Friday, December 5, 2025
HomeNewsദീപാവലി ആഘോഷം: അപകടകരമായ പടക്കങ്ങളും വ്യത്യസ്തമായ രീതികളും ഉപയോഗിച്ച് നൂറിലേറെ പേർക്ക് കാഴ്ച ശക്തി നഷ്ടപ്പെട്ടു...

ദീപാവലി ആഘോഷം: അപകടകരമായ പടക്കങ്ങളും വ്യത്യസ്തമായ രീതികളും ഉപയോഗിച്ച് നൂറിലേറെ പേർക്ക് കാഴ്ച ശക്തി നഷ്ടപ്പെട്ടു എന്ന് സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ ധ്രുവ് റാഠി

ന്യൂഡല്‍ഹി: ദീപാവലിക്ക് കാർബൈഡ് ഗൺ അടക്കമുള്ള അപകടകരമായ പടക്കങ്ങൾ ഉപയോഗിച്ച് 100ലേറെ കുട്ടികൾക്ക് കാഴ്ച നഷ്ടമായതായി പ്രമുഖ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ ധ്രുവ് റാഠി. ഈ പശ്ചാത്തലത്തിൽ രാജ്യത്തെ പടക്ക നിര്‍മാണത്തിലും ഉപയോഗത്തിലും കര്‍ശന നിയന്ത്രണങ്ങള്‍ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്ത് വിവിധ ഇടങ്ങളിൽ പടക്കം പൊട്ടിക്കുന്നതിനിടെ ഉണ്ടായ നിരവധി അപകടങ്ങളുടെ ദൃശ്യങ്ങൾ ധ്രുവ് റാഠി പങ്കുവെച്ചു.

‘ദീപാവലി ആഘോഷത്തിനിടെ മധ്യപ്രദേശിൽ 14 കുട്ടികൾക്കും പട്നയിൽ 50 കുട്ടികൾക്കുമാണ് കാഴ്ച പൂർണമായും നഷ്ടമായത്. ബംഗളൂരുവിൽ 130 പേർക്ക് പരിക്കേറ്റു. ഇവരിൽ നിരവധി പേർക്ക് കാഴ്ച പോയി. തലസ്ഥാന നഗരിയായ ഡല്‍ഹിയില്‍ മാത്രം 325 വെടിക്കെട്ട് അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിനെല്ലാം കാരണം അനിയന്ത്രിതമായി ‘കാർബൈഡ് ഗണ്‍’ പടക്കം പൊട്ടിച്ചതാണെന്നും ധ്രുവ് ചൂണ്ടിക്കാട്ടി.

സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായ കാർബൈഡ് ഗണ്ണിന്റെ അപകടത്തെ കുറിച്ച് നേരത്തെ തന്നെ ധ്രുവ് മുന്നറിയിപ്പ് നൽകിയിരുന്നു. മറ്റുള്ള പടക്കങ്ങളെ അപേക്ഷിച്ച് കാര്‍ബണ്‍ ഗണ്ണിൽനിന്നുള്ള തീപ്പൊരി വൻ പൊട്ടിത്തെറികൾക്കും അപകടങ്ങൾക്കും ഇടയാക്കുമെന്ന് ധ്രുവ് റാഠി ചൂണ്ടിക്കാട്ടിയിരുന്നു.

ചിലര്‍ ഗ്യാസ് സിലിണ്ടറിന് മുകളില്‍ വെച്ചാണ് പടക്കം പൊട്ടിച്ചത്. പലരും അപകടകരമായ അഭ്യാസപ്രകടനങ്ങള്‍ നടത്തി. ജനവാസ കേന്ദ്രങ്ങളിൽ പോലും നിയന്ത്രണങ്ങളില്ലാതെയാണ് രാജ്യത്ത് പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നത്. ഇത്തരം അപകടങ്ങളുടെ നിരവധി ദൃശ്യങ്ങർ സോഷ്യൽ മീഡിയയിൽ പലരും പോസ്റ്റ് ചെയ്തിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷ പരിഗണിക്കാതെ മാര്‍ക്കറ്റിന് മാത്രം പ്രാധാന്യം നല്‍കുന്നവരാണ് ഇത്തരം അപകടങ്ങൾക്ക് കാരണമെന്നും ധ്രുവ് റാഠി വിമര്‍ശിച്ചു

മധ്യപ്രദേശിൽ കാർബൈഡ് ഗൺ ഉപയോഗിച്ച് 122 കുട്ടികളെ കണ്ണിന് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ദീപാവലി ആഘോ‍ഷത്തിന്‍റെ ഭാഗമായി കുട്ടികൾ വ്യാപകമായി കാർബൈഡ് ഗണ്ണുകൾ ഉപയോഗിച്ചുവെന്നാണ് റിപ്പോർട്ട്. ദേശി ഫയർ ക്രാക്കർ ഗണ്ണെന്നും അറിയപ്പെടുന്ന ഇവ ടിൻ പൈപ്പും വെടി മരുന്നും ഉപയോഗിച്ചാണ് നിർമിക്കുന്നത്. ഇവ പൊട്ടിത്തെറിച്ച് കുട്ടികളുടെ മുഖത്തും കണ്ണുകളിലും പരിക്കേൽക്കുകയായിരുന്നു. ഇത്തരം പടക്കങ്ങൾ ഉപയോഗിക്കരുതെന്ന് കർശന മുന്നറിയിപ്പ് നൽകിയിട്ടും അപകടകേസുകൾ വർധിച്ചതായി ഭോപ്പാൽ, ഇന്ദോർ, ജബൽപ്പൂർ തുടങ്ങിയ ഇടങ്ങളിലെ ഡോക്ടർമാർ പറയുന്നു. ഇത്തരം പടക്കങ്ങൾ കളിപ്പാട്ടങ്ങളെല്ലെന്നും സ്ഫോടക വസ്തുക്കളാണെന്നുമാണ് ഡോക്ടർമാർ പറയുന്നു.

150 മുതൽ 200 രൂപ വരെ വില വരുന്ന ഇത്തരം ഗണ്ണുകൾ കളിപ്പാട്ടമായാണ് കടകളിൽ വിൽക്കുന്നത്. ഇവയിൽ നിന്നുള്ള തീ കണ്ണിന്‍റെ റെറ്റിനയെ തകർക്കുമെന്ന് അവർ പറയുന്നു. ഇത്തരം അപകടകരമായ വസ്തുക്കളെ പ്രോത്സാഹിപ്പിക്കുന്നതിൽ സോഷ്യൽ മീഡിയക്ക് വലിയ പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments