വില്ലാളി വീരൻ അയ്യപ്പ സ്വാമിയുടെ കഥ വീണ്ടും വെള്ളിത്തിരയിലേക്ക്. മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചലച്ചിത്രം ‘ ‘വീരമണികണ്ഠന്റെ’ പ്രഖ്യാപനം സന്നിധാനത്ത് നടന്നു. ശബരിമല അയ്യപ്പ സ്വാമിയുടെ പ്രസിദ്ധമായ കഥകളെ അടിസ്ഥാനമാക്കി ഇറങ്ങുന്ന സിനിമ വൺ ഇലവന്റെ ബാനറിൽ സജി എസ് മംഗലത്താണ് നിർമാണം.
ചിത്രത്തിന്റെ തിരക്കഥയും പോസ്റ്ററും നിയുക്ത മേൽശാന്തി അരുൺ കുമാർ നമ്പൂതിരിക്ക് കൈമാറിയാണ് സിനിമ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അടുത്ത വർഷം വൃശ്ചികത്തിൽ സിനിമ തിയേറ്ററുകളിലെത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
ത്രീഡി വിസ്മയ കാഴ്ചകളിൽ പുറത്തിറങ്ങുന്ന ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ മൊഴിമാറ്റം ചെയ്യും. നാഗേഷ് നാരായണനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ സിനിമകളിലെ പ്രമുഖ താരങ്ങളാണ് ചിത്രത്തിന്റെ ഭാഗമാകുമെന്നാണ് സൂചനകൾ.