പച്ചപ്പിന്റെ കമ്പളം പുതച്ച വയലേലകള്‍, കലപിലകൂട്ടി തെന്നി ഒഴുകുന്ന പുഴയില്‍ കാലിട്ട് കളിക്കുമ്പോള്‍ ഇക്കിളി കൂട്ടാന്‍ ഓടിയെത്തുന്ന പരല്‍ മീനിന്‍ കൂട്ടം. ആകാശം തൊടാന്‍ മത്സരിക്കുന്ന തെങ്ങിന്‍ തോപ്പുകള്‍. വേനലിന്റെ ചൂടില്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന ഗുല്‍മോഹര്‍ പൂക്കള്‍. ചിത്രകാരന്റെ ക്യാന്‍വാസില്‍ പതിഞ്ഞതുപോലെ മനോഹരമായ കാഴ്ചകള്‍. നമ്മുടെ പ്രകൃതി ഇങ്ങനെയൊക്കെയായിരുന്നു. നാഗരികതയും ആധുനികവത്ക്കരണവുമൊക്കെ കടന്നെത്തുന്നത് മുന്‍പ്.
ആകാശം തൊടാന്‍ മത്സരിച്ച തെങ്ങിന്‍ തോപ്പുകള്‍ക്കു പകരം ഫ്‌ളാറ്റുകളെത്തി. കുന്നുകളും മലകളുമൊക്കെ ടിപ്പര്‍ ലോറിയിലേന്തി എവിടെയൊക്കയോ മാഞ്ഞു. ജെ.സി.ബികൊണ്ട് വയലുകളുടെ മാറ് പിളര്‍ത്തു. പരിസ്ഥിതിയ്ക്ക് കോട്ടം തട്ടിയതോടെ മനുഷ്യ നിലനില്‍പ്പിനു തന്നെ ഭീഷണിയായി. മടങ്ങാം നമുക്ക് പരിസ്ഥിതിയിലേക്ക്. അതിന്റെ തുടക്കം വരും തലമുറയിലൂടെയാകട്ടെ.
പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. നമ്മുടെ ജലാശയങ്ങളും മരത്തണലുകളും ഇനി കൂടുതല്‍ കരുത്തോടെ ചേര്‍ത്തു പിടിക്കണം. പച്ചപ്പിന്റെ കൈയ്യൊപ്പ് പതിപ്പിക്കാന്‍ നമുക്ക് നമ്മുടെ കുഞ്ഞുങ്ങളെയും പഠിപ്പിക്കാം.
പരിസ്ഥിതിയ്ക്കുവേണ്ടി നാം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ നാളേയ്ക്കുവേണ്ടിയുള്ളതാണെന്ന് പുതിയ തലമുറയെ ബോധവാന്‍മാരാക്കന്‍ നമ്മുടെ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ കഴിയണം. പാഠപുസ്തകത്തില്‍ നിന്നു തുടങ്ങണം ഇതിനായുളള പ്രവര്‍ത്തനങ്ങള്‍. സ്‌കൂളുകളില്‍ ഓരോ വര്‍ഷവും പരിസ്ഥിതിദിനത്തിലും മറ്റും നട്ടുപിടിപ്പിക്കുന്ന മരങ്ങളുടെ സംരക്ഷണം അവരെക്കൊണ്ടു തന്നെ ഉറപ്പുവരുത്തണം. പരിസ്ഥിതി സൗഹൃദയാത്രകള്‍ എല്ലാ സ്‌കൂളുകളിലും നടപ്പാക്കണം. ഹരിതനഗരങ്ങള്‍ മലയാളിയും ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ട് കാലമേറെയായി. പരിസ്ഥിതിദിനങ്ങളില്‍ എവിടെയെങ്കിലുമൊക്കെ മരങ്ങള്‍ നട്ടുപടിപ്പിച്ച് കാര്യം തീര്‍ക്കാതെ ഇത്തരം പദ്ധതികളെ ദീര്‍ഘവീക്ഷണത്തോടെ സമീപിച്ച് നടപ്പാക്കാന്‍ നമുക്കും കഴിയണം. വരും തലമുറകള്‍ പരിസ്ഥിതിയുടെ കാര്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കാന്‍ അവരെ നമുക്ക് പ്രാപ്തരാക്കാം.
കാടറിയണം
നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ചിത്രകഥകളിലും സിനിമകളിലുമൊക്കെ മാത്രം കണ്ടു പരിചയമുള്ള ഇടമാണ് കാടുകള്‍. കാടിന്റെ സൗന്ദര്യവും അതിന്റെ ആവശ്യകതയും അവരെ ക്ലാസ് മുറികളില്‍ നിന്നും വീടുകളില്‍ നിന്നും ബോധ്യപ്പെടുത്തണം. വെറും പറച്ചിലിലൂടെ മാത്രമാകരുത് അത്. സമീപപ്രദശത്തുള്ള ഏതെങ്കിലുമൊക്കെ ചെറിയ കാടുകളും കുന്നുകളും മലകളുമൊക്കെ അവര്‍ക്ക് പുതിയ അനുഭവമാക്കി തീര്‍ക്കണം. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത പറഞ്ഞു മനസിലാക്കുന്നതിനേക്കാള്‍ അറിഞ്ഞ് അനുഭവിക്കാന്‍ അവസരമൊരുക്കണം.
മരങ്ങളെ അറിയണം
ചുറ്റുപാടുമുള്ള മരങ്ങളുടെ പേരുകള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് അപരിചിതമാകാന്‍ പാടില്ല. ഓരോ മരത്തിന്റെയും പേര്, സവിശേഷതകള്‍ എന്നിവ ചെറുപ്പത്തില്‍ തന്നെ പറഞ്ഞു പഠിപ്പിക്കണം. എല്ലാ വീടുകളിലും കുഞ്ഞുങ്ങളെ കൊണ്ടു തന്നെ വൃക്ഷത്തൈകള്‍ വെച്ചു പിടിപ്പിക്കുകയും അതിന്റെ സംരക്ഷണവും ഉറപ്പു വരുത്തുകയും വേണം. ഓരോ പിറന്നാളിനും കുട്ടികള്‍ അവര്‍ക്കിഷ്ടപ്പെട്ട പേര് വൃക്ഷത്തിനും ഇട്ടുകൊണ്ട് വെച്ചുപിടിപ്പിക്കുവാനുള്ള അവസരം ഒരുക്കണം. വീടിന്റെ ചുറ്റുപാടും സ്ഥലമില്ലാത്തവര്‍ അനുയോജ്യമായ മറ്റിടങ്ങള്‍ കണ്ടെത്തണം.
വൃക്ഷങ്ങള്‍ സമ്മാനിക്കാം
പ്രിയപ്പെട്ടവര്‍ക്ക് വിശേഷ ദിവസങ്ങളില്‍ വൃക്ഷങ്ങള്‍ സമ്മാനമായി നല്‍കിയാലോ? അതിന്റെ തുടക്കം നമ്മുടെ കുഞ്ഞുങ്ങളിലൂടെയാകട്ടെ. അതൊരു സംസ്‌കാരമായി മാറുകയും നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് പ്രചോദനമായി തീരുകയും ചെയ്യും.
പക്ഷിമൃഗാദികളെ അറിയണം
മരങ്ങള്‍ക്കൊപ്പം പ്രകൃതിയിലെ മറ്റു ജീവജാലങ്ങളെ പറ്റിയും കുട്ടികളില്‍ ബോധം ഉണ്ടാക്കണം. മനുഷ്യനെപ്പോലെ ഈ മണ്ണില്‍ ജീവിക്കാന്‍ എല്ലാ ജീവികള്‍ക്കും അവകാശമുണ്ടെന്നും അവയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും കുഞ്ഞുങ്ങളോട് പറയണം. സാധ്യമെങ്കില്‍ അവരെക്കൊണ്ടു തന്നെ പറമ്പിലും മറ്റും കിളികള്‍ക്ക് കുളിക്കാനും കഴിക്കാനുമുള്ള സൗകര്യങ്ങള്‍ ഉണ്ടാക്കിക്കാം. പക്ഷികളെയും മൃഗങ്ങളെയും നിരീക്ഷിക്കാന്‍ കുഞ്ഞുങ്ങളെ ശീലിപ്പിച്ചാല്‍ അവര്‍ പ്രകൃതിയുമായി കൂടുതല്‍ ഇണങ്ങും.
മണ്ണറിയണം
ഇത്തിരിയൊക്കെ മണ്ണില്‍ കളിക്കാന്‍ കുഞ്ഞിന് അവസരമൊരുക്കണം. മണ്ണ് വിലക്കപ്പെട്ട ഒന്നാണെന്ന തോന്നല്‍ നമ്മുടെ കുഞ്ഞുങ്ങളില്‍ ഉണ്ടാകുവാന്‍ പാടില്ല. പരിസ്ഥിതി സംരക്ഷണത്തിന്റെ ആദ്യപാഠങ്ങള്‍ കുഞ്ഞുങ്ങള്‍ പഠിക്കുന്നതും ഇങ്ങനെയാണ്. മാലിന്യങ്ങള്‍ മണ്ണില്‍ വലിച്ചറിയാന്‍ പാടില്ല എന്ന് കുട്ടിക്കാലത്തു തന്നെ അവരെ ബോധ്യപ്പെടുത്തണം.
കളിപ്പാട്ടങ്ങള്‍ പ്രകൃതിയില്‍ നിന്നാവട്ടെ
കുഞ്ഞുങ്ങള്‍ക്കുള്ള കളിപ്പാട്ടങ്ങളില്‍ ഏറെയും സിന്തറ്റിക് വസ്തുക്കള്‍ ഉപയോഗിച്ചുള്ളതാണ്. ഇവയുടെ ഉപയോഗം കുറച്ചുകൊണ്ട് തടിയോ തുണിയോ പോലെയുള്ള പ്രകൃതിദത്തമായ വസ്തുക്കള്‍ കൊണ്ടുള്ള കളിപ്പാട്ടങ്ങള്‍ നല്‍കാം. ഒപ്പം പ്ലാസ്റ്റികും മറ്റു വസ്തുക്കളും കാരണം പരിസ്ഥിതിക്കുണ്ടാകുന്ന പ്രശ്‌നങ്ങളെ പറ്റിയും അവര്‍ക്ക് മനസിലാക്കിക്കൊടുക്കാം.
നമ്മുടെ കുഞ്ഞുങ്ങള്‍ മണ്ണില്‍ കളിക്കട്ടെ, മരങ്ങളെ അറിയട്ടെ, കിളികളോട് മിണ്ടട്ടെ, അങ്ങനെയവര്‍ പ്രകൃതിയുമായി ഇണങ്ങട്ടെ…