ഉള്ളതുകൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്. ഫ്രാന്‍സില്‍ മാത്രം 3,20,000 ആളുകള്‍ തെരുവില്‍ ഇറങ്ങിയെന്നാണ് ഔദ്യോഗിക കണക്ക്.
സാന്റിയാഗോ അടക്കമുള്ള നഗരങ്ങളില്‍ സമാധാനപരമായി ആരംഭിച്ച പ്രകടനങ്ങളില്‍ ലക്ഷക്കണക്കിന് ആളുകള്‍ അണിനിരന്നു. എന്നാല്‍ വൈകുന്നേരമായതോടെ സ്ഥിതിഗതികള്‍ ആകെ മാറിമറിഞ്ഞു. ഫ്രാന്‍സില്‍ വിദ്യാര്‍ഥി പ്രക്ഷോഭം രൂക്ഷമാവുകയും 290ലധികം പേര് അറസ്ററിലാകുകയും ചെയ്ത സാഹചര്യമാണ് ജര്‍മനിയിലെയും യുവജനങ്ങള്‍ക്കിടയില്‍ വലിയ ചലനമുണ്ടാക്കിയത്. ഫ്രാന്‍സില്‍ 320,000 ആളുകള്‍ തെരുവില്‍ ഇറങ്ങിയപ്പോള്‍, ജര്‍മനിയിലും അതിന്റെ പ്രതിഫലനങ്ങള്‍ ദൃശ്യമായി.

