Saturday, October 10, 2026
HomeAmericaവൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി കേറ്റി സക്കറിയയെ നിയമിച്ച് ട്രംപ്

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി കേറ്റി സക്കറിയയെ നിയമിച്ച് ട്രംപ്

വാഷിംഗ്ടൺ : കൺസർവേറ്റീവ് കമന്റേറ്ററും ട്രംപിന്റെ വിശ്വസ്തയുമായ കേറ്റി സക്കറിയയെ അടുത്ത വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. തന്നെ നിരന്തരം പിന്തുണച്ചിട്ടുള്ള വ്യക്തിയാണ് കേറ്റിയെന്ന് ട്രംപ് പ്രശംസിച്ചു.

കാലിഫോർണിയ സ്വദേശിയായ കേറ്റി സക്കറിയ, ഈ വർഷം ആദ്യം ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയിൽ വക്താവായി ചുരുങ്ങിയ കാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ ട്രംപിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ ചീഫ് കമ്മ്യൂണിക്കേഷൻസ് അഡൈ്വസറായി പ്രവർത്തിക്കുകയാണ്. ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും അവർ സജീവമായിരുന്നു.“തുടക്കം മുതൽക്കേ അവർ എന്നെ ശക്തമായി പിന്തുണയ്ക്കുന്ന ആളാണ്. കേറ്റി ട്രംപ് ഭരണകൂടവുമായും മാധ്യമങ്ങളുമായും അമേരിക്കൻ ജനതയുമായും മികച്ച രീതിയിൽ ഒത്തുപോകുമെന്ന് എനിക്ക് ഉറപ്പുണ്ട്,” ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

കഴിഞ്ഞ ഓഗസ്റ്റ് അവസാനം കരോലിൻ ലെവിറ്റ് സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് പുതിയ നിയമനം. സെപ്റ്റംബർ 3-ന് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് നടത്തിയ വാർത്താസമ്മേളനത്തിന് ശേഷം വൈറ്റ് ഹൗസിൽ മറ്റ് ഔദ്യോഗിക മാധ്യമ ബ്രീഫിംഗുകളൊന്നും നടന്നിരുന്നില്ല.“ഈ നിർണായക ഘട്ടത്തിൽ പ്രസിഡന്റ് ട്രംപിനെയും അമേരിക്കൻ ജനതയെയും സേവിക്കാൻ കഴിയുന്നത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നു,” കേറ്റി സക്കറിയ പ്രതികരിച്ചു. പെപ്പർഡൈൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദവും നിയമബിരുദവും നേടിയ ആളാണ് കേറ്റി.

തന്റെ ജിമ്മിൽ ‘മേയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗൈൻ’ തൊപ്പി ധരിച്ചെത്തിയതിന് ജിം ഉടമ വിലക്കേർപ്പെടുത്തിയതിനെതിരെ കേറ്റി മുൻപ് ‘ന്യൂയോർക്ക് പോസ്റ്റിൽ’ എഴുതിയ ലേഖനം ഏറെ ശ്രദ്ധ നേടിയിരുന്നു. സ്വകാര്യ സ്ഥാപനങ്ങൾക്ക് ബാധകമല്ലെങ്കിലും, തന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ് അതെന്നായിരുന്നു അന്ന് കേറ്റിയുടെ നിലപാട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments