ഗ്ലോബൽ വിമാന ഇന്ധനവിലയിലുണ്ടായ കുത്തനെയുള്ള വർധനവിനെത്തുടർന്ന് ഇൻഡിഗോക്ക് പിന്നാലെ എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ആകാശ എയർ എന്നീ വിമാന കമ്പനികളും ഇന്ധന സർചാർജ് വർദ്ധിപ്പിച്ചു. പുതുക്കിയ നിരക്കുകൾ നാളെ മുതൽ പ്രാബല്യത്തിൽ വരുമെന്ന് കമ്പനികൾ അറിയിച്ചു. ഇതോടെ വരും ദിവസങ്ങളിൽ ആഭ്യന്തര, അന്താരാഷ്ട്ര വിമാന യാത്രകൾ കൂടുതൽ ചെലവേറിയതാകും.
ആഭ്യന്തര സർവീസുകളിൽ സഞ്ചരിക്കുന്ന ദൂരത്തിനനുസരിച്ച് ഒരു വശത്തേക്ക് 400 രൂപ മുതൽ 1,200 രൂപ വരെയാണ് ഇന്ധന സർചാർജ് വർദ്ധിപ്പിച്ചിരിക്കുന്നത്. അന്താരാഷ്ട്ര സർവീസുകളിലെ ടിക്കറ്റ് നിരക്കുകളിലും വലിയ വർദ്ധനവാണുണ്ടാകുക. നോർത്ത് അമേരിക്കൻ രാജ്യങ്ങളിലേക്ക് ഏകദേശം 18,000 രൂപയും, യൂറോപ്പ്, യു കെ എന്നിവിടങ്ങളിലേക്ക് 11,300 രൂപയോളവും, പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്ക് ഏകദേശം 4,600 രൂപയും ഇന്ധന സർചാർജായി കൂട്ടിയിട്ടുണ്ട്.
ആഗോളതലത്തിലുണ്ടായ ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ഊർജ്ജ വിപണിയിലെ അനിശ്ചിതത്വവുമാണ് വിമാന ഇന്ധനവില ക്രമാതീതമായി ഉയരാൻ കാരണമായതെന്ന് വ്യോമയാന കമ്പനികൾ വ്യക്തമാക്കി. നേരത്തെ ഇൻഡിഗോയും സമാനമായ രീതിയിൽ നിരക്കുകൾ വർദ്ധിപ്പിച്ചിരുന്നു. ഇന്ധനച്ചെലവ് ഉയർന്നതോടെ മറ്റ് കമ്പനികളും സർചാർജ് വർദ്ധിപ്പിക്കാൻ നിർബന്ധിതരാകുകയായിരുന്നു.

