Sunday, November 29, 2026
HomeNewsഡിഎംകെയെ അനുനയിപ്പിക്കാൻ 'ഇന്ത്യ' മുന്നണി ഒന്നടങ്കം ചെന്നൈയിലേക്ക്: കോൺഗ്രസ് നീക്കം ഫലംകണ്ടേക്കില്ലെന്ന് സൂചന

ഡിഎംകെയെ അനുനയിപ്പിക്കാൻ ‘ഇന്ത്യ’ മുന്നണി ഒന്നടങ്കം ചെന്നൈയിലേക്ക്: കോൺഗ്രസ് നീക്കം ഫലംകണ്ടേക്കില്ലെന്ന് സൂചന

ചെന്നൈ: മണ്ഡല പുനർനിർണയ ബില്ല് നാളെ ലോക്‌സഭയിലെത്താനിരിക്കേ, ഡിഎംകെയെ അനുനയിപ്പിക്കാനുള്ള കോൺഗ്രസ് നീക്കം ഫലംകണ്ടേക്കില്ലെന്ന് സൂചന. മണ്ഡല പുനർ നിർണയ ബില്ലിനെ പിന്തുണയ്ക്കാനുള്ള ഡിഎംകെയുടെ തീരുമാനത്തിൽ യാതൊരു മാറ്റവുമില്ലെന്ന് പാർട്ടി വക്താവ് ടി.കെ.എസ്. ഇളങ്കോവൻ പറഞ്ഞു. അവർ വരട്ടെ അന്തിമ തീരുമാനം ഞങ്ങളുടെ നേതാവ് (എം.കെ. സ്റ്റാലിൻ) എടുക്കുമെന്നായിരുന്നു തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെ പ്രതികരണം.

മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കാനുള്ള നീക്കത്തിൽനിന്ന് പിന്മാറണമെന്ന് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എം.കെ. സ്റ്റാലിനോട് അഭ്യർഥിച്ചിട്ടുണ്ട്. ദേശീയ താൽപര്യത്തിനും തമിഴ്നാടിന്റെ താൽപര്യത്തിനും ഭരണഘടനയുടെ സംരക്ഷണത്തിനുമായി ഈ ബില്ലിനെ ഒരുമിച്ച് പരാജയപ്പെടുത്തണമെന്ന രാഹുൽ ഗാന്ധിയുടെ എക്‌സിലൂടെയുള്ള അഭ്യർഥനയ്ക്ക് സ്റ്റാലിൻ മറുപടിയും നൽകിയിട്ടുണ്ട്.

ഭരണഘടനയും സംസ്ഥാനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കുന്നതിൽ ഡിഎംകെയുടെ ചരിത്രപരമായ പങ്ക് അംഗീകരിച്ചതിന് രാഹുൽ ഗാന്ധിക്ക് നന്ദി. തമിഴ്നാടിന്റെയും തമിഴ് ജനതയുടെയും താൽപര്യങ്ങൾക്കാണ് ഞങ്ങൾ എല്ലായ്പ്പോഴും പ്രഥമ പരിഗണന നൽകി തീരുമാനങ്ങൾ എടുത്തിട്ടുള്ളത്. ഈ നിലപാടിൽ ഞങ്ങൾ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല. ചരിത്രം ഞങ്ങളെ കട്ടബൊമ്മന്മാരായിട്ടായിരിക്കും വിലയിരുത്തുകയെന്നും എട്ടപ്പന്മാരായിട്ടല്ലെന്നും എനിക്ക് ഉറപ്പുണ്ട്’, എന്നായിരുന്നു സ്റ്റാലിന്റെ മറുപടി.ബ്രിട്ടീഷുകാർക്കെതിരേ പോരാടിയ വീരപാണ്ഡ്യ കട്ടബൊമ്മനേയും അദ്ദേഹത്തെ ഒറ്റിക്കൊടുത്തെന്ന് കരുതപ്പെടുന്ന എട്ടപ്പയേയും പരാമർശിച്ചുകൊണ്ടുള്ളതാണ് മറുപടി എന്നതും ശ്രദ്ധേയമാണ്.

കോൺഗ്രസ് കേവലം രണ്ട് മന്ത്രിസ്ഥാനത്തിനുവേണ്ടി ടിവികെയ്‌ക്കൊപ്പം ചേർന്നുവെന്ന പരാതി ഡിഎംകെയ്ക്കുണ്ട്. ഇതിനെ സാധൂകരിക്കുന്ന വിധത്തിലുള്ള പ്രതികരണങ്ങൾ പാർട്ടി നേതാക്കൾ നടത്തുകയും ചെയ്തിരുന്നു. കോൺഗ്രസ് പിന്നിൽനിന്ന് കുത്തുന്നവരാണെന്നും മണ്ഡല പുനർനിർണയ വിഷയത്തിൽ ആദ്യം മുതൽക്കേ എല്ലാവരെയും ഒരുമിച്ച് നിർത്താനുള്ള ശ്രമങ്ങൾ നടത്തിയിരുന്നത് ഡിഎംകെയാണെന്നും കഴിഞ്ഞദിവസം സ്റ്റാലിൻ അവകാശപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ഡിഎംകെ ആരെയും വഞ്ചിട്ടില്ലെന്നും തമിഴ്‌നാടിന്റെ താൽപര്യ മാത്രമാണ് തങ്ങൾക്ക് വലുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.അതേസമയം, ഡിഎംകെയെ അനുനയിപ്പിക്കാനുള്ള കോൺഗ്രസ് നീക്കം വൈകിപ്പോയെന്ന് ചില രാഷ്ട്രീയനിരീക്ഷകരും വിലയിരുത്തുന്നു. ശനിയാഴ്ച ഡിഎംകെയുടെ പാർലമെന്ററി പാർട്ടി യോഗം ചേർന്നിരുന്നു. അതിന് മുൻപെങ്കിലും ഇത്തരമൊരു ശ്രമം നടത്തിയിരുന്നെങ്കിൽ അതിന് ചെറിയതോതിലെങ്കിലും പ്രഭാവമുണ്ടാക്കാൻ കഴിയുമായിരുന്നു എന്നാണ് അവരുടെ വിലയിരുത്തൽ. ഇത് വൈകിപ്പോയ യാത്രയാണ് എന്നായിരുന്നു ഡിഎംകെ നേതാക്കളും പറയുന്നത്.

കേവലം രണ്ട് മന്ത്രിസ്ഥാനത്തിന് വേണ്ടി വിശാലമായ ദേശീയസഖ്യത്തിന് കോൺഗ്രസ് വിള്ളലുണ്ടാക്കി എന്നാണ് ഡിഎംകെ ആരോപണം.അതിനിടെ ഡിഎംകെ എംപി കനിമൊഴി, എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തിയെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഖാർഗെയുടെ ഡൽഹിയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ആറുമാസമായി കോൺഗ്രസ് ഒന്നും ചെയ്തില്ലെന്ന് പറഞ്ഞ കനിമൊഴി, മണ്ഡല പുനർനിർണയം ഗൗരവമുള്ള വിഷയമാണെന്നും കൂട്ടിച്ചേർത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments