ദുബൈ : കെ. സുധാകരന്‍ എംപി ദുബൈയിലെ ആശുപത്രിയില്‍ തടങ്കലില്ലെന്ന് മകന്‍ സഞ്‌ജോഗ്. അച്ഛനെ കാണാന്‍ അനുവദിക്കുന്നില്ലെന്നും അച്ഛന്‍ മറ്റാരുടെയോ കസ്റ്റഡിയിലാണെന്നും മകന്‍ പറയുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ചതായി ഡോക്ടര്‍ പറഞ്ഞുവെന്ന് ബന്ധുക്കള്‍ അറിയിച്ചു. കെ. സുധാകരന്‍ ഐസിയുവിലാണെന്നും ഇതില്‍ ദുരൂഹത സംശയിക്കുന്നുവെന്നും ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോകാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും മകന്‍ ആവശ്യപ്പെട്ടു.
അമേരിക്കയിലേക്ക് ചികിത്സക്കായി പോകാനുള്ള തയ്യാറെടുപ്പിനിടെ, കണ്‍സള്‍ട്ടേഷനായി നവംബർ 27-നാണ് സുധാകരനെ ദുബൈ ഹില്‍സിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനകള്‍ക്ക് ശേഷം അഡ്മിറ്റ് ചെയ്യുകയും പിന്നീട് എന്‍സെഫലോപതി സംശയിച്ച് നിരീക്ഷണത്തിനായി ഐസിയുവിലേക്ക് മാറ്റുകയായിരുന്നുവെന്നും മകന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇന്ന് ഡല്‍ഹിയിലേക്ക് പോകാന്‍ ഒരുങ്ങിയിരിക്കെയാണ് പെട്ടെന്ന് ഐസിയുവിലേക്ക് മാറ്റിയത്. ഇന്നലെ വരെ അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ഇന്ന് അകത്തേക്ക് പ്രവേശിക്കാന്‍ അനുവദിച്ചില്ല. രാവിലെ ഏഴുമണിക്ക് എത്തി അന്വേഷിച്ചപ്പോള്‍ രോഗി അവിടെയില്ലെന്ന മറുപടിയാണ് ആദ്യം ലഭിച്ചത്. പിന്നീട് തര്‍ക്കവും സെക്യൂരിറ്റിയെ വിളിക്കുന്ന സാഹചര്യവുമുണ്ടായെന്നും മകനും ബന്ധുക്കളും പറയുന്നു.
നിലവില്‍, ഈ ആശുപത്രിയില്‍ വിശ്വാസമില്ലെന്നും കെ. സുധാകരനെ വേഗത്തില്‍ കേരളത്തിലേക്ക് കൊണ്ടുപോകാനുള്ള സൗകര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ട് മകനും മരുമകനും രേഖാമൂലം കത്ത് നല്‍കാനുള്ള തയ്യാറെടുപ്പിലാണ്.

