Friday, October 9, 2026
HomeNewsഗാർഹിക പീഡനങ്ങൾക്കെതിരെ സംസ്ഥാന സർക്കാരിന്റെ ‘സ്പീക്ക് അപ്പ്'

ഗാർഹിക പീഡനങ്ങൾക്കെതിരെ സംസ്ഥാന സർക്കാരിന്റെ ‘സ്പീക്ക് അപ്പ്’

തിരുവനന്തപുരം : സംസ്ഥാനത്ത് വർധിച്ചുവരുന്ന ഗാർഹിക പീഡനങ്ങളും സ്ത്രീധന അതിക്രമങ്ങളും തടയുന്നതിനായി കേരള പൊലീസ് പ്രത്യേക ദൗത്യസേന രൂപീകരിച്ചു. ‘സഹനം മതി, ഇനി ശബ്ദമുയർത്തേണ്ട സമയമാണ്’ എന്ന സന്ദേശമുയർത്തി ‘സ്പീക്ക് അപ്പ്’ എന്ന പേരിലാണ് ദൗത്യസേന പ്രഖ്യാപിച്ചിരിക്കുന്നത്. ഐ.ജി. അജിത ബീഗം ഐ.പി.എസിനാണ് പദ്ധതിയുടെ പ്രത്യേക ചുമതല. ഇതുസംബന്ധിച്ച ഉത്തരവ് സംസ്ഥാന ആഭ്യന്തര വകുപ്പ് പുറത്തിറക്കി.

സ്ത്രീകളെ മാനസികമായും ശാരീരികമായും തകർക്കുന്ന നിശബ്ദ കൊലയാളിയാണ് ഗാർഹിക അതിക്രമങ്ങളെന്ന് പദ്ധതി വിശദീകരിച്ചുകൊണ്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സാമ്പത്തികമോ കുടുംബപരമോ ആയ ഭയം മൂലം ഒരു സ്ത്രീക്കും നീതി നിഷേധിക്കപ്പെടാത്തവിധം ശക്തമായ ഇടപെടലാവും പൊലീസ് നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ഏഴ് വർഷത്തിനിടെ കേരളത്തിൽ 92 സ്ത്രീകളാണ് ഗാർഹിക പീഡനത്തെ തുടർന്ന് മരിച്ചത്. ഭയം കാരണം പലരും മൗനം പാലിക്കുന്ന സാഹചര്യം ഒഴിവാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.പരമ്പരാഗത പൊലീസ് രീതികളിൽ നിന്ന് മാറി അതിജീവിതകളുടെ സ്വകാര്യതയ്ക്ക് പൂർണ്ണ മുൻഗണന നൽകുന്ന രീതിയിലായിരിക്കും ‘സ്പീക്ക് അപ്പ്’ പ്രവർത്തിക്കുക. വിവരം ലഭിച്ചാൽ ഔദ്യോഗിക വേഷത്തിലല്ലാതെയായിരിക്കും പൊലീസ് ഉദ്യോഗസ്ഥർ അതിജീവിതകളുമായി ബന്ധപ്പെടുക. പോക്സോ നിയമത്തിലെ വ്യവസ്ഥകൾക്ക് സമാനമായി ഇവരുടെ വ്യക്തിവിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കും. ഓരോ കേസിനും പ്രത്യേകമായി നിയോഗിക്കുന്ന ഓഫീസർമാർ കേസിന്റെ പുരോഗതി, കൗൺസിലിംഗ്, ഉപജീവന പിന്തുണ തുടങ്ങിയ കാര്യങ്ങൾ ആഴ്ചയിലൊരിക്കൽ വ്യക്തിപരമായി വിലയിരുത്തും.

പരാതികൾ വേഗത്തിൽ രജിസ്റ്റർ ചെയ്യാനും സമയബന്ധിതമായി സഹായം ലഭ്യമാക്കാനുമായി ഡിജിറ്റൽ ഹെൽപ്പ്‌ലൈൻ, വാട്സാപ്പ്, പ്രത്യേക മൊബൈൽ ആപ്പ് എന്നിവയടങ്ങുന്ന പ്രധാന കമാൻഡ് സെന്റർ സജ്ജമാക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്രാദേശിക തലത്തിൽ ഷെൽട്ടർ ഹോമുകളും തൊഴിൽ പരിശീലന കേന്ദ്രങ്ങളും ഒരുക്കാനും പദ്ധതിയുണ്ട്. ഒപ്പം അതിജീവിതകൾക്ക് നിയമസഹായവും കൗൺസിലിംഗും ഉറപ്പാക്കും.

ഗാർഹിക അതിക്രമക്കേസുകളിൽ ശിക്ഷിക്കപ്പെടുന്നവർക്കെതിരെ കടുത്ത നടപടികളുണ്ടാകുമെന്ന് സ്പീക്ക് അപ്പ് മേധാവി ഐ.ജി. അജിത ബീഗം അറിയിച്ചു. കുറ്റക്കാരാകുന്നവർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും പാസ്‌പോർട്ടും നിഷേധിക്കുന്നതടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുന്ന കാര്യം പരിഗണനയിലാണെന്ന് അവർ വ്യക്തമാക്കി. 1973-ൽ രാജ്യത്ത് ആദ്യമായി വനിതാ പൊലീസ് സംവിധാനം ആരംഭിച്ച കേരളത്തിന്റെ പൊലീസ് ചരിത്രത്തിലെ മറ്റൊരു പ്രധാന ചുവടുവയ്പ്പാണ് ‘സ്പീക്ക് അപ്പ്’.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments