Sunday, November 29, 2026
HomeNewsഅഫ്ഗാനിസ്ഥാനിൽ സ്കൂളിന് സമീപം വൻ സ്ഫോടനം: 10 മരണം, കുട്ടികളടക്കം നിരവധി പേർക്ക് പരുക്ക്

അഫ്ഗാനിസ്ഥാനിൽ സ്കൂളിന് സമീപം വൻ സ്ഫോടനം: 10 മരണം, കുട്ടികളടക്കം നിരവധി പേർക്ക് പരുക്ക്

കാബൂൾ : കിഴക്കൻ അഫ്ഗാനിസ്ഥാനിലെ കുനാർ പ്രവിശ്യയിൽ സ്കൂളിന് സമീപമുണ്ടായ വൻ സ്ഫോടനത്തിൽ പത്ത് പേർ കൊല്ലപ്പെട്ടു. 110 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ ഭൂരിഭാഗവും കുട്ടികളാണെന്ന് അധികൃതർ അറിയിച്ചു. ശനിയാഴ്ച രാവിലെ പ്രവിശ്യാ തലസ്ഥാനമായ അസദാബാദിന്റെ പ്രാന്തപ്രദേശത്തുള്ള പ്രൈമറി, മിഡിൽ സ്കൂളിലാണ് സ്ഫോടനമുണ്ടായത്.സ്കൂളിന് സമീപം ഖനന കമ്പനികൾ സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്ന ഗോഡൗണിൽ ഉണ്ടായ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി കുനാർ സാംസ്കാരിക-വിവര വിഭാഗം ഡയറക്ടർ സാമി ഉൽ ഹഖ് ബയാൻ അറിയിച്ചു. ആഭ്യന്തര മന്ത്രാലയ വക്താവ് അബ്ദുൽ മതീൻ ഖാനിയും മരണസംഖ്യ സ്ഥിരീകരിച്ചു.

സ്ഫോടനത്തെത്തുടർന്ന് സ്കൂളിന്റെ ഒരു ഭാഗം തകർന്നു. ക്ലാസ് മുറികളിൽ കെട്ടിടാവശിഷ്ടങ്ങളും പൊടിയും നിറഞ്ഞ നിലയിലായിരുന്നു. തകർന്ന കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ കുട്ടികളെയും അധ്യാപകരെയും നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്നാണ് പുറത്തെടുത്തത്.പരുക്കേറ്റ കുട്ടികളുടെ ദൃശ്യങ്ങൾ ആശുപത്രിയിൽനിന്ന് പുറത്തുവന്നു. പലരുടെയും തലയിൽ മുറിവേറ്റിരുന്നു. ചിലർ ഒരേ കിടക്കയിൽ രണ്ടുപേർ വീതമാണ് ചികിത്സയിൽ കഴിയുന്നത്.സ്കൂളിന് സമീപം താമസിക്കുന്ന നൂർ റഹ്മാൻ സ്ഫോടനശബ്ദം കേട്ട് രക്ഷാപ്രവർത്തനത്തിന് ഓടിയെത്തുകയായിരുന്നു. സ്വന്തം കുട്ടികളും സ്കൂളിലുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

പുകയും പൊടിയും നിറഞ്ഞ കെട്ടിടത്തിനുള്ളിൽനിന്ന് നിലവിളി കേട്ടതിനെ തുടർന്ന് തിരച്ചിൽ നടത്തിയപ്പോഴാണ് ബന്ധുവായ പെൺകുട്ടിയെ കണ്ടെത്തിയത്. കെട്ടിടാവശിഷ്ടങ്ങൾ നീക്കി കുട്ടിയെയും മറ്റു പരുക്കേറ്റവരെയും പുറത്തെടുത്തതായും അദ്ദേഹം പറഞ്ഞു.

സ്ഫോടനത്തിൽ മകന് പരുക്കേറ്റ ഹാജി സുലൈമാനും അപകടത്തിന്റെ ഭീകരത വിവരിച്ചു. സ്കൂളിന്റെ മേൽക്കൂരകളും ചുമരുകളും തകർന്ന നിലയിലായിരുന്നുവെന്നും നിരവധി കുട്ടികൾ രക്തത്തിൽ കുളിച്ചുകിടക്കുന്നത് കണ്ടതായും അദ്ദേഹം പറഞ്ഞു.സ്ഫോടനത്തിൽ ചില കുട്ടികൾക്ക് ചില്ലുകൾ തറച്ചും മറ്റുചിലർക്ക് തകർന്ന ചുമരുകൾ വീണുമാണ് പരുക്കേറ്റതെന്ന് നാട്ടുകാരനായ അലി റഹ്മാൻ പറഞ്ഞു. കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ അധ്യാപകരെയും കുട്ടികളെയും രക്ഷപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തിൽ കുട്ടികൾ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തതിൽ ദുഃഖം രേഖപ്പെടുത്തി ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമ ഏജൻസിയായ യുനിസെഫ് രംഗത്തെത്തി. ദുരിതബാധിതർക്ക് അടിയന്തര ചികിത്സാ സഹായം നൽകാനും കുട്ടികളുടെയും കുടുംബങ്ങളുടെയും ആവശ്യങ്ങൾ വിലയിരുത്താനും യുനിസെഫും പങ്കാളി സംഘടനകളും സ്ഥലത്തെത്തിയിട്ടുണ്ട്.

കുട്ടികൾക്ക് സുരക്ഷിതമായ ഇടങ്ങളായിരിക്കണം സ്കൂളുകളെന്ന് യുനിസെഫ് പ്രസ്താവനയിൽ വ്യക്തമാക്കി.ഇരുമ്പയിര്, ചെമ്പ്, ഈയം, സിങ്ക്, സ്വർണം, കൽക്കരി, വിലയേറിയ രത്നങ്ങൾ തുടങ്ങിയ പ്രകൃതിവിഭവങ്ങളാൽ സമ്പന്നമാണ് അഫ്ഗാനിസ്ഥാൻ. രാജ്യത്തെ പ്രധാന വ്യവസായങ്ങളിലൊന്നാണ് ഖനനം. എന്നാൽ ഖനന കമ്പനികളിലെ സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തത അപകടങ്ങൾക്ക് കാരണമാകാറുണ്ട്. കുനാർ പ്രവിശ്യയിൽ രത്നഖനന പ്രവർത്തനങ്ങൾ അടുത്തകാലത്തായി വർധിച്ചുവരികയാണ്.

കഴിഞ്ഞ ഓഗസ്റ്റിൽ അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ സ്കൂൾ സമുച്ചയത്തിലുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ 9 മുതൽ 14 വയസ്സുവരെയുള്ള 40-ലധികം കുട്ടികൾക്ക് പരുക്കേറ്റിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments