വാഷിങ്ടൻ : ആധുനിക അമേരിക്കയിൽ ഇതാദ്യമായി പരസ്യ വധശിക്ഷ നടപ്പാക്കൽ പ്രഖ്യാപിച്ച് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്. 2009ൽ ടെക്സസിലെ ഫോർട്ട് ഹുഡ് സേനാതാവളത്തിൽ വെടിവയ്പു നടത്തി 13 പേരുടെ ജീവനെടുത്ത നിദാൽ ഹസന്റെ (56) വധശിക്ഷയാണ് ആർമിയുടെ ഫയറിങ് സ്ക്വാഡ് ഡിസംബർ 3ന് നടപ്പാക്കുക. സൈനികരുടെ സംഘം പ്രതിക്കുനേരെ ഒരുമിച്ചു വെടിയുതിർത്ത് വധശിക്ഷ നടപ്പാക്കുന്നത് എല്ലാവർക്കും കാണാനായി പെന്റഗൺ ലൈവ്സ്ട്രീമിങ് ഒരുക്കും.
1945നു ശേഷം ഇതാദ്യമാണ് യുഎസിൽ വധശിക്ഷ നടപ്പാക്കാനായി ഫയറിങ് സ്ക്വാഡിനെ നിയോഗിക്കുന്നത്. ഇറാനിലും താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാനിലും പരസ്യമായി വധശിക്ഷ നടപ്പാക്കുന്ന രീതി ഇന്നുമുണ്ടെങ്കിലും ഏതെങ്കിലുമൊരു രാജ്യം വധശിക്ഷ ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്തതോ ലൈവ്സ്ട്രീമിങ് നടത്തിയതോ ആയ ചരിത്രമില്ല.
സേനയിൽ സൈക്യാട്രിസ്റ്റ് ആയിരുന്ന ഹസൻ സൈനിക ആശുപത്രിയിൽ കൂട്ടക്കുരുതി നടത്തിയത് 2009 നവംബർ 5 വ്യാഴാഴ്ച ഒരുമണിക്കായിരുന്നു. സൈനികയൂണിഫോമിൽ ഭീകരാക്രമണം നടത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കുന്ന ഡിസംബർ മൂന്നും ഒരു വ്യാഴാഴ്ചയാണെന്ന് ഹെഗ്സെത്ത് പറഞ്ഞു. കൃത്യം ഒരു മണിക്ക് ശിക്ഷ നടപ്പാക്കും. ഹസൻ അപ്പീൽ നൽകിയാലും ഗൗനിക്കില്ല. യുഎസ്എസ് ഏബ്രഹാം ലിങ്കൺ വിമാനവാഹിനിക്കപ്പലിലെ സൈനികരുമായി കൂടിക്കാഴ്ച നടത്താനെത്തിയപ്പോഴാണ് മാധ്യമഅഭിമുഖത്തിൽ ഹെഗ്സെത്ത് പരസ്യവധശിക്ഷയെക്കുറിച്ചു പറഞ്ഞത്.

